ജി20 ഉച്ചകോടി: പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷിയോഗത്തിൽ ആരൊക്കെ പങ്കെടുക്കും? പ്രതിപക്ഷ നിരയില്‍ ആശയക്കുഴപ്പം

By Web TeamFirst Published Nov 27, 2022, 1:23 PM IST
Highlights

യോഗത്തില്‍ പങ്കെടുക്കേണ്ടെന്നാണ് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ തീരുമാനമെങ്കില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി യോഗത്തിനെത്തും. 

ദില്ലി : ജി 20 ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച സര്‍വ കക്ഷി യോഗത്തില്‍ പങ്കെടുക്കുന്നതില്‍ പ്രതിപക്ഷ കക്ഷികളില്‍ ഭിന്നത. യോഗത്തില്‍ പങ്കെടുക്കേണ്ടെന്നാണ് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ തീരുമാനമെങ്കില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി യോഗത്തിനെത്തും. 

ഡിസംബര്‍ ഒന്ന് മുതല്‍ ജി ഇരുപത് ഉച്ചകോടിയുടെ അധ്യക്ഷ സ്ഥാനം വഹിക്കുന്നതിലുള്ള സന്തോഷം അറിയിച്ചാണ് മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി സംസാരിച്ചത്. സെപ്റ്റംബറില്‍ ഉച്ചകോടി നടക്കുമ്പോള്‍ സമസ്തമേഖലകളുടെയും ഉണര്‍വാണ് ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിവിധ തലങ്ങളില്‍ ചര്‍ച്ച നടക്കും. ആ ചര്‍ച്ചകളുടെ ആകെ തുകയായിരിക്കും ഇന്ത്യയുടെ നിലപാടായി ഉച്ചകോടിയില്‍ അവതരിപ്പിക്കുക. ഇതിന് മുന്നോടിയായാണ് അടുത്ത അഞ്ചിന് പ്രധാനമന്ത്രി സര്‍വ കക്ഷിയോഗം വിളിച്ചിരിക്കുന്നത്.

യോഗത്തില്‍ പങ്കെടുക്കുന്നതില്‍ പതിവ് പോലെ പ്രതിപക്ഷ നിരയില്‍ ആശയക്കുഴപ്പവും ഭിന്നതയും പ്രകടമാണ്. തെലങ്കാനയില്‍ ബിജെപിയുമായി പോരടിക്കുമ്പോള്‍ ഉച്ചകോടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ടി ആര്‍എസിന്‍റെ രാഷ്ട്രീയ തീരുമാനമായും സംസ്ഥാനത്തിന്‍റെ  നിലപാടായും മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു അറിയിച്ചു കഴിഞ്ഞു. എന്നാല്‍ തെലങ്കാനയിലെ നെയ്ത്ത് തൊഴിലാളി തയ്യാറാക്കി അയച്ചു തന്ന ജി 20 ഉച്ചകോടിയുടെ ലോഗോ മന്‍ കി ബാത്തില്‍ പ്രദര്‍ശിപ്പിച്ച് തെലങ്കാനയുടെ പൊതുവികാരം ഉച്ചകോടിക്ക്  അനുകൂലമാണെന്ന് പ്രധാനമന്ത്രി തിരിച്ചടിക്കുകയും ചെയ്തു.

'മർദ്ദനം സ്റ്റേഷനിൽ വെച്ച്, മർദ്ദിച്ചത് ആരാണെന്നറിയില്ല'; കിളികൊല്ലൂർ കേസിൽ പൊലീസിനെ സംരക്ഷിച്ച് റിപ്പോർട്ട്

ഉച്ചകോടി രാജ്യത്തിനാകെ നേട്ടമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് തന്‍റെ സാന്നിധ്യമുണ്ടാകുമെന്ന് മമത ബനാര്‍ജി പ്രഖ്യാപിച്ചിരിക്കുന്നത്. ഇടത് കക്ഷികളുമായി നടത്തിയ ചര്‍ച്ചയില്‍ ഉച്ചകോടിയില്‍ പങ്കെടുക്കാമെന്ന നിലപാടാണ് തമിഴ് നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും മുന്‍പോട്ട് വച്ചിരിക്കുന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിന്ഹനമാണ്  ഉച്ചകോടിയുടെ ലോഗോയില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന വിമര്‍ശനമുയര്‍ത്തിയ കോണ്‍ഗ്രസ് ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല. ഉച്ചകോടിയോടനുബന്ധിച്ച് സംസ്ഥാനങ്ങളിലും പരിപാടികള്‍ സംഘടിപ്പിച്ച് ഒപ്പം കൊണ്ടുപോകാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. പ്രതിപക്ഷം നിസഹകരിച്ചാല്‍ അത് രാജ്യാന്തര തലത്തില്‍ സര്‍ക്കാരിന് ക്ഷീണമാകും.  

click me!