
കൊൽക്കത്ത: ഭർത്താവിനെ ഉപേക്ഷിച്ച് വീടുവിട്ടിറങ്ങിയ യുവതിയുടെ സ്വർണ്ണവും പണവും അപഹരിച്ച് കാമുകൻ കടന്നുകളഞ്ഞതായി പരാതി. കുറച്ച് മാസങ്ങൾക്ക് മുമ്പ് സോഷ്യൽമീഡിയ വഴി പരിചയപ്പെട്ട യുവാവിനൊപ്പം ഒളിച്ചോടാൻ വീടുവിട്ടിറങ്ങിയതായിരുന്നു യുവതി. അഞ്ച് ലക്ഷം രൂപയുടെ സ്വർണ്ണവുമായാണ് കാമുകൻ കടന്നുകളഞ്ഞതെന്ന് യുവതി പൊലീസിൽ നൽകിയ പരാതിയിൽ ആരോപിച്ചു.
ആഗസ്റ്റിലാണ് സോഷ്യൽമീഡിയ വഴി പൊലീസുകാരനാണെന്ന് പറഞ്ഞ് പരിചയപ്പെട്ട യുവാവുമായി യുവതി സൗഹൃദത്തിലാകുന്നത്. ആ സൗഹൃദം വളർന്ന് ഇരുവരും തമ്മിൽ പ്രണയത്തിലാകുകയും ഒളിച്ചോടാൻ തീരുമാനിക്കുകയുമായിരുന്നു. തനിക്കൊപ്പം ഒരു പുതിയ ജീവിതം തുടങ്ങാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു വീടുവിട്ടിറങ്ങാൻ യുവാവ് തന്നെ പ്രേരിപ്പിച്ചതെന്നും യുവതി പറഞ്ഞു.
കഴിഞ്ഞ ആഴ്ചയായിരുന്നു ഭർത്താവിനെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം ഒളിച്ചോടിയത്. ശ്രീഭൂമിയ്ക്ക് സമീപത്തുവച്ച് ഇരുവരും കാണുകയും ബൈക്കിൽ നഗരം ചുറ്റുകയും ചെയ്തു. വൈകുന്നേരം ആന്ദപൂറിലെത്തിയപ്പോഴായിരുന്നു യുവതിയെ കബളിപ്പിച്ച് കാമുകൻ കടന്നുകളഞ്ഞത്. ഭർത്താവ് നമ്മളുടെ പദ്ധതി മനസ്സിലാക്കിയിട്ടുണ്ടെന്നും തന്റെ വീട്ടിലെത്തിയ അയാൾ വീട്ടുകാരുമായി തർക്കത്തിലാകുകയും ചെയ്തെന്ന് കള്ളം പറഞ്ഞായിരുന്നു യുവാവ് സ്ഥലത്തുനിന്നും പോയത്. യുവതിയുടെ കയ്യിൽ ഉണ്ടായിരുന്ന പണവും സ്വർണ്ണവുമടങ്ങിയ ബാഗും ഫോണും സുരക്ഷിതമായ ഒരിടത്ത് വയ്ക്കാമെന്ന് പറഞ്ഞ് വാങ്ങുകയും ചെയ്തിരുന്നു. തുടർന്ന് യുവതിയോട് അടുത്തുള്ളൊരു ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
വൈകിട്ട് പോയ യുവാവ് രാത്രി പത്ത് മണിയായിട്ടും വരാത്തായപ്പോൾ താൻ ചതിക്കെപ്പെട്ടതായി യുവതിക്ക് മനസ്സിലായി. ഇതിനിടെ അതുവഴി പട്രോളിങ്ങിനെത്തിയ പൊലീസ് യുവതിയെ കാണുകയും വിവരം അന്വേഷിക്കുകയും ചെയ്തു. തുടർന്ന് യുവതിയുടെ സഹോദരിയെ വിളിപ്പിക്കുകയും യുവതിയെ കൂട്ടിക്കൊണ്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്തു. യുവതിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും ലേക്ക് ടൗൺ പൊലീസ് പറഞ്ഞു.
യുവാവിന്റെ ഫോൺ സ്വിച്ചിഡ് ഓഫാണെന്ന് സോഷ്യൽമീഡിയയിൽ കൊടുത്തിരിക്കുന്ന പ്രൊഫൈലടക്കം വ്യാജമാണെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കൊൽക്കത്തിയിലെ ലേക്ക് ടൗൺ സ്വദേശിയായ യുവതി ഒരു പെൺകുട്ടിയുടെ അമ്മയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam