
ഭുവനേശ്വർ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട യാസ് ചുഴലിക്കാറ്റ് ഒഡീഷ തീരം തൊട്ടു. ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ ഒഡീഷ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ കനത്ത മഴയും കാറ്റും തുടരുകയാണ്. കൊൽക്കത്ത, ഭൂവനേശ്വർ വിമാനത്താവളങ്ങൾ അടച്ചു. 13 ലക്ഷം പേരെ ഒഴിപ്പിച്ചു. ഒഡീഷയിലെ ബാലസോറിനും ധമ്റയ്ക്കും ഇടയിൽ ചുഴലിക്കാറ്റിനെ തുടർന്ന് തീരപ്രദേശങ്ങളിൽ വെള്ളം കയറി. പശ്ചിമബംഗാളിലെ അഞ്ചു ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. ചുഴലിക്കാറ്റ് ഝാർഖണ്ടിലേക്ക് നീങ്ങുമെന്നാണ് മുന്നറിയിപ്പ്.
മണിക്കൂറിൽ 130 മുതൽ 140 കിലോമീറ്റർ വരെ വേഗതയിലാണ് യാസ് ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് എത്തിയത്. ബാലസോറിനും ധമ്രയ്ക്കും ഇടയ്ക്ക് പലയിടത്തും തിരമാലകൾ നാലു മീറ്റർ വരെ ഉയർന്നു. ധമ്രയിലും ഭദ്രകിലും ജനവാസ കേന്ദ്രങ്ങളിലും വെള്ളം കയറി. തീരത്ത് നിന്ന് രണ്ടു ലക്ഷത്തിലധികം പേരെ ഒഡീഷ ഒഴിപ്പിച്ചിരുന്നു. മയൂബ്ഗഞ്ച് ജില്ലയിലേക്കാണ് കാറ്റ് നീങ്ങുന്നത്. ചുഴലിക്കാറ്റിന്റെ തീവ്രത രണ്ടു മണിക്കൂറിൽ കുറഞ്ഞു തുടങ്ങും എന്നാണ് പ്രതീക്ഷ.
പശ്ചിമ ബംഗാളിലെ മെദിനിപ്പുരിലെ ദിഗയിൽ കടൽക്ഷോഭത്തെ തുടർന്ന് തീരുത്തുള്ളവരെയാകെ ഒഴിപ്പിച്ചു. പതിനൊന്ന് ലക്ഷം പേരെയാണ് പശ്ചിമ ബംഗാൾ മാത്രം ഒഴിപ്പിച്ചത്. മമത ബാനർജി സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇന്നലെ മുതൽ തുടരുകയാണ്. കൊൽക്കത്തയ്ക്കടുത്ത നോർത്ത് 24 പർഗാനസിൽ രണ്ടു പേർ ഇടിമിന്നലേറ്റ് മരിച്ചു. ശക്തമായ കാറ്റിൽ മരങ്ങൾ വീണു. മെദിനിപ്പൂർ, സൗത്ത് 24 പർഗാനസ് ഹൂഗ്ളി എന്നീ ജില്ലകളിലും കനത്ത മഴ തുടരുന്നു. കൊലക്കത്ത വിമാനത്താവളം 12 മണിക്കൂർ സമയത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. നാലായിരം താൽക്കാലിക കേന്ദ്രങ്ങൾ ബംഗാളിൽ തീരത്ത് നിന്ന് ഒഴിപ്പിച്ചവർക്കായി തുറന്നു. ദുരന്തനിവരണ സേനയുടെ അറുപത് കമ്പനികൾ ഈ മേഖലയിലുണ്ട്. നാവിക സേനയുടെ രണ്ട് കപ്പലുകൾ എന്തും നേരിടാൻ തീരത്തുന്നുണ്ട്.
ചുഴലിക്കാറ്റ് ഇനി ഝാർഖണ്ടിലേക്ക് നീങ്ങുമെന്നാണ് മുന്നറിയിപ്പ്. ഝാർഖണ്ടിലും ബംഗാളിലും കനത്ത മഴ തുടരും. മൂന്നു ദിവസമായി തുടരുന്ന മുൻകരുതൽ നടപടികൾ എന്തായാലും ആളപായം കുറയ്ക്കാൻ സഹായിച്ചു എന്നാണ് ഇതുവരെയുള്ള വിലയിരുത്തൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam