
ദില്ലി: ഐക്യരാഷ്ട്ര സഭയിൽ റഷ്യയ്ക്കെതിരായ പ്രമേയത്തിൻറെ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നത് സമാധാന ശ്രമങ്ങൾക്ക് ഇടം നൽകാനെന്ന് ഇന്ത്യ. റഷ്യയെ പിണക്കിയത് കൊണ്ട് ഒരു കാര്യവുമില്ലെന്ന് ഇന്ത്യ വിലയിരുത്തി. ഇന്ത്യ, ചൈന, യുഎഇ എന്നീ രാജ്യങ്ങളാണ് റഷ്യക്കെതിരായ യുഎൻ പ്രമേയത്തിൻറെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത്.
ഒൻപത് വരിയുള്ള പ്രസ്താവനയാണ് നിലപാട് വിശദീകരിച്ച് ഇന്ത്യ നടത്തിയത്. യുക്രൈനിലെ ഇപ്പോഴത്തെ സംഭവങ്ങളിൽ വലിയ അസ്വസ്ഥതയുണ്ട്. അക്രമം അവസാനിപ്പിക്കണം. മനുഷ്യ ജീവൻ ഇല്ലാതാക്കി ഒരു വിഷയവും പരിഹരിക്കാനാവില്ല. യുഎൻ ചട്ടങ്ങൾ പാലിക്കണം. എല്ലാ രാജ്യങ്ങളുടെയും പരാമാധികാരവും അഖണ്ഡതയും സംരക്ഷിക്കണം. ചർച്ചയിലൂടെ മാത്രമേ ഇപ്പോഴത്തെ വിഷയങ്ങൾ പരിഹരിക്കാൻ കഴിയുകയുള്ളൂ. ഈ സാഹചര്യത്തിൽ ചർച്ചയ്ക്കുള്ള എല്ലാ വഴിയും തേടണം. ഈ കാരണം കൊണ്ട് വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കുന്നുവെന്നായിരുന്നു വിശദീകരണം.
സമാധാനത്തിന് ഒരിടം കൂടി നൽകാനാണ് തീരുമാനം എന്ന് സർക്കാർ പറയുന്നു. റഷ്യയെ തള്ളിയത് കൊണ്ടു മാത്രം ഇപ്പോഴത്തെ സംഘർഷം അവസാനിപ്പിക്കാൻ കഴിയില്ലെന്നാണ് ഇന്ത്യ വിലയിരുത്തുന്നത്. ഇന്ത്യയ്ക്കും റഷ്യയ്ക്കും ഇടയിൽ നല്ല ബന്ധമാണുള്ളത്. തത്കാലം ഒറ്റ വോട്ടു കൊണ്ട് ഇത് തകർക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. ഇരു രാജ്യങ്ങൾക്കുമിടയിലെ ആയുധ കരാറുകളും വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിൽക്കാൻ കാരണമായി. ചൈനയും പാകിസ്ഥാനും യോജിച്ച് നിൽക്കുമ്പോൾ റഷ്യയെക്കൂടി ആ അച്ചുതണ്ടിൽ ചേർക്കേണ്ടതില്ലെന്നാണ് ഇന്ത്യ കരുതുന്നത്. ചൈന അതിർത്തിയിൽ കടന്നുകയറ്റം നടത്തിയപ്പോൾ അമേരിക്കയേക്കാൾ ഇന്ത്യയോട് ചേർന്ന് നിന്നത് റഷ്യയാണെന്നതും പ്രധാനമാണ്. കശ്മീരിന്റെ കാര്യത്തിലും മോദിയുടെ നയത്തെ പുട്ടിൻ എതിർത്തിരുന്നില്ല.
എന്നാൽ വരും നാളുകളിൽ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും അതൃപ്തി ഇന്ത്യയ്ക്ക് നേരിടേണ്ടി വരുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഇത് പരിഹരിക്കാനുള്ള നീക്കങ്ങൾ തുടങ്ങാനും ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. സമാധാനത്തിന് ഇടം നൽകാനാണ് വിട്ടു നിന്നതെന്ന് വിശദീകരിക്കുമ്പോൾ, ഇന്ത്യയ്ക്ക് എന്തെങ്കിലും മധ്യസ്ഥ നീക്കം നടത്താൻ കഴിയുമോ എന്ന് കൂടി വ്യക്തമാകേണ്ടതുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam