മതവിദ്വേഷം പ്രചരിപ്പിച്ച കേസ്: യുവതി ഖുര്‍ ആന്‍ വിതരണം ചെയ്യണമെന്ന വിധി തിരുത്തി കോടതി

By Web TeamFirst Published Jul 18, 2019, 10:18 AM IST
Highlights

7000 രൂപ കെട്ടിവെച്ച് രണ്ട് പേരുടെ ആള്‍ജാമ്യത്തില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചാണ് പുതിയ ഉത്തരവിറക്കിയത്. 

റാഞ്ചി: മതവിദ്വേഷം പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായ യുവതിക്ക് ജാമ്യ വ്യവസ്ഥയായി അഞ്ച് ഖുര്‍ ആന്‍ വിതരണം ചെയ്യണമെന്ന ഉത്തരവ് റാഞ്ചി സെഷന്‍സ് കോടതി തിരുത്തി. കോടതി വിധിക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നതിനെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍റെ അപേക്ഷയിലാണ് വ്യവസ്ഥയില്‍ മാറ്റം വരുത്തി പുതിയ ഉത്തരവിറക്കിയത്. ഖുര്‍ ആന്‍ വിതരണം ചെയ്യണമെന്ന വ്യവസ്ഥ നടപ്പാക്കാന്‍ ബുദ്ധിമുട്ടാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് വ്യവസ്ഥയില്‍ മാറ്റം വരുത്തുകയാണെന്ന് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മനീഷ് കുമാര്‍ സിംഗ് വ്യക്തമാക്കി. 7000 രൂപ കെട്ടിവെച്ച് രണ്ട് പേരുടെ ആള്‍ജാമ്യത്തില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചാണ് പുതിയ ഉത്തരവിറക്കിയത്. 

മുസ്ലിം മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ 19കാരിയായ റിച്ച ഭാരതിക്കെതിരെ കേസെടുത്ത പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് കോടതി ജാമ്യ വ്യവസ്ഥയായി ഇസ്ലാം മതഗ്രന്ഥമായ ഖുര്‍ ആന്‍റെ അഞ്ച് കോപ്പി വിതരണം ചെയ്യണമെന്ന് നിര്‍ദേശിച്ചത്. കോടതി ഉത്തരവിനെതിരെ വ്യാപക വിമര്‍ശമുയര്‍ന്നിരുന്നു. യുവതിക്ക് കേസ് നടത്തിപ്പിനായി ഹൈന്ദവ സംഘടനകള്‍ ഫണ്ട് ശേഖരിച്ചിരുന്നു. വിധി പുറപ്പെടുവിച്ച ജഡ്ജിക്കെതിരെ റാഞ്ചി ബാര്‍ അസോസിയേഷനും രംഗത്തുവന്നിരുന്നു.  

സെഷന്‍സ് കോടതി വിധിക്കെതിരെയും പൊലീസ് കേസെടുത്തതിനെതിരെയും മേല്‍ക്കോടതിയെ സമീപിക്കുമെന്ന് റിച്ച ഭാരതി അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റ് എഴുതിയത് താനല്ലെന്നും കോപ്പി ചെയ്ത് അയക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു  യുവതിയുടെ വിശദീകരണം. കോടതി വിധി തന്നെ മാനസികമായി വേദനിപ്പിച്ചെന്നും മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ റിച്ച പറഞ്ഞു. 
 

click me!