
മുംബൈ: കാർ വാടകയ്ക്ക് എടുക്കാൻ അനുമതി നിഷേധിച്ചതിനെ തുടർന്ന് പതിനേഴ് ദിവസം പ്രായമുള്ള കുഞ്ഞിനെയും കയ്യിലെടുത്ത് യുവതി നടന്നത് 500 കിലോമീറ്റർ. മുംബൈയിൽ നിന്നും വിദർഭയിലെ വാഷിമിലേക്കായിരുന്നു യുവതിയുടെ കാൽനടയാത്ര. കാർ വാടകയ്ക്ക് എടുക്കാൻ അനുമതി ചോദിച്ചിരുന്നെങ്കിലും ലഭിച്ചില്ലെന്ന് യുവതി പറയുന്നു. ഭക്ഷണമോ പണമോ കയ്യിലില്ലാതെ, വിശ്രമിക്കാതെ കടുത്ത ചൂടിലൂടെ ദിവസങ്ങളായി ഇവർ നടന്നുകൊണ്ടിരിക്കുകയാണ്.
17 ദിവസം മുമ്പായിരുന്നു യുവതി പ്രസവിച്ചത്. അമ്മയെയും കുഞ്ഞിനെയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കുകയും നെഗറ്റീവ് ഫലം ലഭിക്കുകയും ചെയ്തിരുന്നു. നാട്ടിലേക്ക് തിരികെ പോകാൻ വാഹനം ലഭിക്കുന്നതിന് വേണ്ടി മുംബൈ പൊലീസിൽ ഇവർ അപേക്ഷ നൽകിയിരുന്നു. പക്ഷേ അനുമതി നിഷേധിക്കുകയാണുണ്ടാത്.
നഗരത്തിൽ നിന്ന് പുറത്തേയ്ക്ക് പോകാന് ആഗ്രഹിക്കുന്നവരിൽ നിന്നുള്ള അപേക്ഷകൾ പരിഗണിക്കുമെന്ന് മുംബൈ പോലീസ് വ്യക്തമാക്കിയിരുന്നു. വാഹനങ്ങൾക്കും ആളുകൾക്കും കർശനമായ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിലായിരുന്നു ഈ പ്രഖ്യാപനം. ഒഴിവാക്കാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ മാത്രമേ അപേക്ഷ സമർപ്പിക്കാൻ പാടുള്ളൂ എന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. യുവതിയുടെ അപേക്ഷ ആ വിഭാഗത്തിലേക്കാണോ പരിഗണിച്ചതെന്ന വിവരം ലഭ്യമല്ല.
ഇത്തരത്തിൽ നിരവധി ദാരുണ സംഭവങ്ങളാണ് രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നായി പുറത്തു വന്നുകൊണ്ടിരിക്കുന്നത്. യാത്രാ സൗകര്യം ലഭ്യമല്ലാത്തതിനാൽ പല തൊഴിലാളികളും സ്വദേശങ്ങളിലേക്ക് നടന്നു പൊയിക്കൊണ്ടിരിക്കുകയാണ്. ഈ യാത്രയ്ക്കിടെ മരണങ്ങളും സംഭവിക്കുന്നുണ്ട്. ചെറുസംഘങ്ങളായിട്ടാണ് ഇവരുടെ യാത്ര. മൂത്ത കുട്ടിയെ തോളിലും ചെറിയ കുട്ടിയെ ഒക്കത്തും വച്ച് കാൽനടയായി യാത്ര ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam