
ദില്ലി: പണം നൽകാതെ പോകാൻ ശ്രമിച്ച യുവാവിനെ ചോദ്യം ചെയ്ത ടോൾ ബൂത്തിലെ വനിതാ ജീവനക്കാരിക്ക് ക്രൂരമർദ്ദനം. കാറിൽ നിന്നിറങ്ങിയ യുവാവ് ജനാലയിലൂടെ ജീവനക്കാരിയുടെ കൈ പിടിച്ച് പുറത്തേക്ക് വലിക്കുകയും മൂക്കിനിടിക്കുകയുമായിരുന്നു. ജീവനക്കാരിയെ ആക്രമിക്കുന്ന യുവാവിന്‍റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഹരിയാനയിലെ ഖർക്കി ദൗല നഗരത്തിലെ ടോൾ പ്ലാസയിലാണ് സംഭവം.
ജീവനക്കാരിയെ മർദ്ദിക്കുന്നതിൽനിന്ന് യുവാവിനെ പിടിച്ച് മാറ്റാൻ ശ്രമിക്കുന്ന മറ്റ് യാത്രക്കാരെ വീഡിയോയിൽ കാണാം. ആക്രമണത്തിൽ മൂക്കിന് സാരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് ശേഷം പ്ലാസയിൽനിന്ന് ഓടി രക്ഷപ്പെട്ട പ്രതിക്കായുള്ള തിരച്ചിൽ ശക്തമാക്കിയതായി പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഖർക്കി ദൗലയിലെ ടോൾ പ്ലാസയിൽ ഇതിന് മുമ്പും ജീവനക്കാർക്കെതിരെ ഇത്തരത്തിലുള്ള ആക്രമണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017 നവംബറിൽ ടോൾ ബൂത്തിലെ ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പണം നൽകാതെ പോകാൻ ശ്രമിച്ചതിനെ തുടർന്ന് ചോദ്യം ചെയ്തപ്പോഴായിരുന്നു യുവതിയെ പ്രതികൾ ചേർന്ന് പീഡിപ്പിച്ചത്. കഴിഞ്ഞ മാസം, ഇതേ ടോൾ ബൂത്തിലെ വനിതാ ജീവനക്കാരിയെ കുറച്ച് യുവാക്കൾ ചേർന്ന് ആക്രമിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam