ഈഫല്‍ ടവറിനേക്കാള്‍ ഉയരം; റെയില്‍വേയുടെ നിര്‍മ്മാണങ്ങളില്‍ നാഴികക്കല്ലായി ഈ പാലം

Published : Apr 08, 2021, 09:26 AM IST
ഈഫല്‍ ടവറിനേക്കാള്‍ ഉയരം; റെയില്‍വേയുടെ നിര്‍മ്മാണങ്ങളില്‍ നാഴികക്കല്ലായി ഈ പാലം

Synopsis

1486 കോടി രൂപ ചെലവിലാണ് ഈ പാലം നിര്‍മ്മിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ഉയരമുള്ള നിര്‍മ്മിതികളിലൊന്നായ പാരീസിലെ ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരം കൂടുതലാണ് ഈ പാലത്തിന്.

ശ്രീനഗര്‍:ഈഫല്‍ ടവറിനേക്കാള്‍ ഉയരമുള്ള റെയില്‍വേ പാലത്തിന്‍റെ പണി പൂര്‍ത്തിയായി. ജമ്മുകശ്മീരില്‍ ചെനാബ് നദിക്ക് കുറുകെയാണ് ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള റെയില്‍വേ പാലം നിര്‍മ്മിച്ചിരിക്കുന്നത്. നോര്‍ത്തേണ്‍ റെയില്‍വേയുടെ നിര്‍മ്മാണങ്ങളില്‍ നാഴികക്കല്ലായിരിക്കുകയാണ് ഈ നിര്‍മ്മിതി. കശ്മീര്‍ താഴ്വരയിലേക്ക് എത്താന്‍ വേഗം കൂട്ടുന്നതാണ് 1.3 കിലോമീറ്റര്‍ നീളമുള്ള ഈ പാലം. 1486 കോടി രൂപ ചെലവിലാണ് ഈ പാലം നിര്‍മ്മിച്ചിരിക്കുന്നത്.

ഉധംപൂര്‍ - ശ്രീനഗര്‍ - ബാരാമുള്ള റെയില്‍വേ പാതയെ ബന്ധിക്കുന്നതാണ് ഈ പാലം. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ഉയരമുള്ള നിര്‍മ്മിതികളിലൊന്നായ പാരീസിലെ ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരം കൂടുതലാണ് ഈ പാലത്തിന്. പാലത്തിലെ അവസാന മെറ്റല്‍ പീസ് സ്ഥാപിച്ചത് തിങ്കളാഴ്ചയാണെന്നാണ് റെയില്‍വേ മന്ത്രാലയം വിശദമാക്കുന്നത്. 28660 മെട്രിക് ടണ്‍ സ്റ്റീലാണ് പാലത്തിന്‍റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്.

10 ലക്ഷം ക്യുബിക് മീറ്റര്‍ എര്‍ത്ത് വര്‍ക്കും 66000 ക്യുബിക് മീറ്റര്‍ കോണ്‍ക്രീറ്റും പാലത്തിന്റെ നിര്‍മ്മിതിക്ക് ഉപയോഗിച്ചിട്ടുണ്ട്. ഈ പാലം കത്രയില്‍ നിന്ന് ശ്രീനഗറിലേക്കുള്ള യാത്രയ്ക്ക് 5 മുതല്‍ 6 മണിക്കൂര്‍ വരെ ലാഭിക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്. വൈഷ്ണോ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്ന റൈസി ജില്ലയിലാണ് ഈ പാലം. വിനോദസഞ്ചാരത്തിനും തീര്‍ത്ഥാടനത്തിനും ഈ പാത വലിയ സഹായകരമാകുമെന്നാണ് കണക്കുകൂട്ടല്‍.

റിക്ടര്‍ സ്കെയിലില്‍ 7 പോയിന്‍റെ വരെ രേഖപ്പെടുത്തിയ ഭൂകമ്പങ്ങളെ അതിജീവിക്കാന്‍ ഉതകുന്ന രീതിയിലാണ് പാലത്തിന്‍റെ നിര്‍മ്മാണം. ഉധംപൂര്‍ ശ്രീനഗര്‍ ബാരാമുള്ള റെയില്‍വേ പാതയുടെ ഭാഗമായി കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് പാലം നിര്‍മ്മിച്ചത്.

PREV
click me!

Recommended Stories

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?
പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം