
ദില്ലി: ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹം തള്ളാതെ കോൺഗ്രസ് ഗുജറാത്ത് ഘടകം വർക്കിംഗ് പ്രസിഡന്റും പട്ടേൽ വിഭാഗം നേതാവുമായ ഹാർദിക് പട്ടേൽ.കൂടുതൽ സാധ്യതകൾ എപ്പോഴും നിലവിൽ ഉണ്ടെന്നാണ് ഹാർദിക് പട്ടേലിന്റെ പ്രസ്താവന. ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ ആണ് പ്രതികരണം.
ഭാവി നോക്കേണ്ടതുണ്ട്. തന്നെ കോൺഗ്രസ് സംസ്ഥാന നേതൃത്വം അവഗണിക്കുന്നു. ഹൈക്കമാന്റിനോട് പരാതിയില്ല. രാജസ്ഥാനിൽ സച്ചിൻ പൈലറ്റിന് സംഭവിച്ചത് തന്നെയാണ് ഗുജറാത്തിലും നടക്കുന്നത് എന്നും ഹാർദിക് പട്ടേൽ പറഞ്ഞു.
കോൺഗ്രസ് നേതൃത്വവുമായി ഹാർദിക് ഇടയുന്നു എന്ന റിപ്പോർട്ടുകൾ ഇടയ്ക്ക് പുറത്തുവന്നിരുന്നു. വർക്കിംഗ് പ്രസിഡന്റായി തുടരുമ്പോഴും പാർട്ടി കാര്യങ്ങളൊന്നും തന്നെ അറിയിക്കുന്നില്ലെന്ന് ഹാർദിക് ആരോപണമുയർത്തിയിരുന്നു. പട്ടേൽ വിഭാഗത്തിലെ മറ്റൊരു നേതാവായ നരേഷ് പട്ടേലിനെ കോൺഗ്രസിലേക്ക് എത്തിക്കാൻ പ്രശാന്ത് കിഷോർ ചില നീക്കങ്ങൾ നടത്തിയിരുന്നു. ഇതും ഹാർദികിനെ പ്രകോപിപ്പിച്ചു.
പിന്നാലെ ഒരു ഗുജറാത്തി ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ ഹാർദിക് ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പ്രശംസിച്ചത് വിവാദമായി. രാമക്ഷേത്ര നിർമ്മാണം അടക്കമുള്ള വിഷയങ്ങളെ ഹാർദിക് പിന്തുണയ്ക്കുകയും ചെയ്തു. ഇതോടെയാണ് ഹാർദിക് ബിജെപിയിലേക്ക് പോകുകയാണോ എന്ന ചർച്ചകൾ ശക്തമായത്.
Read Also: 'എനിക്കറിയില്ല, ആരാണയാൾ?' ജിഗ്നേഷ് മേവാനിയുടെ അറസ്റ്റിനെക്കുറിച്ച് അസം മുഖ്യമന്ത്രി
ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനിയുടെ അറസ്റ്റിനെക്കുറിച്ച് വിചിത്രമായി പ്രതികരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ്മ. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ആരാണ് ജിഗ്നേഷ് മേവാനി, തനിക്ക് അയാളെ അറിയില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രധാനമന്ത്രിക്കെതിരായ ട്വീറ്റിന്റെ പേരിൽ അസം പൊലീസാണ് കഴിഞ്ഞ ദിവസം ജിഗ്നേഷ് മേവാനിയെ ഗുജറാത്തിലെ പാലൻപൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്.
'കൂടുതൽ കാര്യങ്ങളൊന്നും എനിക്കറിയില്ല. ആരാണ് ജിഗ്നേഷ് മേവാനി. അയാളെ എനിക്കറിയില്ല. ഞാൻ രാഷ്ട്രീയവിരോധം തീർക്കുകയാണോ എന്ന ചോദ്യം തന്നെ അപ്രസക്തമല്ലേ' എന്നായിരുന്നു ഹിമന്ത് ബിശ്വ ശർമ്മ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. മേവാനിയുടെ അറസ്റ്റിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. 'മോദിജി, ഭരണകൂട സംവിധാനത്തെ ദുരുപയോഗം ചെയ്ത് നിങ്ങൾക്ക് വിയോജിപ്പുകളെ തകർക്കാൻ ശ്രമിക്കാം, എന്നാൽ നിങ്ങൾക്ക് ഒരിക്കലും സത്യത്തെ തുറുങ്കിലടയ്ക്കാനാകില്ല' എന്നായിരുന്നു രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ പ്രതികരിച്ചത്. (കൂടുതൽ വായിക്കാം....)
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam