'ദില്ലിയിലെ ജനങ്ങളോട് നിങ്ങൾക്കെന്താണിത്ര ദേഷ്യം', കേന്ദ്രത്തോട് പൊട്ടിത്തെറിച്ച് കെജ്രിവാൾ

By Web TeamFirst Published Mar 21, 2023, 12:23 PM IST
Highlights

അവരുടെ ബജറ്റ് പാസാക്കിത്തരാൻ ദില്ലി ജനത നിങ്ങളോട് കൂപ്പുകൈകളോടെ യാചിക്കുകയാണ്. ഇന്ന് ദില്ലി നിയമസഭയിൽ ബജറ്റ് പാസാക്കേണ്ടതായിരുന്നു. എന്നാൽ കേന്ദ്രം ബജറ്റ് ബ്ലോക്ക് ചെയ്തു. 

ദില്ലി: ബജറ്റ് വിഷയത്തിൽ കേന്ദ്രസർക്കാരിനോട് പൊട്ടിത്തെറിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ദില്ലി ബജറ്റ് തടയരുതെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കെജ്രിവാൾ കത്തെഴുതി. രാജ്യത്തിന്റെ 75 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ബജറ്റ് തടയുന്ന നീക്കമെന്നും ദില്ലി ജനതയോട് നിങ്ങൾക്കെന്താണ് ഇത്ര ദേഷ്യമെന്നും കെജ്രിവാൾ കത്തിലൂടെ ചോദിച്ചു. ഇന്ന് അവതരിപ്പിക്കേണ്ട ദില്ലി ബജറ്റ് അവതരിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കെജ്രിവാളിന്‍റെ നീക്കം. 

'ബജറ്റ് പാസാക്കിത്തരാൻ ദില്ലി ജനത നിങ്ങളോട് കൂപ്പുകൈകളോടെ യാചിക്കുകയാണ്. ഇന്ന് ദില്ലി നിയമസഭയിൽ ബജറ്റ് പാസാക്കേണ്ടതായിരുന്നു. എന്നാൽ കേന്ദ്രം ബജറ്റ് ബ്ലോക്ക് ചെയ്തു. ഇത് തെമ്മാടിത്തരമാണ്.' കെജ്രിവാൾ പറഞ്ഞു.  ബജറ്റ് പാസാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ന് മുതൽ സർക്കാർ ഡോക്ടർമാർക്കും അധ്യാപകർക്കും ശമ്പളം മുടങ്ങുമെന്നും കെജ്രിവാൾ പറഞ്ഞിരുന്നു. 

ലെഫ്നന്റ് ​ഗവർണർ വികെ സക്സേന ചൂണ്ടിക്കാട്ടിയ വിഷയത്തിനുശേഷം ബജറ്റ് കേന്ദ്രത്തിന് വീണ്ടും അയക്കാൻ ദില്ലി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പരസ്യങ്ങൾക്കും മറ്റും നീക്കിവെച്ച വലിയ തുകയും അടിസ്ഥാന സൗകര്യങ്ങൾക്കും വികസന പ്രവർത്തനങ്ങൾക്കും നീക്കിവെച്ച താരതമ്യേനയുള്ള ചെറിയ തുകയും എന്തുകൊണ്ടാണെന്ന് വിശദീകരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദില്ലി സർക്കാരിനോട് ആവശ്യപ്പെട്ടതായാണ് വിവരം. അതേസമയം, നാലു ദിവസം മുമ്പ് തന്നെ ദില്ലി സർക്കാരിനോട് ചില വിഷയങ്ങളിൽ വിശദീകരണം ചോദിച്ചുവെന്നാണ് ലെഫ്റ്റനന്റ് ​ഗവർണർ പറയുന്നത്. 

പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധം; നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു

അതേസമയം, പ്രതിപക്ഷ പാര്‍ട്ടികളുമായി ബിജെപിയെ നേരിടാനാണ് കെജ്രിവാളിന്‍റെ നീക്കം. ഇക്കാര്യം കാണിച്ച് ഏഴു മുഖ്യമന്ത്രിമാര്‍ക്ക് കെജ്രിവാള്‍ കത്തെഴുതിയതായി വിവരം പുറത്തുവന്നിരുന്നു. എന്നാല്‍ തെലങ്കാന മുഖ്യമന്ത്രി മാത്രമാണ് കത്തിന് മറുപടി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. അനാരോഗ്യം മൂലം വരാന്‍ കഴിയില്ലെന്ന് അറിയിച്ചുവെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

click me!