
ബംഗ്ലൂരു : എംഎൽഎമാരിൽ ഭൂരിഭാഗവും പിന്തുണച്ച സാഹചര്യത്തിൽ കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായേക്കും. കേന്ദ്ര നിരീക്ഷകർക്കു മുന്നിലും കർണാടകയിലെ ഭൂരിപക്ഷം എംഎൽഎമാർ സിദ്ധരാമയ്യയെ പിന്തുണച്ചതോടെ അദ്ദേഹം തന്നെ കർണാടക മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായി.
ഇന്ന് തന്നെ ദില്ലിയിൽ ചർച്ചകൾ പൂർത്തിയാക്കി രാത്രിയോടെ എഐസിസി പ്രസിഡന്‍റ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചേക്കും. ഡികെയെയും സിദ്ധരാമയ്യയെയും ദില്ലിയിലേക്ക് വിളിപ്പിച്ചെങ്കിലും ശിവകുമാർ യാത്രയ്ക്ക് തയാറായില്ല.
വീണ്ടുമൊരിക്കൽ കൂടി കർണാടക മുഖ്യമന്ത്രിയാകാനുള്ള വഴി സിദ്ധരാമയ്യയ്ക്ക് മുന്നിൽ തെളിയുകയാണ്. ബംഗളൂരുവിൽ നിയമസഭാ കക്ഷിയോഗത്തിന് ശേഷം എംഎൽഎമാരെ ഓരോരുത്തരെയും കണ്ട് എഐസിസി നിരീക്ഷകർ അഭിപ്രായം തേടി. പുലർച്ചെ രണ്ടരവരെ നീണ്ട നടപടിക്കൊടുവിൽ സിദ്ധരാമയ്യ്ക്കൊപ്പമെന്ന് ഭൂരിഭാഗവും നിലപാടെടുത്തു. ഈ റിപ്പോർട്ടുമായാണ് നിരീക്ഷകരും കെസി വേണുഗോപാൽ അടക്കമുള്ള എഐസിസി പ്രതിനിധികളും ദില്ലിയിക്ക് മടങ്ങിയത്. ഇന്ന് തന്നെ ദില്ലിയിൽ ചർച്ചകൾ പൂർത്തിയാക്കി രാത്രിയോടെ എഐസിസി പ്രസിഡന്‍റ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചേക്കും. അങ്ങനെയെങ്കിൽ ബുധനാഴ്ച സത്യപ്രതിഞ്ജയുണ്ടാവും.
മുഖ്യമന്ത്രി സ്ഥാനം പങ്കിടാം, ഫോർമുല മുന്നോട്ട് വച്ച് സിദ്ധരാമയ്യ; അതൃപ്തി മറച്ചുവെക്കാതെ ഡികെ
രാവിലെ ഹോട്ടലിലേക്കെത്തിയ ഡി കെ ശിവകുമാർ ഒരുവട്ടം കൂടി നിരീക്ഷകരെയും എഐസിസി പ്രതിനിധികളെയും എംഎൽഎമാരെയും കണ്ടു. ഡികെയെയും സിദ്ധരാമയ്യയെയും ദില്ലിയിലേക്ക് വിളിപ്പിച്ചിരുന്നെങ്കിലും താൻ പോവുന്നില്ലെന്ന് ശിവകുമാർ പുറത്ത് വന്ന ശേഷം മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പിന് വേണ്ടതെല്ലാം താൻ ചെയ്ത് കഴിഞ്ഞെന്നും ഇന്ന് തന്നെ കാണാനെത്തിയ പ്രവർത്തകർക്കായി മാറ്റിവയ്ക്കുകയാണെന്നും പറഞ്ഞതോടെ നീരസം വ്യക്തമായി.
ഡികെയോ സിദ്ധയോ ? മൂന്നാം ദിനം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമോ? തീരുമാനമാകാതെ കർണാടകം!
ഡികെയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രിസ്ഥാനം പങ്കിടാമെന്ന് സിദ്ധരാമയ്യ സമ്മതിച്ചിട്ടുണ്ട്. പക്ഷെ ആദ്യ ടേം നൽകില്ല. ഉപമുഖ്യമന്ത്രിപദം നേരത്തെ വാഗ്ദാനം ചെയ്തിരുന്നെങ്കിലും അങ്ങനെയെങ്കിൽ ഒരൊറ്റ മുഖ്യമന്ത്രി മതിയെന്ന് ശിവകുമാർ കടുംപിടുത്തം പിടിക്കുകയായിരുന്നു. വിവിധ സമുദായങ്ങളെ തൃപ്തിപ്പെടുത്താൻ ഒന്നിലേറെ ഉപമുഖ്യമന്ത്രിമാർ എന്ന ഫോർമുലയാണ് ദേശീയ നേതൃത്വത്തിന് മുന്നിലുണ്ടായിരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam