
ദില്ലി: ഓപ്പറേഷൻ സിന്ദൂറിലെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ഉന്നത പ്രതിരോധ വൃത്തങ്ങൾ. ഓപ്പറേഷന്റെ സ്വഭാവവും വ്യാപ്തിയും പാകിസ്ഥാൻ സൈന്യത്തിനുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തിയുമാണ് പുതിയ വെളിപ്പെടുത്തലിൽ പുറത്തുവന്നത്. ഉയർന്ന തീവ്രതയുള്ള അർദ്ധരാത്രി ഓപ്പറേഷനിൽ നിരവധി ഇന്ത്യൻ വനിതാ പൈലറ്റുമാർ പങ്കെടുത്തു. 170 ലധികം തീവ്രവാദികളെയാണ് ഇല്ലാതാക്കിയത്. പ്രധാന തീവ്രവാദ കേന്ദ്രമായ ബഹവൽപൂരിലാണ് പരമാവധി നാശനഷ്ടങ്ങൾ ഉണ്ടാക്കിയതെന്നും വൃത്തങ്ങൾ പറഞ്ഞു. പാകിസ്ഥാൻ വ്യോമതാവളങ്ങളെ ലക്ഷ്യമിട്ട് ബ്രഹ്മോസ് മിസൈലുകൾ അയച്ചു. ബ്രഹ്മോസ് ഗുരുതരമായ നാശനഷ്ടങ്ങൾ വരുത്തി. നിരവധി വ്യോമതാവളങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചുവെന്നും പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആസൂത്രണം ചെയ്ത എല്ലാ ലക്ഷ്യങ്ങളിലും സൈന്യമെത്തിയെന്നും പറയുന്നു. ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയ്ക്ക് 7 സൈനികരെ നഷ്ടപ്പെട്ടപ്പോൾ, ഇന്ത്യൻ ആക്രമണങ്ങളിൽ 42 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു.
മുഖം രക്ഷിക്കാൻ പാകിസ്ഥാൻ എന്തെങ്കിലും ചെയ്യാൻ ശ്രമിക്കും. നമ്മുടെ സേനയോട് സജ്ജരായിരിക്കാൻ പറഞ്ഞിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, താൽക്കാലികമായി നിർത്തിവച്ചിരിക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും വൃത്തങ്ങൾ പറഞ്ഞു.
2017-ൽ ചൈനയുമായുള്ള ഡോൿലാം സംഘർഷത്തിന് ശേഷം എടുത്ത തന്ത്രപരമായ തീരുമാനങ്ങളാണ് ഓപ്പറേഷൻ സിന്ദൂരിന്റെ വിജയത്തിന് കാരണമെന്ന് വൃത്തങ്ങൾ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂരിനെ തുടർന്ന് ഉണ്ടായ കനത്ത നഷ്ടങ്ങളും പൊതുജന നാണക്കേടും കണക്കിലെടുത്ത്, കരസേനാ മേധാവി ജനറൽ അസിം മുനീറിനെ ഫീൽഡ് മാർഷലായി സ്ഥാനക്കയറ്റം നൽകാനുള്ള പാകിസ്ഥാൻ തീരുമാനത്തെ മുഖം രക്ഷിക്കാനുള്ള നടപടിയാണെന്നും വൃത്തങ്ങൾ വിശേഷിപ്പിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam