
മുംബൈ: ആർമിയിൽ ചേരാനൊരുങ്ങി രാജ്യത്തിനുവേണ്ടി വിരമൃത്യു വരിച്ച ജവാന്റെ ഭാര്യ. കൊല്ലപ്പെട്ട മേജർ വിഭുതി ശങ്കർ ധൗണ്ടിയാലിന്റെ ഭാര്യ നിതിക കൗൾ(28) ആണ് ഭര്‍ത്താവിനോടുള്ള ആദര സൂചകമായി ആർമിയിൽ ചേരാനൊരുങ്ങുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ജമ്മു കശ്മീരിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിലാണ് വിഭുതി ശങ്കർ വീരമൃത്യു വരിച്ചത്.
ഷോർട്ട് സർവീസ് കമ്മീഷൻ (എസ്എസ്എൽസി) പരീക്ഷയും അഭിമുഖവും പൂർത്തിയാക്കിയ നിതിക കൗൾ മെറിറ്റ് ലിസ്റ്റ് പ്രഖ്യാപിക്കുന്നതിനായി കാത്തിരിക്കുകയാണ്. മെറിറ്റ് ലിസ്റ്റിൽ ഇടം നേടിയാൽ നിതിക ഒരു കേഡറ്റായി സേനയിൽ ചേരും. മാതാപിതാക്കളോടൊപ്പം ദില്ലിയിൽ താമസിക്കുന്ന നികിത നിലവിൽ ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ജോലി ചെയ്ത് വരികയാണ്.
വിഭുതി ശങ്കറിനോടുള്ള ആദര സൂചകമായാണ് താൻ ആർമിയിൽ ചേരുന്നതെന്ന് നിതിക പറയുന്നു. വിഭുതി ശങ്കറിനെപ്പോലെ ഒരു നല്ല ഉദ്യോഗസ്ഥയായിരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും നിതിക കൂട്ടിച്ചേർത്തു.
“വലിയ നഷ്ടത്തിൽ നിന്ന് കരകയറാൻ എനിക്ക് ഒത്തിരി സമയം വേണ്ടി വന്നു. ഇതിനിടയിലാണ് ഷോർട്ട് സർവീസ് കമ്മീഷൻ പരീക്ഷയ്ക്ക് ഹാജരാകാനുള്ള തീരുമാനമുണ്ടായത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഫോം പൂരിപ്പിക്കുന്നത്. എന്റെ ഭർത്താവിനെപ്പോലെ സമാനമായ പാതയിലൂടെ നടക്കാൻ ഞാൻ ആഗ്രഹിക്കുന്നു,“
“എന്റെ ഭർത്താവ് ആർമിയിലേക്ക് പോകാനുള്ള പരീക്ഷ എഴുതിയ അതേ അവസ്ഥയിലൂടെ ഞാനും കടന്നു പോകയാണെന്ന് ആ നിമിഷം എനിക്ക് തോന്നി… ഇത് എന്നെ വിഭുവിനോട് കൂടുതൽ അടുപ്പിച്ചു,“ എന്നും നിതിക പറഞ്ഞു.
സൈന്യത്തിൽ ചേരാനുള്ള തീരുമാനത്തെ ഇരു കുടുംബങ്ങളും തുടക്കത്തിൽ എതിർത്തുവെങ്കിലും നിതികയുടെ ഉറച്ച തീരുമാനത്തിൽ അവർ സമ്മതം മൂളുകയുമായിരുന്നുവെന്ന് അടുത്ത ബന്ധുക്കൾ പറഞ്ഞു. ഇരുവരുടെയും വിവാഹം കഴിഞ്ഞ് പത്ത് മാസം കഴിഞ്ഞപ്പോഴാണ് വിഭുതി ശങ്കർ രാജ്യത്തിനായി വീരമൃത്യു വരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam