
ദില്ലി: കാമുകനൊപ്പം കഴിയാൻ ഭർത്താവിനെ കൊന്ന് മൃതദേഹം കനാലിൽ തള്ളിയ സംഭവത്തിൽ ഭാര്യയും കാമുകനും ദില്ലി പൊലീസിന്‍റെ പിടിയിൽ. 34 കാരിയായ സോണിയയും കാമുകൻ രോഹിത്തുമാണ് പിടിയിലായത്. സോണിയയുടെ ഭർത്താവും നിരവധി കേസിൽ പ്രതിയുമായ കുപ്രസിദ്ധ കുറ്റവാളിയുമായ പ്രീതം പ്രകാശാണ് ദില്ലിയിലെ അലിപൂരിലുള്ള വീട്ടിൽവെച്ച് കൊല്ലപ്പെട്ടത്. രാത്രി ഉറങ്ങിക്കിടന്ന പീത്രത്തെ കൊലപ്പെടുത്തിയ ശേഷം സോണിയയും രോഹിത്തും മൃതദേഹം സംസ്ഥാന അതിർത്തിയിലുള്ള കനാലിൽ ഉപേക്ഷിക്കുകയായിരുന്നു. ആരുമറിയാതിരുന്ന കൊലപാതകം പുറത്തായത് പ്രതികളുടെ കൈപ്പിഴവുകൊണ്ടാണെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട പ്രീതം പ്രകാശിന്‍റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷമാണ് പ്രതികളെ കുടുക്കിയത്.
16 വയസ്സുള്ളപ്പോഴാണ് 42 വയസ്സുള്ള പ്രീതമിനെ സോണിയ വിവാഹം കഴിക്കുന്നത്. ഇവർക്ക് ഒരു മകനും രണ്ട് പെൺകുട്ടികളും ഉണ്ട്. മയക്കുമരുന്നിന് അടിമയായ പ്രീതം സോണിയയെ നിരന്തരം പീഡിപ്പിക്കുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തിരുന്നു. ഒടുവിൽ സഹികെട്ടാണ് 2023ൽ സോഷ്യൽ മീഡയയിലൂടെ പരിചയപ്പെട്ട കാമുകൻ രോഹിത്തുമായി ചേർന്ന് ഭർത്താവിനെ കൊല്ലാൻ സോണിയ പ്ലാനിടുന്നത്. പ്രീതം മയക്കുമരുന്നിന് അടിമയായിരുന്നു, അനധികൃതമായി തോക്കുകൾ കൈവശം വയ്ക്കൽ, കവർച്ച, തട്ടിക്കൊണ്ടുപോകൽ എന്നിവയുൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായിരുന്ന പ്രീതമിനെ ഏറെകാലമായി ക്രൈം ബ്രാഞ്ച് അന്വേഷിച്ച് വരികയായിരുന്നു.
പ്രീതമിനോട് മയക്കുമരുന്ന് ഉപയോഗവും, കുറ്റകൃത്യങ്ങളും ഉപേക്ഷിക്കാൻ താൻ ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ലഹരിയിൽ വീട്ടിലെത്തി തന്നെ ഭർത്താന് ആക്രമിക്കുമായിരുന്നുവെന്ന് അവർ പോലീസിനോട് പറഞ്ഞു. ഇതോടെയാണ് ഭർത്താവിനെ കൊന്ന് കാമുകനായ രോഹിത്തിനൊപ്പം പോകാൻ യുവതി തീരുമാനിക്കുന്നത്. രോഹിത്തിന് ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്ന് മനസിലാക്കിയായിരുന്നു അടുപ്പത്തിലായത്. ഒടുവിൽ ഇവർ വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ പ്രീതം ഒരു തടസ്സമായിരുന്നു. കഴിഞ്ഞ വർഷം ജൂലൈ 2ന് താൻ പ്രീതമുമായി വഴക്കിട്ടതായും ഹരിയാനയിലെ സോണിപത്തിലുള്ള തന്റെ സഹോദരി ദീപയുടെ വീട്ടിലേക്ക് പോയതായും സോണിയ പൊലീസിനോട് പറഞ്ഞു.
ഇവിടെ എത്തിയ രോഹിത്തിനോട് പ്രീതമിനെ കൊലപ്പെടുത്താൻ സോണിയ ആവശ്യപ്പെട്ടു. രോഹിത് മുമ്പ് കൊലക്കേസ് അടക്കം നാല് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. കുറച്ച് നാളായി കുറ്റകൃത്യങ്ങളിൽ നിന്നും മാറി ദില്ലി-സോണിപ്പത്ത് റൂട്ടിൽ ഒരു ക്യാബ് ഡ്രൈവറായി ജോലി ചെയ്യാൻ തുടങ്ങിയിരുന്നു. അതുകൊണ്ട് തന്നെ പ്രീതമിനെ കൊല്ലാൻ തനിക്ക് കഴിയില്ലെന്ന് രോഹിത് സോണിയയോട് പറഞ്ഞു. എന്നാൽ ഒരു കൊലയാളിയെ കണ്ടെത്താമെന്നും, അയാൾക്ക് നൽകാൻ 6 ലക്ഷം രൂപ വേണമെന്നും രോഹിത്ത് പറഞ്ഞു. എന്നാൽ പണം ഇല്ലാത്തതിനാൽ ആ പദ്ധതി നടന്നില്ല. ജൂലൈ അഞ്ചിന് സോണിയയെ വീട്ടിലേക്ക് കൊണ്ടുവരാൻ പ്രീതം സോണിപത്തിലെത്തി. എന്നാൽ ഇവിടെ വെച്ചും ഇരുവരും തമ്മിൽ വഴക്കുണ്ടായി.
ഒടുവിൽ പ്രീതമിനെ കൊല്ലാൻ സഹായം തേടി സോണിയ തന്‍റെ സഹോദരിയുടെ ഭർതൃസഹോദൻ വിജയിനെ സമീപിച്ചു. ഒരു ലക്ഷം രൂപം നൽകിയാൽ പ്രീതമിനെ കൊല്ലാമെന്ന് വിജയ് പറഞ്ഞു. 50,000 രൂപ മാത്രമേ തനിക്ക് ക്രമീകരിക്കാൻ കഴിയൂ എന്ന് സോണിയ പറഞ്ഞു. ഒടുവിൽ വിജയ് സമ്മതിച്ചു. അന്ന് വൈകുന്നേരം പ്രീതം വീണ്ടും സോണിയയെ തന്നോടൊപ്പം വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു. എന്നാൽ സോണിയ വിസമ്മതിക്കുകയും ആ രാത്രി തന്റെ സഹോദരിയുടെ വീട്ടിൽ താമസിക്കാൻ പറയുകയും ചെയ്തു. പ്രീതമും വിജയും വീടിന്‍റെ താഴത്തെ നിലയിലാണ് കിടന്നത്. സോണിയയും മറ്റുള്ളവരും ടെറസിലേക്ക് പോയി. രാത്രി കിടന്നുറങ്ങവേ വിജയ് പ്രീതമിനെ കൊലപ്പെടുത്തി, മൃതദേഹം ഒരു ഷീറ്റിൽ പൊതിഞ്ഞ് അഴുക്കുചാലിന് സമീപം എറിയുകയായിരുന്നു.
സോണിയ പ്രീതമിന്റെ ഫോൺ എടുത്ത് കൈവശം സൂക്ഷിച്ചു. കുറച്ച് ദിവസങ്ങൾക്കുള്ളിൽ അഴുക്ക് ചാലിൽ നിന്നും പ്രീതമിന്റെ മൃതദേഹം കണ്ടെത്തി. പക്ഷേ മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയിവായില്ല. ഇതോടെ പൊലീസ് അന്വേഷണം അയഞ്ഞു. ഇതിനിടെ തെളിവുകൾ മറച്ചുവെക്കാൻ, ജൂലൈ 5 മുതൽ ഭർത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് സോണിയ അലിപൂരിൽ പരാതി നൽകിയിരുന്നു. പിന്നാലെ പ്രീതത്തിന്റെ ഫോൺ കാമുകനായ രോഹിതിന് നൽകി അത് നശിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ രോഹിത്ത് ഫോൺ നശിപ്പിക്കാതെ സിം മാറ്റി ഉപയോഗിച്ച് വരികയായിരുന്നു. പ്രീതം നിരവധി കേസിലെ കുറ്റവാളി ആയതിനാൽ പൊലീസ് ഇയാളെ കണ്ടെത്താനായി അന്വേഷണം ശക്തമാക്കി. കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയും ചെയ്തു. പ്രീതമിന്റെ ഫോൺ ട്രാക്ക് ചെയ്തപ്പോൾ, അത് ഉപയോഗിക്കുന്നുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി.
ഫോണിന്‍റെ അവസാനത്തെ സ്ഥലം സോണിപത്ത് ആയിരുന്നു. ഒടുവിൽ പൊലീസ് ലൊക്കേഷൻ തേടി എത്തിയപ്പോഴാണ് ഫോൺ രോഹിത്തിന്‍റെ കൈവശമുണ്ടെന്ന് തിരിച്ചറിഞ്ഞത്. രോഹിത്തിനെക്കുറിച്ച് അന്വേഷിച്ചതോടെ ഇയാളുടെ പഴയ ക്രിമിനൽ പശ്ചാത്തലം പുറത്ത് വന്നു. താൻ ഫോൺ ഒരാളുടെ പക്കൽ നിന്നും വാങ്ങിയതാണെന്നായിരുന്നു രോഹിത്ത് ആദ്യം പറഞ്ഞത്. എന്നാൽ ചോദ്യം ചെയ്യലിനൊടുവിൽ രോഹിത്ത് താനും സോണിയയുമായുള്ള ബന്ധവും പ്രീതമിനെ കൊലപ്പെടുത്താൻ പ്ലാൻ ചെയ്തതും പൊലീസിനോട് സമ്മതിച്ചു. ഇതിന് പിന്നാലെ പൊലീസ് സോണിയയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ചോദ്യം ചെയ്യലിൽ പ്രീതം കൊല്ലപ്പെട്ടതിന് ശേഷം താൻ വിജയിന് 50,000 രൂപ നൽകിയതായും സോണിയ പൊലീസിനോട് പറഞ്ഞു. പ്രീതമിന്‍റെ അദ്ദേഹത്തിന്റെ വാഹനം വിറ്റ് 2.80 ലക്ഷം രൂപ കൈപ്പറ്റി. രോഹിതിന് കുറച്ച് പണം നൽകുകയും കുറച്ച് ചെലവഴിക്കുകയും ചെയ്തു. ഈ സമയത്ത്, പ്രീതമിന്റെ ഫോൺ നശിപ്പിച്ചോ എന്ന് താൻ രോഹിത്തിനോട് ചോദിച്ചിരുന്നു. അതെ എന്നായിരുന്നു രോഹിത്ത് പറഞ്ഞത്. കാമുകന്‍റെ ചെറിയ പിഴവാണ് സോണിയയെ കുടുക്കിയതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം നടത്തിയ വിജയിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ മോഷണക്കേസിൽ നേരത്തെ പൊലീസിന്‍റെ പിടിയിലായിരുന്നു. അതിനിടെ സോണിയയുമായി ബന്ധമുണ്ടായിരിക്കെ തന്നെ കാമുകനായ രോഹിത്ത് കഴിഞ്ഞ ഏപ്രിലിൽ മറ്റൊരു വിവാഹം കഴിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.