പരിശീലനത്തിനിടെ വനിതാ ട്രെയിനി പൈലറ്റിന് കണ്‍ട്രോൾ ടവറുമായി ബന്ധം നഷ്ടമായി; വിമാനം ടാക്സിവേയിൽ ഇറക്കി

Published : Nov 23, 2023, 02:27 PM IST
പരിശീലനത്തിനിടെ വനിതാ ട്രെയിനി പൈലറ്റിന് കണ്‍ട്രോൾ ടവറുമായി ബന്ധം നഷ്ടമായി; വിമാനം ടാക്സിവേയിൽ ഇറക്കി

Synopsis

പരീശീലനത്തിന്റെ ഭാഗമായി നടത്തിയ ആദ്യത്തെ ഒറ്റയ്ക്കുള്ള യാത്രയിലാണ് വിമാനത്തിന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറുമായുള്ള ബന്ധം നഷ്ടമായത്. 

നാഗ്പൂര്‍: ഒറ്റയ്ക്കുള്ള ആദ്യ പരിശീലന പറക്കലിനിടെ പൈലറ്റ് ട്രെയിനിക്ക് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറുമായുള്ള ബന്ധം നഷ്ടമായി. തുടര്‍ന്ന് റണ്‍വേയില്‍ നിന്ന് ഒരു കിലോമീറ്ററോളം മാറി ടാക്സിവേയില്‍ വിമാനം ഇറക്കി. ചൊവ്വാഴ്ച ഉച്ചയോടെ നാഗ്പൂരിലെ ഡോ. ബാബാസാഹെബ് അംബേദ്കര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം.

ബറേലിയിലെ ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉഠാന്‍ അക്കാദമിയില്‍ നിന്നുള്ള പൈലറ്റ് ട്രെയിനി, ഡയമണ്ട് - 40 വിമാനവുമായി ഗോണ്ടിയയില്‍ നിന്നാണ് ടേക്കോഫ് ചെയ്തത്. പരിശീലനത്തിന്റെ ഭാഗമായി വനിതാ ട്രെയിനിയുടെ ഒറ്റയ്ക്കുള്ള ആദ്യ യാത്രയായിരുന്നു ഇത്. നാഗ്പൂരില്‍ ലാന്റ് ചെയ്യുകയും അവിടെ നിന്ന് അല്‍പസമയങ്ങള്‍ക്ക് ശേഷം വീണ്ടും ടേക്ക് ഓഫ് ചെയ്ത് റായ്പൂറില്‍ എത്തുകയുമായിരുന്നു ലക്ഷ്യം. എന്നാല്‍ നാഗ്പൂര്‍ വിമാനത്താവളത്തില്‍ ലാന്റ് ചെയ്യുന്നതിന് മുമ്പ് വിമാനവുമായി എയര്‍ ട്രാഫിക് കണ്‍ട്രോളിന് ബന്ധം നഷ്ടമായി. 

വിമാനം കണ്ടെത്താന്‍ പ്രത്യേക തെരച്ചില്‍ സംഘത്തെ എടിസി നിയോഗിച്ചു. ഇവര്‍ വിമാനം കണ്ടെത്താനുള്ള അന്വേഷണം നടത്തുന്നതിനിടെയാണ് വിമാനത്താവളത്തിനടുത്ത് മിഹാന്‍ സെസിസുള്ള സമാന്തര ടാക്സിവേയില്‍ വിമാനം ലാന്റ് ചെയ്തതായി കണ്ടെത്തിയത്. വിമാനങ്ങള്‍ക്ക് തകരാറുകള്‍ സംഭവിക്കുമ്പോഴും മറ്റ് കാരണങ്ങള്‍ കൊണ്ടും കെട്ടിവലിച്ച് കൊണ്ടുപോകാന്‍ വേണ്ടി സജ്ജമാക്കിയിട്ടുള്ള ടാക്സിവേയാണ് ഇത്. സംഭവം സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലിന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

പരിശീലനം സിദ്ധിച്ച പൈലറ്റുമാര്‍ക്ക് റണ്‍വേ കൃത്യമായി മനസിലാക്കാന്‍ മാര്‍ക്ക് ചെയ്തിരിക്കും. അതുപോലെ തന്നെ ടാക്സിവേ തിരിച്ചറിയാനായി പ്രത്യേക ക്രോസ് മാര്‍ക്കും നല്‍കിയിട്ടുണ്ട്. സാധാരണ ഗതിയില്‍ പൈലറ്റുമാര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് ലാന്റിങ് അനുമതി തേടുമ്പോള്‍ വിമാനം താഴേക്ക് കൊണ്ടുവരാനുള്ള കൃത്യമായ പാത നിശ്ചയിച്ച് നല്‍കാറുണ്ട്. ഇതിന് പുറമെ റണ്‍വേ കാണാന്‍ സാധിക്കുന്നുണ്ടോയെന്ന് കണ്‍ട്രോള്‍ ടവറില്‍ നിന്ന് പൈലറ്റിനോട് ചോദിച്ച് ഉറപ്പുവരുത്തുകയും ചെയ്യും.

ട്രെയിനി പൈലറ്റ് ടാക്സിവേ മനസിലാക്കിയത് വളരെ താഴെയെത്തിയ ശേഷം ആയിരിക്കാമെന്നും ഇതിന് പുറമെ എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമായതോടെ റണ്‍വേയിലെ സ്ഥിതി അറിയാത്തതിനാല്‍ പെട്ടെന്ന് അവിടെ ലാന്റ് ചെയ്യാന്‍ സാധിക്കാതിരുന്നതുമാവാം എന്നാണ് റിപ്പോര്‍ട്ടുകള്‍. എടിസി റഡാറില്‍ നിന്ന് അപ്രത്യക്ഷമായിരുന്നതിനാല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ പൈലറ്റ് വിമാനം ടാക്സി വേയില്‍ ലാന്റ് ചെയ്തു എന്നാണ് മുതിര്‍ന്ന് ഉദ്യോഗസ്ഥന്‍ അറിയിച്ചത്. 

സംഭവത്തില്‍ നാഗ്പൂര്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ പ്രതികരിച്ചില്ല. ഡിജിസിഎ വിഷയം അന്വേഷിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. റണ്‍വേയിലും ടാക്സിവേയിലും കൃത്യമായ മാര്‍ക്കിങ് ഉണ്ടെന്ന് നാഗ്പൂര്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ അബിദ് റുഹി പറഞ്ഞു. വനിതാ പൈലറ്റ് ട്രെയിന് ഇതിനോടകം 140 മണിക്കൂര്‍ വിമാനം പറത്തിയിട്ടുണ്ട്. വാണിജ്യ പൈലറ്റ് ലൈസന്‍സ് ലഭിക്കാന്‍ 200 മണിക്കൂര്‍ വിമാനം പറത്തിയിരിക്കണം. എന്നാല്‍ ഇത് ഒറ്റയ്ക്കുള്ള പൈലറ്റിന്റെ ആദ്യ യാത്രയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ശരിക്കും ഭയന്ന് വിറച്ച് ഏറെ നേരം', ആര്‍പിഎഫ് സഹായത്തിനെത്തും വരെ ട്രെയിൻ ടോയ്‌ലറ്റിൽ കുടുങ്ങി യാത്രക്കാരി, വീഡിയോ
ഓസ്ട്രേലിയയിലെ വെടിവയ്പിന് പിന്നിൽ ലഹോർ സ്വദേശി? വീട്ടിൽ റെയ്ഡ് നടന്നതായി പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട്