
ന്യൂഡൽഹി: സിജെപി സമരത്തിൽ തന്റെ ചിത്രം എഐ സഹായത്തോടെ മോർഫ് ചെയ്ത് ഉപയോഗിച്ചെന്ന് യുവതിയുടെ പരാതി. സിജെപി നേതാക്കൾക്കെതിരേയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. യുവതിയുടെ പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും പരാതിയിൽ പരാമർശിക്കപ്പെട്ട സിജെപി നേതാക്കളെ പ്രതിചേർത്തിട്ടില്ല.
നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് ജന്തർമന്തറിൽ സംഘടിപ്പിച്ച സിജെപി സമരത്തിലാണ് തന്റെ ചിത്രം മോർഫ് ചെയ്ത് ഉപയോഗിച്ചതെന്നാണ് യുവതി ആരോപിക്കുന്നത്. എഐ സംവിധാനത്തോടെ ചിത്രം മോർഫ് ചെയ്യുകയും പ്രധാനമന്ത്രിയുടെ ചിത്രത്തിനൊപ്പം ചേർത്ത് പ്രചരിപ്പിച്ചതായും പരാതിയിലുണ്ട്. തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ സമരക്കാരുടെ വലിയ ബാനറുകളിലും സാമൂഹികമാധ്യമങ്ങളിലെ വീഡിയോകളിലും ഉപയോഗിച്ചെന്നും അധിക്ഷേപകരമായ മുദ്രാവാക്യങ്ങൾക്കൊപ്പമാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചതെന്നും പരാതിയിൽ പറയുന്നു.
തനിക്ക് സിജെപിയുമായി യാതൊരു ബന്ധവുമില്ല. തന്റെ അനുമതിയില്ലാതെയാണ് തന്റെ ചിത്രം സമരത്തിനായി ഉപയോഗിച്ചത്. ഇത് പിന്നീട് പലരീതിയിൽ മോർഫ് ചെയ്തും ഉപയോഗിച്ചു. ഈ സംഭവം തന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കിയതായും ഇതിനുപിന്നാലെ ഭീഷണികളടക്കം നേരിടേണ്ടിവന്നെന്നും പരാതിയിൽ പറയുന്നു.
സിജെപി സ്ഥാപകനേതാക്കളായ അഭിജിത് ദീപ്കെ, സൗരവ് ദാസ് തുടങ്ങിയവർക്കെതിരെയാണ് യുവതി ഡൽഹി പൊലീസിൽ പരാതി നൽകിയിട്ടുള്ളത്. അതേസമയം, യുവതിയുടെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും സിജെപി നേതാക്കളെ കേസിൽ പ്രതിചേർത്തിട്ടില്ല. സംഭവത്തിൽ എല്ലാവശങ്ങളും അന്വേഷിച്ചുവരികയാണെന്നാണ് ഡൽഹി പൊലീസിന്റെ പ്രതികരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam