
വാരാണസി: ഉത്തർപ്രദേശിലെ വാരാണസിയിൽ വീട്ടിൽ അമ്മയെയും മൂന്ന് മക്കളെയും വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. 45 കാരിയായ സ്ത്രീയും മൂന്ന് മക്കളുമാണ് കൊല്ലപ്പെട്ടത്. ഭർത്താവിന്റെ മൃതദേഹം പിന്നീട് വീട്ടിൽ നിന്നും കുറച്ചകലെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് കണ്ടെത്തി. ഇയാൾ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മന്ത്രവാദിയുടെ നിർദേശ പ്രകാരമാണോ കൊലപാതകം നടത്തിയതെന്ന് പൊലീസിന് സംശയമുണ്ട്.
വാരാണസിയിലെ ഭദൈനി പ്രദേശത്തെ ജനങ്ങളെ ഞെട്ടിച്ചുകൊണ്ടാണ് കൂട്ട കൊലപാതക വാർത്ത വന്നത്. രാജേന്ദ്ര ഗുപ്തയുടെ വീട് ഇന്നലെ രാവിലെ ഏറെ വൈകിയിട്ടും തുറക്കാതിരുന്നതോടെ വീട്ടുജോലിക്കാരി വീടിനുള്ളിൽ കയറി നോക്കി. നീതു (45), മക്കളായ നവേന്ദ്ര (25), ഗൗരംഗി (16), ശുഭേന്ദ്ര ഗുപ്ത (15) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടത്. രാജേന്ദ്ര ഗുപ്ത വീട്ടിൽ ഉണ്ടായിരുന്നില്ല. മണിക്കൂറുകൾക്ക് ശേഷം ഇയാളെയും മരിച്ച നിലയിൽ കണ്ടെത്തി.
കുടുംബ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അയൽവാസികൾ പറഞ്ഞതായി മുതിർന്ന പൊലീസ് ഓഫീസർ ഗൗരവ് ബൻസ്വാൾ അറിയിച്ചു. നേരത്തെ ചില കേസുകളിൽ പ്രതിയായിരുന്ന രാജേന്ദ്ര ഗുപ്ത ജാമ്യത്തിലിറങ്ങിയാണ് കുടുംബത്തെ കൊലപ്പെടുത്തിയത്. പത്തോളം വീടുകൾ രാജേന്ദ്ര ഗുപ്തയ്ക്ക് സ്വന്തമായുണ്ട്. സ്വത്ത് തർക്കമാണോ കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഉറങ്ങിക്കിടക്കുമ്പോഴാണ് അമ്മയ്ക്കും മക്കൾക്കും വെടിയേറ്റതെന്നാണ് സൂചന. പിസ്റ്റൾ ഉപയോഗിച്ചാണ് വെടിയുതിർത്തതെന്ന് പൊലീസ് പറഞ്ഞു. വെടിയുണ്ടകൾ കണ്ടെടുത്തു.
അച്ഛനെ കൊലപ്പെടുത്തിയെന്ന് ഉൾപ്പെടെയുള്ള പരാതികൾ രാജേന്ദ്ര ഗുപ്തക്കെതിരെയുണ്ട്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു കൊലപാതകം. നീതു ഗുപ്തയുടെ രണ്ടാം ഭാര്യയാണ്. ഇവർ തമ്മിൽ വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഒരു വർഷത്തിലേറെയായി വേറെയാണ് താമസം. ഗുപ്തയ്ക്ക് ചില അന്ധവിശ്വാസങ്ങൾ ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഭാര്യയും മക്കളും അഭിവൃദ്ധിക്ക് തടസ്സമാണെന്ന മന്ത്രവാദിയുടെ ഉപദേശമനുസരിച്ചാണോ ഗുപ്ത കൊലപാതകം നടത്തിയതെന്ന് പൊലീസിന് സംശയമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam