തട്ടിപ്പുകളിൽ ആശങ്ക; പ്രവാസികളുടെ വിവാഹം സംബന്ധിച്ച് സമഗ്രമായ നിയമം വേണമെന്ന് നിയമ കമ്മീഷൻ ശുപാർശ

Published : Feb 16, 2024, 11:05 PM IST
തട്ടിപ്പുകളിൽ ആശങ്ക; പ്രവാസികളുടെ വിവാഹം സംബന്ധിച്ച് സമഗ്രമായ നിയമം വേണമെന്ന് നിയമ കമ്മീഷൻ ശുപാർശ

Synopsis

ഇന്ത്യയിൽ സ്ഥിരതാമസമാക്കിയവരെ വിവാഹം ചെയ്യുന്ന പ്രവാസികൾ ഉള്‍പ്പെടുന്ന വിവാഹങ്ങളിലെ തട്ടിപ്പുകള്‍ വര്‍ദ്ധിച്ചുവരുന്നത് അസ്വസ്ഥപ്പെടുത്തുന്ന കാര്യമാണെന്ന് റിപ്പോര്‍ട്ട് സമർപ്പിച്ചുകൊണ്ട് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‍വാളിന് നൽകിയ ആമുഖ കത്തിൽ  വിശദീകരിക്കുന്നു.

ന്യൂഡൽഹി: പ്രവാസികളും രാജ്യത്ത് സ്ഥിരതാമസമുള്ളവരും തമ്മിലുള്ള വിവാഹങ്ങളിലെ തട്ടിപ്പുകള്‍ അവസാനിപ്പിക്കാൻ സമഗ്രമായ നിയമ നിര്‍മാണം വേണമെന്ന് നിയമ കമ്മീഷൻ ശുപാര്‍ശ. ഇത്തരം തട്ടിപ്പുകള്‍ വളരെ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും ജസ്റ്റിസ് റിതു രാജ് അവാസ്തിയുടെ അധ്യക്ഷതയിലുള്ള പാനൽ കേന്ദ്ര നിയമ മന്ത്രാലയത്തിന് നൽകിയ റിപ്പോര്‍ട്ടിൽ വിശേഷിപ്പിക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള  പരിഹാരമായി  'പ്രവാസി ഇന്ത്യക്കാരുടെയും വിദേശ ഇന്ത്യൻ പൗരന്മാരുടെയും (Non-Resident Indians and overseas Citizens of India) വിവാഹ സംബന്ധമായ നിയമം' കൊണ്ടുവരണമെന്നാണ് നിർദേശം.

പ്രവാസികളും വിദേശ ഇന്ത്യൻ പൗരന്മാരും, ഇന്ത്യയിൽ സ്ഥിര താമസമുള്ള പൗരന്മാരെ വിവാഹം ചെയ്യുന്നതുമായി ബന്ധപ്പെട്ട എല്ലാ മേഖലകളും സ്പര്‍ശിക്കുന്ന സമഗ്രമായ നിയമമാണ് ആവശ്യമെന്ന് സമിതി അധ്യക്ഷൻ അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ സ്ഥിരതാമസമാക്കിയവരെ വിവാഹം ചെയ്യുന്ന പ്രവാസികൾ ഉള്‍പ്പെടുന്ന വിവാഹങ്ങളിലെ തട്ടിപ്പുകള്‍ വര്‍ദ്ധിച്ചുവരുന്നത് അസ്വസ്ഥപ്പെടുത്തുന്ന കാര്യമാണെന്ന് റിപ്പോര്‍ട്ട് സമർപ്പിച്ചുകൊണ്ട് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‍വാളിന് നൽകിയ ആമുഖ കത്തിൽ അദ്ദേഹം വിശദീകരിക്കുന്നു. ഇത്തരം വിവാഹങ്ങള്‍ തട്ടിപ്പുകളായി മാറുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ വരികയും അവ വര്‍ദ്ധിക്കുന്ന പ്രവണതകള്‍ കാണുകയും ചെയ്യുന്നു. ഇത് ഇന്ത്യക്കാരായ പങ്കാളികളെ, പ്രത്യേകിച്ച് സ്ത്രീകളെ അപകടകരമായ സാഹചര്യങ്ങളിലേക്ക് നയിക്കുന്നുവെന്നും ഈ കത്തിൽ പറയുന്നു.

പുതിയതായി കൊണ്ടുവരുന്ന നിയമം പ്രവാസികള്‍ക്ക് മാത്രം ബാധകമാക്കി ചുരുക്കരുതെന്നും 1955ലെ പൗരത്വ നിയമം അനുസരിച്ച് Overseas Citizens of India എന്ന് നിർവചിച്ചിരിക്കുന്നവര്‍ക്ക് കൂടി ബാധകമാക്കണമെന്നും സമിതി അറിയിച്ചിട്ടുണ്ട്. വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരും ഇന്ത്യയിൽ സ്ഥിരതാമസമാക്കിയവരും തമ്മിലുള്ള വിവാഹങ്ങളെല്ലാം ഇന്ത്യയിൽ തന്നെ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്ന നിർദേശവുമുണ്ട്. ഇതിന് പുറമെ ഇത്തരം വിവാഹങ്ങളുമായി ബന്ധപ്പെടുന്ന വിവാഹ മോചനം, പങ്കാളികളുടെ ജീവനാംശം, കുട്ടികളുടെ സംരക്ഷണാവകാശം, സമൻസ് - വാറണ്ട് - നിയമപരമായ മറ്റ് രേഖകള്‍ എന്നിവ സംബന്ധിച്ചുള്ള നടപടികള്‍ എന്നിവയെക്കുറിച്ചെല്ലാം പുതിയ കേന്ദ്ര നിയമത്തിൽ ചട്ടങ്ങളുണ്ടാവണം എന്നും ശുപാർശയിലുണ്ട്. 

പാസ്‍പോർട്ടിൽ വിവാഹത്തിന്റെ കാര്യം രേഖപ്പെടുത്തുന്നത് നിര്‍ബന്ധമാക്കുന്ന തരത്തിൽ 1967ലെ പാസ്‍പോർട്ട് നിയമത്തിൽ ഭേദഗതി കൊണ്ടുവരണമെന്നതാണ് സമിതിയുടെ മറ്റൊരു നിര്‍ദേശം. ദമ്പതികളുടെ പാസ്‍പോർട്ടുകള്‍ പരസ്പരം ബന്ധിപ്പിക്കുകയും വിവാഹ രജിസ്ട്രേഷൻ നമ്പര്‍ ദമ്പതികളിൽ രണ്ട് പേരുടെയും പാസ്‍പോര്‍ട്ടിൽ രേഖപ്പെടുത്തണമെന്നും നിർദേശങ്ങളിൽ പറയുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കർഷകർക്കായി കേന്ദ്രം അനുവദിച്ച യൂറിയ മറിച്ചുവിറ്റു; കണ്ടെടുത്തത് 180 ടൺ യൂറിയ, സംഭവം കർണാടകയിൽ
ബിജെപി കാത്തിരുന്ന് നേടിയ വൻ വിജയം, 94 ദിവസത്തിന് ശേഷം ചെയർമാനെ തെരഞ്ഞെടുത്തു; അമുൽ ഡയറിക്ക് ഇനി പുതിയ നേതൃത്വം