
ന്യൂഡല്‍ഹി: ഗുസ്തി താരങ്ങളെ അനുനയിപ്പിക്കാന്‍ തുടര്‍നീക്കങ്ങളുമായി കേന്ദ്രം. സമരം ചെയ്ത താരങ്ങള്‍ക്ക് പരിശീലനത്തിന് വേണ്ടത്ര സമയം ലഭിക്കാത്തതിനാല്‍ ഏഷ്യന്‍ ഗെയിംസിലേക്കുള്ള യോഗ്യതാ മത്സരങ്ങള്‍ നടത്തുന്നത് നീട്ടിവയ്ക്കാന്‍ ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ സംഘാടകര്‍ക്ക് കത്തയച്ചു. താരങ്ങള്‍ വീണ്ടും സമരം പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് നടപടി.
ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യക്കാണ് ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ കത്തയച്ചിരിക്കുന്നത്. ഈ മാസം നടത്താനിരുന്ന ഏഷ്യന്‍ ഗെയിംസിനും ലോക ചാംപ്യന്‍ഷിപ്പിനും മുന്നോടിയായുള്ള ഗുസ്തി യോഗ്യതാ മത്സരങ്ങള്‍ ആഗസ്റ്റിലേക്ക് മാറ്റണമെന്നാണ് അഭ്യര്‍ത്ഥന. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പാരീസ് ഒളിംപിക്‌സിന്റെ മുന്നൊരുക്കം കൂടിയാണ് ഈ ട്രയല്‍സ്. സമരം ചെയ്ത 6 താരങ്ങള്‍ക്ക് പരിശീലനത്തിന് വേണ്ടത്ര സമയം ലഭിക്കാത്തതിനാല്‍ പ്രത്യേകമായി അഭ്യര്‍ത്ഥന പരിഗണിക്കണമെന്നാണാവശ്യം. കത്ത് ലഭിച്ചാല്‍ നടപടിയുണ്ടാകുമെന്ന് ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യ തലവനും ഇന്ത്യാക്കാരനുമായ രണ്‍ധിര്‍ സിംഗ് പ്രതികരിച്ചു.
ഏഷ്യാഡ് ട്രയല്‍സ് നടത്തുന്നത് നീട്ടി വയ്ക്കണമെന്ന് നേരത്തെ കേന്ദ്രമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലും താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. പോക്‌സോ കേസ് റദ്ദായ പശ്ചാത്തലത്തില്‍ ബ്രിജ് ഭൂഷണെ ഉടന്‍ അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പായതോടെ വീണ്ടും സമരം തുടങ്ങിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് താരങ്ങളുടെ മറ്റ് ആവശ്യങ്ങള്‍ നടപ്പാക്കാനുള്ള ഇടപെടല്‍. സെപ്തംബര്‍ 23 മുതല്‍ ഒക്ടോബര്‍ 8 വരെ ചൈനയിലാണ് ഏഷ്യന്‍ ഗെയിംസ് മത്സരങ്ങള്‍ നടക്കുന്നത്. ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ് സമരം ചെയ്ത താരങ്ങള്‍.
കറങ്ങുന്ന ഫാനില്‍ നിന്നും താഴെയ്ക്ക് ഇറങ്ങാന്‍ ശ്രമം നടത്തുന്ന പാമ്പ്; പിന്നീട് സംഭവിച്ചത്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam