
ദില്ലി : ഇലക്ട്രൽ ബോണ്ട് വാങ്ങിയവരുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതിനിടെ സർക്കാരിനെതിരായ പ്രചാരണം ശക്തമാക്കി പ്രതിപക്ഷം. ഇലക്ട്രൽ ബോണ്ട് അഴിമതിയിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. സാൻറിയാഗോ മാർട്ടിൻ കഴിഞ്ഞ വർഷം ധനമന്ത്രി നിർമ്മല സീതാരാമനെ കണ്ടിരുന്നെന്നും കോൺഗ്രസ് ആരോപിച്ചു. സർക്കാരിന്റെ കരാർ നേടിയ പല കമ്പനികളും ബോണ്ടുകൾ വാങ്ങിയത് അഴിമതി നടന്നതിന്റെ തെളിവാണെന്ന് കോൺഗ്രസ് ആരോപിച്ചു. കോടികൾ നഷ്ടമായ കാളീശ്വരം പദ്ധതിക്ക് കരാർ കിട്ടിയ മേഘാ കൺസ്ട്രക്ഷൻസ് ആണ് കൂടുതൽ ബോണ്ടുകൾ വാങ്ങിയവരുടെ പട്ടികയിൽ രണ്ടാമതെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി.
ഫ്യൂച്ചർ ലോട്ടറീസ് ഉടമ സാൻറിയാഗോ മാർട്ടിന്റെ മകൻ 2015ൽ ബിജെപിയിൽ ചേർന്നിരുന്നു. സാൻറിയാഗോ മാർട്ടിൻ കഴിഞ്ഞ വർഷം ധനമന്ത്രി നിർമ്മല സീതാരാമനെ കണ്ടത് എന്തിനെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് ചോദിച്ചു. നരേന്ദ്ര മോദി അഴിമതിയുടെ എവസ്റ്റ് കയറിയെന്നാരോപിച്ച കോൺഗ്രസ് സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണവും ആവശ്യപ്പെട്ടു.പണം തട്ടാനുള്ള വൻ കുംഭകോണം പുറത്തായെന്ന് സിപിഎമ്മും ആരോപിച്ചു.
ബിജെപിക്ക് കിട്ടിയതിന്റെ ഇരട്ടിയിലധികം തുക പ്രതിപക്ഷം സ്വീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ തിരിച്ചടിക്കുന്നത്. പല രാഷ്ട്രീയപാർട്ടികൾക്കും ബോണ്ട് കിട്ടിയത് ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തരമന്ത്രി അമിത് ഷാ തിരിച്ചടിക്കുന്നത്. 20,000 കോടിയിൽ 303 എംപിമാരുള്ള ബിജെപിക്ക് 6,000 കോടി മാത്രമാണ് കിട്ടിയതെന്ന് അമിത് ഷാ ന്യായീകരിച്ചു. 242 എംപിമാരുള്ള പാർട്ടികൾക്ക് പതിനാലായിരം കോടി കിട്ടിയെന്നും അമിത് ഷാ ഒരു മാധ്യമ കോൺക്ളേവിൽ ആരോപിച്ചു. പന്ത്രണ്ടായിരം കോടിയുടെ ബോണ്ടുകളുടെ വിവരം മാത്രം പുറത്തുവന്നിരിക്കെയാണ് ഇരുപതിനായിരം കോടിയുടെ കണക്ക് അമിത് ഷാ ഉന്നയിക്കുന്നത്. സർക്കാർ ന്യായീകരിക്കുമ്പോഴും ബോണ്ടുകൾ വൻ അഴിമതിയാണെന്ന വാദം ഉറപ്പിക്കാൻ പുറത്തു വന്ന വിവരങ്ങൾ സഹായിച്ചെന്ന വിലയിരുത്തലിലാണ് പ്രതിപക്ഷം.