
ദില്ലി: വനിത സംവരണ ബില്ലിൽ 'ഇന്ത്യ' സഖ്യത്തിന്റെ പിന്തുണ അർദ്ധ മനസോടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശിലെ പൊതുസമ്മേള്ളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മധ്യപ്രദേശില്‍ വലിയ വികസനം സാധ്യമാക്കാൻ ബിജെപിക്കായെന്നും കോണ്‍ഗ്രസ് കാലത്ത് മധ്യപ്രദേശ് ദരിദ്ര സംസ്ഥാനമായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. മധ്യപ്രദേശിനെ ഉന്നതങ്ങളിലെത്തിക്കാൻ ബിജെപിക്കായി. മധ്യപ്രദേശിലെ കോണ്‍ഗ്രസ് ഭരണം കാണാൻ ഇപ്പോഴത്തെ യുവാക്കള്‍ക്കിടയായിട്ടുണ്ടാകില്ല. എന്നാൽ കോണ്‍ഗ്രസിന്‍റ കാലത്ത് കോടികളുടെ അഴിമതിയാണ് മധ്യപ്രദേശില്‍ നടന്നിട്ടുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു. എവിടെയൊക്കെ കോണ്‍ഗ്രസ് ഭരിച്ചിട്ടുണ്ടോ അവിടെയൊക്കെ ഭരിച്ച് നശിപ്പിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.
ദാര്രിദ്ര്യ നിര്‍മാർജ്ജന മുദ്രാവാക്യം മുന്നോട്ട് വച്ച കോണ്‍ഗ്രസിന് അത് സാധ്യമാക്കാനായില്ലെന്നും ബിജെപിയാണ് ദാരിദ്ര്യ നിര്‍മാർജനം സാധ്യമാക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 13 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കാൻ ബിജെപിക്കായെന്നും വനിത സംവരണ ബില്ലും ബിജെപിക്ക് നടപ്പാക്കാനായെന്നും പ്രധാനമന്ത്രി പറഞ്ഞു. മൂന്ന് ദശാബ്ദത്തോളം കാലം പ്രതിപക്ഷം വനിത സംവരണം നടപ്പാക്കാതെ തടഞ്ഞുവെച്ചെന്നും പ്രധാനമന്ത്രി ആരോപിച്ചു.
അതേസമയം രാഹുൽഗാന്ധിയുടെ വീഡിയോ ഷൂട്ടുകൾക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. പാവപ്പെട്ടവരുടെ ജീവിതം കോൺഗ്രസ് നേതാക്കൾക്ക് അഡ്വഞ്ചർ ടൂറിസവും വീഡിയോ ഷൂട്ടിംഗ് നടത്താനുള്ള സ്ഥലവുമായെന്ന് മോദി വിമർശിച്ചു. കർഷകരുടെ കൃഷി സ്ഥലവും ഫോട്ടോ ഷൂട്ടിങ്ങിനുള്ള വേദിയായി മാറിയെന്നും എന്നാൽ രാജ്യത്തേക്കാളും ജനങ്ങളെക്കാളും വലുതായി തനിക്ക് ഒന്നുമില്ലെന്നും നരേന്ദ്ര മോദി കൂട്ടിചേർത്തു.
Also Read: സോളാർ ഗൂഢാലോചനാ കേസ്: ഗണേഷ് കുമാർ നേരിട്ട് ഹാജരാകണം, കോടതി നിർദ്ദേശം
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മധ്യപ്രദേശ് ബിജെപിയില്‍ കൊഴിഞ്ഞുപോക്ക് തുടരുകയാണ്. കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, നരേന്ദ്ര സിങ് തോമർ തുടങ്ങിയ നേതാക്കളുടെ തട്ടകമായ ഗ്വാളിയോർ-ചമ്പൽ മേഖലയിലെ നേതാക്കളാണ് ഈ മാസമാദ്യം ബിജെപി വിട്ടത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ നിരവധി ബിജെപി നേതാക്കളാണ് രാജിവെച്ച് കോൺഗ്രസിൽ ചേർന്നത്. മുൻ മുഖ്യമന്ത്രി കൈലാഷ് ജോഷിയുടെ മകനും മുൻ മന്ത്രിയുമായ ദീപക് ജോഷി, മുൻ എംഎൽഎ രാധേലാൽ ബാഗേൽ, മുൻ എംഎൽഎ കൻവർ ധ്രുവ് പ്രതാപ് സിങ് തുടങ്ങിയവരാണ് രാജിവെച്ച പ്രമുഖ ബിജെപി നേതാക്കള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam