ഓൺലൈനിൽ സാധനം വാങ്ങുന്നവരെ ഭീതിയിലാഴ്ത്തി യുവതിയുടെ അനുഭവം, പണവും പോയി; സാധനം കിട്ടുമ്പോൾ നന്നായി ശ്രദ്ധിക്കണം

Published : Aug 09, 2024, 02:54 PM ISTUpdated : Aug 09, 2024, 02:56 PM IST
ഓൺലൈനിൽ സാധനം വാങ്ങുന്നവരെ ഭീതിയിലാഴ്ത്തി യുവതിയുടെ അനുഭവം, പണവും പോയി; സാധനം കിട്ടുമ്പോൾ നന്നായി ശ്രദ്ധിക്കണം

Synopsis

ഓർഡ‍ർ ചെയ്ത സാധനം കിട്ടേണ്ട ദിവസം രണ്ട് തവണ സാധനങ്ങളുമായി ഡെലിവറി ജീവനക്കാരെത്തി. ആദ്യം കിട്ടിയത് വ്യാജനും രണ്ടാമത്ത് കിട്ടിയത് യഥാർത്ഥ ഉത്പന്നവുമായിരുന്നു.

ഡൽഹി: ഓൺലൈനിൽ വിലപിടിപ്പുള്ള സാധനങ്ങൾ വാങ്ങുന്നത് സാധാരണമാണ് ഇപ്പോൾ. എന്നാൽ ഇത്തരം ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ് നടക്കുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. ഓർഡർ ചെയ്ത സാധനങ്ങൾക്ക് പകരം വിലയും നിലവാരവും കുറഞ്ഞ മറ്റ് സാധനങ്ങളോ അല്ലെങ്കിൽ മറ്റെന്തെങ്കിലും സാധനങ്ങളോ അതുമല്ലെങ്കിൽ അകത്തൊന്നുമില്ലാത്ത കേവലം ബോക്സുകളോ മാത്രം അയച്ച് പണം തട്ടുന്നത് സംബന്ധിച്ചുള്ള പരാതികളാണ് ചിലർ ഉയർത്തുന്നത്. ക്യാഷ് ഓൺ ഡെലിവറി രീതിയിൽ ഓർഡറുകൾ കൊടുക്കുന്നവരെയാണത്രെ തട്ടിപ്പുകാർ ലക്ഷ്യമിടുന്നത്. ഇ-കൊമേഴ്സ് കമ്പനിയിൽ നിന്ന് നിങ്ങൾ ഓർഡർ ചെയ്ത യഥാർത്ഥ ഉത്പന്നം കൈയിൽ എത്തുന്നതിന് മുമ്പ് വ്യാജനുമായി തട്ടിപ്പുകാർ എത്തി പണവും വാങ്ങി മുങ്ങും.

സ്വാതി സിംഗാൾ എന്ന യുവതിയാണ് ഏറ്റവുമൊടുവിൽ ഇത്തരത്തിലൊരു പരാതിയുമായി സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്. ആമസോണിൽ നിന്ന് ടാബ്ലറ്റ് ഓർഡർ ചെയ്തിരുന്ന സ്വാതിക്ക് കിട്ടിയതാവട്ടെ നിലവാരം കുറഞ്ഞ സ്പീക്കറുകൾ. സാധനം കൊണ്ടുവന്നയാൾ പൊട്ടിക്കാത്ത ബോക്സ് ഏൽപ്പിച്ച് ടാബ്ലറ്റിന്റെ പണവും വാങ്ങി പോയെന്നാണ് ആരോപണം. കബളിപ്പിക്കപ്പെട്ടെന്ന് മനസിലാവുമ്പോഴേക്കും പണവുമായി തട്ടിപ്പുകാർ രക്ഷപ്പെടും. എന്നാൽ ഇത്തരക്കാർക്ക് ഉപഭോക്താക്കൾ ഇ-കൊമേഴ്സ് വെബ്‍സൈറ്റിൽ നൽകുന്ന ഓർഡറുകളുടെ വിശദാംശങ്ങൾ എങ്ങനെ ലഭിക്കുന്നു എന്നതാണ് ആശങ്ക ഉളവാക്കുന്ന പ്രധാന കാര്യം. ഈ വിവരങ്ങളാണ് ഇവർ സമർദ്ധമായി കബളിപ്പിക്കാൻ ഉപയോഗിക്കുന്നതും. 

ആമസോൺ കൃത്രിമം കാണിക്കുന്നതായും ഉപഭോക്താക്കളുടെ വിവരങ്ങൾ സൂക്ഷിക്കാതെ അവ തട്ടിപ്പുകാരിൽ എത്താൻ ഇടയാക്കി ആളുകളെ വ‍ഞ്ചിക്കുന്നതായും സ്വാതി ആരോപിച്ചു. ക്യാഷ് ഓൺ ഡെലിവറി രീതിയിൽ ടാബ്‍ലറ്റ് ഓ‍ർഡർ ചെയ്ത തനിക്ക് ഒരേ ദിവസം രണ്ട് ഉത്പന്നങ്ങൾ കിട്ടിയെന്ന് സ്വാതി പറയുന്നു. രണ്ടിലും ഉണ്ടായിരുന്ന സ്ലിപ്പ് ഒരുപോലെ തന്നെയായിരുന്നു. ആദ്യത്തേതിൽ ടാബ്‍ലറ്റിന് പകരം നിലവാരം കുറ‌ഞ്ഞ രണ്ട് സ്പീക്കറുകളായിരുന്നു. രണ്ടാമത്തേത് ശരിക്കുമുള്ള ടാബ്ലറ്റ് തന്നെയായിരുന്നു. രണ്ട് തവണയും പണം കൊടുക്കേണ്ടി വന്നു. ആമസോണിൽ നിന്ന് തന്റെ ഓർഡർ വിവരം ചോർന്നതാണ് വ്യാജ ഉത്പന്നം അയച്ച് കബളിപ്പിക്കാൻ കാരണമെന്ന് സ്വാതി പറഞ്ഞു.

വിഷയം ആമസോണിന്റെ ശ്രദ്ധയിൽപെടുത്തിയപ്പോൾ യഥാർത്ഥ ഉത്പന്നം നൽകാമെന്ന് അറിയിച്ചു. പക്ഷേ പണം നൽകണമെന്നും ആവശ്യപ്പെട്ടു. ആദ്യം സാധനം കൊണ്ടുവന്നയാളിന് പണം കൊടുത്തു എന്ന് അറിയിച്ചപ്പോൾ പണം എവിടേക്കാണ് പോയതെന്ന കാര്യം അന്വേഷിക്കാമെന്നായിരുന്നു കമ്പനിയുടെ നിലപാട്. താൻ വഞ്ചിക്കപ്പെട്ടുവെന്നും പണം തിരികെ വേണമെന്നുമാണ് സ്വാതിയുടെ ആവശ്യം. 

വില കൂടിയ സാധനങ്ങൾ ഇത്തരം വിശ്വസനീയമായ ഇ-കൊമേഴ്സ് വെബ്സൈറ്റുകളിൽ നിന്ന് വാങ്ങുന്നവ‍ർക്കുള്ള മുന്നറിയിപ്പായാണ് താൻ ഇത് സോഷ്യൽ മീഡിയയിൽ കുറിക്കുന്നതെന്നും സ്വാതി പറയുന്നു. സംഭവത്തെക്കുറിച്ച് ആമസോൺ ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഉപഭോക്താക്കളുടെ ഓർഡർ വിവരങ്ങൾ തട്ടിപ്പുകാർക്ക് എങ്ങനെ കിട്ടുന്നുവെന്ന കാര്യത്തിൽ സൈബർ സുരക്ഷാ വിദഗ്ധർക്കും സംശയമുണ്ട്. ക്യാഷ് ഓൺ ഡെലിവറിക്ക് പകരം യഥാർത്ഥ വെബ്സൈറ്റിൽ പ്രീ പെയ്ഡ് ഓർഡറായി സാധനങ്ങൾ വാങ്ങുന്നതും സാധനങ്ങൾ കിട്ടുമ്പോഴുള്ള ഓപ്പൺ ബോക്സ് ഡെലിവറി സംവിധാനവുമെല്ലാം ഇത്തരം തട്ടിപ്പുകൾ ഇല്ലാതാക്കാൻ സഹായിക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്
കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'