മധ്യപ്രദേശിൽ രാജിയിൽ അനുനയം? വിമതരെ തിരിച്ചെത്തിക്കാൻ മന്ത്രിമാരെല്ലാം രാജിവച്ചു

By Web TeamFirst Published Mar 10, 2020, 12:01 AM IST
Highlights

മുഖ്യമന്ത്രി കമൽനാഥിന്‍റെ നേതൃത്വത്തിൽ ഭോപ്പാലിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. അതേസമയം, ബംഗളുരുവിലെത്തിച്ച വിമതരെ സിന്ധ്യ യലഹങ്കയിലെ റിസോർട്ടിലേക്ക് മാറ്റും. 

ഭോപ്പാൽ/ ബംഗളുരു: മധ്യപ്രദേശിൽ 'കാണാതായ' വിമതരെ അനുനയിപ്പിക്കാൻ പതിനെട്ടടവും പയറ്റി കോൺഗ്രസ്. സർക്കാരിനെ നിലനിർത്താൻ, മന്ത്രിസഭയിലെ മുഴുവൻ മന്ത്രിമാരും രാജിവച്ചതായി മുഖ്യമന്ത്രി കമൽനാഥ് പ്രഖ്യാപിച്ചു. മുഖ്യമന്ത്രിക്കാണ് മന്ത്രിമാർ രാജി സമർപ്പിച്ചത്. പാർട്ടിയിൽ വിമതനായി മാറി നിൽക്കുന്ന ജ്യോതിരാദിത്യ സിന്ധ്യ കടത്തിക്കൊണ്ടുപോയ 19 എംഎൽഎമാരെ അനുനയിപ്പിക്കാനാണ് നീക്കം. ഇവർക്കെല്ലാം മന്ത്രിപദവിയാണ് കമൽനാഥ് നൽകുന്ന വാഗ്ദാനം. രാത്രിയിൽ ഭോപ്പാലിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ഇതിന് പിന്നാലെ ജ്യോതിരാദിത്യസിന്ധ്യയ്ക്ക് സംസ്ഥാനത്തെ കോൺഗ്രസ് അധ്യക്ഷപദവിയും കമൽനാഥ് വച്ചുനീട്ടുന്നു.

പക്ഷേ, സിന്ധ്യ കടത്തിക്കൊണ്ടുപോയവരിൽ അഞ്ച് പേർ നിലവിൽ മന്ത്രിമാരാണ് എന്നത് ഈ സമവായഫോർമുലയും ഫലം കാണുമോ എന്ന സംശയം ജനിപ്പിക്കുന്നതാണ്. ചെറിയ മീനുകളല്ല ഇത്തവണ കോൺഗ്രസ് ക്യാമ്പിൽ നിന്ന് ചാടിപ്പോയിരിക്കുന്നത്. മധ്യപ്രദേശിലെ കോൺഗ്രസിന്‍റെ മുഖങ്ങളിലൊരാളായ ശക്തനായ നേതാവാണ് ജ്യോതിരാദിത്യ സിന്ധ്യ. രാഹുൽ ബ്രിഗേഡിലെ പ്രമുഖരിലൊരാൾ. സിന്ധ്യയുടെ ക്യാമ്പിൽ അഞ്ച് മന്ത്രിമാരടക്കമുണ്ട്.  ആരോഗ്യമന്ത്രി തുൾസി സിലാവത്ത്, തൊഴിൽമന്ത്രി മഹേന്ദ്ര സിംഗ് സിസോദിയ, ഗതാഗതമന്ത്രി ഗോവിന്ദ് സിംഗ് രാജ്പുത്, വനിതാശിശുക്ഷേമമന്ത്രി ഇമാർതി ദേവി, ഭക്ഷ്യവകുപ്പ് മന്ത്രി പ്രദ്യുമ്ന സിംഗ് തോമർ, വിദ്യാഭ്യാസമന്ത്രി ഡോ. പ്രഭുര ചൗധരി എന്നിവർ അടക്കമുള്ളവരെയാണ് കാണാതായിരിക്കുന്നത്.

ഇത്ര പെട്ടെന്ന്, ഇത്ര വലിയൊരു നീക്കം സിന്ധ്യ നടത്തിയതിന് പിന്നിൽ സ്ഥാനമാനങ്ങൾ പാർട്ടിയിൽ കിട്ടാത്തതിലുള്ള അദ്ദേഹത്തിന്‍റെ അതൃപ്തിയോ, വിലപേശലോ മാത്രമല്ലെന്ന സൂചനയാണ് ലഭിക്കുന്നത്. സംസ്ഥാനഘടകം പിളർത്തി 19 എംഎൽഎമാരെ സിന്ധ്യ ബിജെപിയിലേക്ക് കൊണ്ടുപോകാനൊരുങ്ങുകയാണെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. 

സർക്കാർ പ്രതിസന്ധിയിലായതിന് പിന്നാലെ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാൻ പാർട്ടി ദേശീയാധ്യക്ഷൻ ജെ പി നദ്ദയുമായും അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയെന്നതും ശ്രദ്ധേയമാണ്. യോഗത്തിന് പിന്നാലെ ശിവ്‍രാജ് സിംഗ് അടിയന്തരമായി നാളെ രാവിലെത്തന്നെ ഭോപ്പാലിലെത്തുമെന്നും തീരുമാനമായി. 

എട്ട് എംഎൽഎമാരെ ഹരിയാനയിലെ ഗുഡ്ഗാവിലുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ ബിജെപി 'തടങ്കലിൽ വച്ചു'വെന്ന് കോൺഗ്രസ് ആരോപിക്കുകയും ഇതിൽ നാല് പേരെ തിരികെ ചാടിച്ചുകൊണ്ടുവരികയും ചെയ്ത് ദിവസങ്ങൾക്കുള്ളിലാണ് കോൺഗ്രസിന്‍റെ ഉറച്ച നേതാവ് സിന്ധ്യ തന്നെ സ്വന്തം എംഎൽഎമാരെ ദുരൂഹമായി കടത്തിക്കൊണ്ടുപോയിരിക്കുന്നത്.

കുതിരക്കച്ചവടം ഭയന്ന് എല്ലാ എംഎൽഎമാരെയും സർക്കാരിനെ താങ്ങി നിർത്തുന്ന സ്വതന്ത്രരെയും 'ഐസൊലേഷൻ വാർഡി'ലേക്ക് മാറ്റിയ കോൺഗ്രസ് ചാടിപ്പോയ എംഎൽഎമാരെ കാണാതെ, ഒരു വിവരവും കിട്ടാതെ വിയ‍ർത്തു. ഒടുവിലാണ് ചാർട്ടേഡ് വിമാനത്തിൽ ഈ എംഎൽഎമാരെ ബംഗളുരുവിലേക്ക് മാറ്റിയെന്ന് വിവരം കിട്ടിയത്. 

231 അംഗനിയമസഭയാണെങ്കിലും, രണ്ട് എംഎൽഎമാർ മരിച്ചതിനാൽ, നിലവിൽ 228 അംഗങ്ങൾ മാത്രമാണ് നിയമസഭയിലുള്ളത്. ഇതിൽ കോൺഗ്രസിന്‍റെ അംഗബലം 114 ആണ്. ബിജെപി 107. ബാക്കിയുള്ള ഒമ്പത് സീറ്റുകളിൽ രണ്ടെണ്ണം ബിഎസ്‍പിയുടേതാണ്. എസ്‍പിക്ക് ഒരു എംഎൽഎയുണ്ട്. നാല് സ്വതന്ത്രരാണ് ബാക്കിയുള്ളവർ.

അതായത് കേവലഭൂരിപക്ഷമായ 114-ൽ കഷ്ടിച്ച് അടിയുറപ്പിച്ച് നിൽക്കുകയാണ് കമൽനാഥ് സർക്കാർ. ഒരാൾ അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ, സർക്കാർ തവിടുപൊടി. 

click me!