
ചണ്ഡിഗഡ്: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഹരിയാന പൊലീസിന് ആയിരം പിപിഇ കിറ്റുകള്‍ നല്‍കി പുല്‍വാമയില്‍ വീരമൃത്യുവരിച്ച മേജറിന്‍റെ ഭാര്യ. ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദുമായുള്ള ആക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ മേജർ വിഭുതി ശങ്കർ ധൗണ്ടിയാലിന്റെ ഭാര്യ നിതിക കൗളാണ് കൊവിഡ് 19 വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പൊലീസുമായി കൈകോര്‍ത്തത്.
മാസ്ക്, ഗ്ലൌസ്, ഗോഗിള്‍ അടക്കമുള്ളവയാണ് ഈ കിറ്റുകള്‍. നിതിക കൌളിന് നന്ദി അറിയിച്ച് ഫരീദാബാദ് പൊലീസാണ് വിവരം ട്വിറ്ററില്‍ പങ്കുവച്ചത്. രാജ്യം മഹാമാരിക്കെതിരായ പോരാടുന്ന സമയത്ത് നിതിക ചെയ്തത് പ്രശംസനീയമായ കാര്യമാണെന്നാണ് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടര്‍ പ്രതികരിച്ചത്. പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ കശ്‌മീർ താഴ്‌വരയിൽ സൈന്യം നടത്തിയ ആക്രമണത്തിലാണ് ഠൗണ്ഡിയാൽ കൊല്ലപ്പെട്ടത്.
സൈന്യത്തിന്റെ ആക്രമണത്തിൽ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ കമാൻഡർ അടക്കം നാലു ഭീകരരാണ് കൊല്ലപ്പെട്ടത്. 17 മണിക്കൂർ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലായിരുന്നു ഭീകരരെ സൈന്യം വധിച്ചത്. പോരാട്ടത്തിൽ മേജർ ഠൗണ്ഡിയാൽ അടക്കം നാല് ഇന്ത്യൻ സൈനികർക്കാണ് ജീവൻ നഷ്ടമായത്. ഇരുവരുടെയും വിവാഹം കഴിഞ്ഞ് പത്ത് മാസം കഴിഞ്ഞപ്പോഴാണ് വിഭുതി ശങ്കർ രാജ്യത്തിനായി വീരമൃത്യു വരിച്ചത്.