പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവം; 'കുഞ്ഞിനും അമ്മയ്ക്കും അണുബാധ ലക്ഷണങ്ങൾ ഇല്ലായിരുന്നു', വിശദീകരണവുമായി ആശുപത്രി അധികൃതര്‍

Published : Nov 09, 2025, 06:46 PM IST
SAT Hospital authority

Synopsis

തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രസവത്തിനെത്തിയ യുവതി അണുബാധയെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ആശുപത്രി അധികൃതര്‍

തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രസവത്തിനെത്തിയ യുവതി അണുബാധയെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ആശുപത്രി അധികൃതര്‍. ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദുവും ഗൈനക്കോളജി വിഭാഗം മേധാവി ഡോ. സുജയുമാണ് സംഭവത്തില്‍ മാധ്യമങ്ങൾക്കു മുന്നില്‍ വിശദീകരണം നടത്തിയത്. കുടുംബത്തിന്‍റെ ദുഃഖത്തിൽ വിഷമമുണ്ടെന്നും ലേബർ റൂം അണുവിമുക്തമായിരുന്നു, വീട്ടിൽ പോയ ശേഷമാണ് യുവതി ഛർദിയുമായി വന്നത്. അണുബാധ ലക്ഷണങ്ങൾ തുടക്കത്തിൽ കാണിച്ചിരുന്നില്ല. പ്രസവ സമയത്ത് കുഞ്ഞിനും അമ്മയ്ക്കും അണുബാധ ലക്ഷണങ്ങൾ ഇല്ലായിരുന്നു, ഡിസ്ചാർജ് ചെയ്യുമ്പോൾ പനി ഇല്ലായിരുന്നു. അണുബാധ ഇല്ലെന്ന് ഉറപ്പുവരുത്തിയിരുന്നു. അതെ ദിവസം ചികിത്സയിൽ ഉള്ള ആർക്കും അണുബാധ ഉണ്ടായിട്ടില്ല. ആശുപത്രിയില്‍ എത്തുമ്പോൾ യുവതിയുടെ തുന്നൽ ഇളകിയ നിലയിൽ ആയിരുന്നു.മെഡിക്കൽ കോളേജ് മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിൽ നിന്നാണോ അണുബാധ ഉണ്ടായത് എന്ന് പറയാൻ കഴിയില്ല എന്നും ഡോക്ടര്‍മാർ വിശദീകരിച്ചു.

കരിക്കകം സ്വദേശിയായ ശിവപ്രിയ ആണ് മരിച്ചത്. 22 നായിരുന്നു ശിവപ്രിയയുടെ പ്രസവം. 25 ന് ആശുപത്രി വിട്ടു. 26 നു പനി ഉണ്ടായതോടെ ആശുപത്രിയിലേക്ക് തിരികെ എത്തിച്ചു. തുടര്‍ന്ന് ആരോഗ്യ നില വഷളായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ബ്ലഡ് കൾച്ചറിൽ ഇൻഫക്ഷൻ എന്ന് കണ്ടെത്തി. വെന്റിലേറ്ററിൽ ചികിത്സയിലിരിക്കേയാണ് ശിവപ്രിയയുടെ മരണം സംഭവിച്ചത്. 25ാം തീയതി ആശുപത്രി വിട്ട് വീട്ടിലേക്ക് പോയതിന് ശേഷമാണ് ശിവപ്രിയക്ക് പനി വന്നതെന്ന് സഹോദരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

‘26ന് വീണ്ടും ഹോസ്പിറ്റലിലെംത്തി. സ്റ്റിച്ചിൽ ഇൻഫെക്ഷൻ വന്നത് കൊണ്ടാണെന്ന് ആശുപത്രിയിൽ നിന്ന് പറഞ്ഞു. ഇൻഫെക്ഷൻ ബ്ലഡിൽ പടര്‍ന്നെന്നാണ് പിന്നീട് അവര്‍ പറഞ്ഞത്. ലങ്സിൽ നീര്‍ക്കെട്ടായതിനെ തുടര്‍ന്നാണ് ചേച്ചിയെ വെൻറിലേറ്ററിലേക്ക് ആക്കണമെന്ന് പറഞ്ഞത്. 9 ദിവസം വെന്‍റിലേറ്ററിലായിരുന്നു. രണ്ട് ദിവസം മുൻപ് വരെ കണ്ണ് തുറക്കുമായിരുന്നു. ട്രക്കോസ്മി ചെയ്തതിന് ശേഷം ചേച്ചി ഉണര്‍ന്നിട്ടില്ല. എന്താണെന്ന് അറിയില്ല. സാംപിള്‍ റിസള്‍ട്ടിലെ ബാക്ടീരിയ ഹോസ്പിറ്റലിൽ നിന്നാണ് പിടിപെടുന്നത് എന്നാണെന്നറിഞ്ഞത്. ഡോക്ടറോട് ചോദിച്ചപ്പോള്‍ അങ്ങനെയാണ് പറഞ്ഞത്. യൂസ്ഡ് ബ്ലേഡോ യൂസ്ഡ് ഗ്ലൌസോ ഉപയോഗിക്കുന്നതിലൂടെ വരാനും ചാൻസുണ്ടെന്നും പറഞ്ഞിരുന്നു. ഡോക്ടര്‍ തന്നെയാണ് പറഞ്ഞത് ഒന്നുകിൽ അവിടുന്ന് അല്ലെങ്കിൽ ഇവിടുന്ന് കിട്ടിയതാകാമെന്ന്.’ സഹോദരന്‍റെ വാക്കുകള്‍. രണ്ട് കുട്ടികളാണ് ശിവപ്രിയക്ക്. മൂത്ത കുട്ടിക്ക് രണ്ടരവയസുണ്ട്. ഇളയകുഞ്ഞ് ഒരു ദിവസം മാത്രമാണ് അമ്മക്കൊപ്പം കഴിഞ്ഞതെന്നും സഹോദരൻ കൂട്ടിച്ചേര്‍ത്തു.

 

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം