
ഗുവാഹത്തി: പരിശോധനയെന്ന വ്യാജേന ഡോക്ടർ ലൈംഗികാതിക്രമം നടത്തിയെന്ന് യുവതിയുടെ പരാതി. അസമിലെ ഗുവാഹത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർക്കെതിരേയാണ് യുവതി പൊലീസിനെ സമീപിച്ചത്. യുവതിയുടെ പരാതിയിൽ പൊലീസ് പുരുഷ ഡോക്ടർക്കെതിരേ കേസെടുത്തു.
പ്രതിശ്രുത വരന്റെ വിവിധ മെഡിക്കൽ പരിശോധന ഫലങ്ങൾ കാണിക്കാനും വിവരങ്ങൾ അറിയാനുമാണ് യുവതി ബന്ധുവിനൊപ്പം ആശുപത്രിയിൽ പോയത്. എച്ച്ഐവി പരിശോധനയിൽ പ്രതിശ്രുത വരന് നെഗറ്റീവ് ആയിരുന്നു. ഇതിന്റെ പരിശോധനാഫലം അടക്കം യുവതിയുടെ കൈവശമുണ്ടായിരുന്നു. എന്നാൽ, ഡോക്ടറെ കണ്ട് വിവരങ്ങൾ ധരിപ്പിച്ചതിന് പിന്നാലെ ഒപ്പമുള്ള ബന്ധുവിനോട് പുറത്തിരിക്കാനും യുവതിയോട് തനിച്ച് ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്നും ഡോക്ടർ പറഞ്ഞു. തുടർന്ന് പ്രതിശ്രുത വരനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന് ചോദിച്ചു. പ്രതിശ്രുത വരൻ എച്ച്ഐവി ടെസ്റ്റിന് വിധേയനായതിനാൽ യുവതിയെയും പരിശോധിക്കണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടു. ഇതോടെയാണ് യുവതി പരിശോധനയ്ക്ക് വിധേയയാകാൻ സമ്മതിച്ചത്.
എന്നാൽ, പരിശോധനയെന്ന പേരിൽ ഡോക്ടർ ശരീരത്തിൽ മോശമായരീതിയിൽ സ്പർശിച്ചെന്നാണ് യുവതിയുടെ പരാതി. പരിശോധനാമുറിയിൽ കയറിയതിന് പിന്നാലെ വസ്ത്രങ്ങൾ അഴിക്കാനാണ് ഡോക്ടർ ആവശ്യപ്പെട്ടത്. എന്തിനാണ് ടീഷർട്ട് അഴിക്കുന്നതെന്ന് ചോദിച്ചു. പക്ഷേ, പരിശോധനയ്ക്ക് വേണ്ടിയാണെന്ന് പറഞ്ഞപ്പോൾ കൂടുതൽ എതിർത്തില്ല. എന്നാൽ, ഇതിനുപിന്നാലെ ഡോക്ടർ സ്വകാര്യഭാഗങ്ങളിൽ മോശമായരീതിയിൽ സ്പർശിക്കുകയായിരുന്നു. ഇതിനുശേഷം ഉദരഭാഗം പരിശോധിക്കാൻ വസ്ത്രം മുഴുവൻ അഴിക്കണമെന്ന് ആവശ്യപ്പെട്ടു. അതിന്റെ ആവശ്യം എന്താണെന്ന് ചോദിച്ചപ്പോൾ എല്ലാം വിശദമായി പരിശോധിക്കണമെന്നായിരുന്നു ഡോക്ടറുടെ മറുപടി. തുടർന്ന് ഏറെ മാനസികപ്രയാസത്തോടെയാണ് പരിശോധനാമുറിയിൽനിന്നത്. ഒടുവിൽ പരിശോധനയ്ക്ക് ശേഷം കരഞ്ഞുകൊണ്ട് പുറത്തേക്ക് വരികയായിരുന്നു. അതിക്രമം നടന്നപ്പോൾ പ്രതികരിക്കാൻ കഴിഞ്ഞെങ്കിലും പിന്നീട് ആശുപത്രി ജീവനക്കാരോടും ബന്ധുവിനോടും കാര്യങ്ങൾ വിശദീകരിച്ചു. ഇതോടെ ചില മുതിർന്ന ഡോക്ടർമാർ സ്ഥലത്തെത്തി രേഖാമൂലം പരാതി നൽകാൻ ആവശ്യപ്പെട്ടു. പക്ഷേ, ഒരുമണിക്കൂറോളം അവിടെ കാത്തിരുന്നിട്ടും ആരും പരാതി വാങ്ങാൻ എത്തിയില്ലെന്നും ഇതോടെയാണ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതെന്നും യുവതി പറഞ്ഞു.
അതേസമയം, യുവതിയുടെ പരാതിയിൽ കേസെടുത്തതായും പ്രതിയായ ഡോക്ടറെ ചോദ്യംചെയ്യാൻ വിളിച്ചുവരുത്തിയതായും പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam