
മഹാബലിപുരം: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങുമായുള്ള അനൗപചാരിക ഉച്ചകോടി ഇന്ന് മഹാബലിപുരത്ത് സമാപിക്കും. പരസ്പരവിശ്വാസം കൂട്ടാനുള്ള നടപടികൾ ഇരുരാജ്യങ്ങളും പ്രഖ്യാപിക്കും. ഇരുവരും നടത്തുന്ന കൂടിക്കാഴ്ചയില്‍ മറ്റ് എന്തെല്ലാം തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് രാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്.
ഭീകരവാദവും മതമൗലികവാദവും സംയുക്തമായി ചെറുക്കാൻ ഇരുനേതാക്കളും ഇന്നലെ തീരുമാനിച്ചിരുന്നു. ഇന്നലെ അത്താഴവിരുന്നിനിടെ നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങും ഒരുമണിക്കൂറിലധികം ചര്‍ച്ച നടത്തിയിരുന്നു. മുന്‍കൂട്ടി നിശ്ചയിക്കാത്ത ചര്‍ച്ചയായിരുന്നു നടന്നത്.
ഇന്നത്തെ ചര്‍ച്ചകള്‍ക്ക് ശേഷം രണ്ട് രാജ്യങ്ങളും പ്രത്യേകം വാര്‍ത്താകുറിപ്പ് പുറത്തിറക്കാനാണ് സാധ്യത. ജമ്മുകശ്മീര്‍ വിഷയത്തില്‍ എന്ത് ചര്‍ച്ച നടന്നു എന്ന കാര്യം വ്യക്തമാകും. വ്യാപര രംഗത്ത് സഹകരണം ശക്തമാക്കാനുള്ള നടപടികള്‍ തുടങ്ങിയവ രണ്ട് നേതാക്കളും അനൗപചാരിക ഉച്ചകോടിയില്‍ തീരുമാനിക്കാനാണ് സാധ്യത.
ജമ്മുകശ്മീര്‍ വിഷയത്തില്‍ കടുത്ത ഭിന്നതയാണ് ഒരുമാസത്തിന് മുമ്പ് ഇന്ത്യക്കും ചൈനയ്ക്കും ഇടയില്‍ ഉടലെടുത്തിരുന്നത്. എന്നാല്‍ വലിയ സൗഹൃദത്തിന്‍റെ അന്തരീക്ഷത്തിലാണ് ഉച്ചകോടിയുടെ തുടക്കം. തമിഴ് പരമ്പരാഗത വേഷത്തിലെത്തിയായിരുന്നു ചൈനീസ് പ്രസിഡന്‍റിനെ പ്രധാനമന്ത്രി സ്വീകരിച്ചത്.
പൈതൃക സ്മാരകങ്ങള്‍ പിന്നീട് രണ്ടുപേരും നടന്ന് കാണുകയും ചെയ്തിരുന്നു. അതേസമയം പാക് കേന്ദ്രീകൃത ഭീകരവാദം പ്രധാനമന്ത്രി മോദി കൂടിക്കാഴ്ചയില്‍ ഉന്നയിച്ചെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മോദി, ഷീ ജിന്‍പിങ്ങ് കൂടിക്കാഴ്ചയില്‍ സാമ്പത്തിക, വ്യാപാര സഹകരണം ചർച്ചയായെന്നും കൂടാതെ മതമൗലികവാദവും ഭീകരവാദവും ഒന്നിച്ചെതിർക്കണമെന്ന് ഇരു നേതാക്കളും അഭിപ്രായപ്പെട്ടെന്നും വിദേശകാര്യ മന്ത്രാലയം പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam