പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയക്ക് ശേഷം മെഡിക്കല്‍ ക്യാമ്പില്‍ സ്ത്രീകള്‍ കിടക്കുന്നത് വെറുംനിലത്ത്

By Web TeamFirst Published Dec 1, 2019, 3:51 PM IST
Highlights

മതിയായ കിടക്കകള്‍ ലഭ്യമാക്കണമെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍

ഭോപ്പാല്‍: കിടക്കളില്ലാത്തതിനെത്തുടര്‍ന്ന് പ്രസവം നിര്‍ത്തിയ നാല്‍പ്പതോളം സ്ത്രീകള്‍ വിശ്രമിക്കുന്നത് വെറും നിലത്ത്. മധ്യപ്രദേശിലെ വിദിഷയിലെ ഒരു മെഡിക്കല്‍ ക്യാമ്പിലാണ് 37 സ്ത്രീകള്‍ പ്രസവം നിര്‍ത്തുന്നതിനുള്ള ശസ്ത്രക്രിയക്ക് ശേഷം വെറും നിലത്ത് വിശ്രമിച്ചത്. 

സംഭവം അംഗീകരിക്കാനാവില്ലെന്നും ആശുപത്രികള്‍ക്ക് ആവശ്യമായ കിടക്കകള്‍ നല്‍കണമെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ എസ് അഹിര്‍വാര്‍ പറഞ്ഞു. 

സംഭവം അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ വേണ്ട നടപടി സ്വീകരിക്കുമെന്നും അദ്ദേഹം എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ''ഇത്തരം കാര്യങ്ങള്‍ അംഗീകരിക്കാനാവില്ല. ആശുപത്രി അധികൃതരോട് ഞങ്ങള്‍ ചോദിക്കും'' - ഓഫീസര്‍ പറഞ്ഞു. 

സംഭവം വാര്‍ത്തയായതോടെ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. നരേഷ് ബാഘലിനെ തല്‍സ്ഥാനത്തുനിന്ന് നീക്കി. സമാനമായ സംഭവം കഴിഞ്ഞ ദിവസം ഇതേ ജില്ലയിലെ ഒരു മെഡിക്കല്‍ സെന്‍ററില്‍ നടന്നിരുന്നു. പ്രസവം നിര്‍ത്തുന്ന ശസ്ത്രക്രിയക്ക് ശേഷം 13 സ്ത്രീകളാണ് കിടക്കയില്ലാത്തതിനാല്‍ നിലത്തുകിടന്നത്. 

click me!