
ബിക്കാനിർ: അറുപത് വയസ്സുള്ള സ്ത്രീ കൊവിഡ് 19 ബാധ മൂലം മരിച്ചതിനെ തുടർന്ന് ഒഡീഷയിലെ ബിക്കാനീറിൽ ഡോക്ടേഴ്സും നഴ്സിംഗ് സ്റ്റാഫുമുൾപ്പെടെ അമ്പത് പേരോട് ക്വാറന്റൈനിൽ കഴിയാൻ നിർദ്ദേശം. ബിക്കാനീറിലെ സർക്കാർ ആശുപത്രിയിൽ വച്ചാണ് ഇവർ മരിച്ചത്. കൊവിഡ് 19 പരിശോധന ഫലം എത്തുന്നതിന് മുമ്പ് ഇവർ മരിക്കുകയും മൃതദേഹം ബന്ധുക്കൾക്ക് കൈമാറുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ആശുപത്രി ജീവനക്കാരോട് ക്വാറന്റൈനിൽ കഴിയാൻ നിർദ്ദേശം നൽകിയത്. വെള്ളിയാഴ്ച ഉച്ചയോടെ ഇവരുടെ മൃതദേഹം വീട്ടുകാർക്ക് വിട്ടുകൊടുത്തിരുന്നു. അന്ന് രാത്രിയോടെയാണ് ഇവർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോർട്ട് എത്തിയത്. ബന്ധുക്കൾ മൃതദേഹം സംസ്കാരവും നടത്തിയിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മരിച്ച വൃദ്ധയുടെ കുടുംബാംഗങ്ങളോടും ക്വാറന്റൈനിൽ കഴിയാൻ നിർദ്ദേശിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനോടും ആശുപത്രി സൂപ്രണ്ടിനോടും വിശദീകരണ റിപ്പോർട്ട് വാങ്ങിയതായി ബിക്കാനീർ കളക്ടർ കുമാർ പാൽ ഗൗതം വ്യക്തമാക്കി. മരിച്ച സ്ത്രീയുടെ 20 കുടുംബാംഗങ്ങൾ, 15 അയൽക്കാർ എന്നിവരോട് ക്വാറന്റൈനിൽ കഴിയാൻ നിർദ്ദേശിച്ചിട്ടുള്ളതായി ബിക്കാനീർ ചീഫ് മെഡിക്കൽ ആന്റ് ഹെൽത്ത് ഓഫീസർ ബിഎൽ മീന പറഞ്ഞു. സ്വകാര്യ ആശുപത്രിയിൽ നിന്നാണ് ഇവരെ ബിക്കാനീറിലെ സർക്കാർ ആശുപത്രിയിലെത്തിയത്. സ്വകാര്യ ആശുപത്രിയിലെ ആറ് ജീവനക്കാരെ ഐസോലേഷനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേ സമയം എല്ലാ മാർഗനിർദ്ദേശങ്ങളും പാലിച്ചാണ് ഇവരുടെ മൃതദേഹം വിട്ടുകൊടുത്തതെന്ന് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ ബി കെ ഗുപ്ത അറിയിച്ചു. ഏപ്രിൽ 1നാണ് ഇവരെ ആശുപത്രിയിൽ എത്തിക്കുന്നത്. പിന്നീട് കുറച്ച് മണിക്കൂറുകൾക്ക് ശേഷം ജനറൽ വാർഡിലേക്ക് മാറ്റി. പിന്നീട് കൊവിഡ് 19 ബാധ സംശയിക്കുന്നവരെ പ്രവേശിപ്പിക്കുന്ന വാർഡിലേക്ക് ഇവരെ മാറ്റുകയും സാംപിൾ പരിശോധനയ്ക്കായി അയക്കുകയും ചെയ്തതായി ആശുപത്രി അധികൃതർ വെളിപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam