ആശങ്കയുടെ മുള്‍മുനയില്‍ കോണ്‍ഗ്രസും ജെഡിഎസും; 'ക്രിക്കറ്റ്' കളിച്ച് യെദ്യൂരപ്പയും എംഎല്‍എമാരും

By Web TeamFirst Published Jul 17, 2019, 10:27 AM IST
Highlights

ഭരണം തുലാസിലായതിന്‍റെ ആശങ്കയില്‍ മുഖ്യമന്ത്രിയും കൂട്ടരും നെട്ടോട്ടമോടുന്നതിനിടയിലാണ് ഏറെ ആസ്വദിച്ച് ക്രിക്കറ്റ് കളിക്കുന്ന യെദ്യൂരപ്പയുടെ ചിത്രം ബിജെപി മീഡിയ സെല്‍ പുറത്തുവിട്ടത്. പാര്‍ട്ടി എംഎല്‍എമാരുമൊത്തായിരുന്നു യെദ്യൂരപ്പ ഗ്രൗണ്ടിലിറങ്ങിയത്. 

ബംഗളൂരു: രാജി വച്ച വിമത എംഎല്‍എമാരുടെ ഹര്‍ജിയില്‍ സുപ്രീംകോടതി എന്ത് തീരുമാനമെടുക്കുമെന്ന് കര്‍ണാടകയൊന്നാകെ ഉറ്റുനോക്കിയ ചൊവ്വാഴ്ച ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ ക്രിക്കറ്റ് കളിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടി എംഎല്‍എമാരുമൊത്തായിരുന്നു യെദ്യൂരപ്പ ഗ്രൗണ്ടിലിറങ്ങിയത്. 

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ നിലംപൊത്തുമൊന്ന് ഏറെക്കുറെ ഉറപ്പായതോടെ ബിജെപി നേതാക്കളുമായും എംഎല്‍എമാരുമായും തിരക്കിട്ട ചര്‍ച്ചകളിലായിരുന്നു യെദ്യൂരപ്പ. ഭരണപക്ഷത്തെ എംഎല്‍എമാര്‍ രാജിവച്ചതിന് പിന്നില്‍ യെദ്യൂരപ്പയുടെ ബുദ്ധിയാണെന്ന് മുഖ്യമന്ത്രി കുമാരസ്വാമി ഉള്‍പ്പടെയുള്ളവര്‍ ആരോപിക്കുകയും ചെയ്തിരുന്നു. ഭരണം തുലാസിലായതിന്‍റെ ആശങ്കയില്‍ മുഖ്യമന്ത്രിയും കൂട്ടരും നെട്ടോട്ടമോടുന്നതിനിടയിലാണ് ഏറെ ആസ്വദിച്ച് ക്രിക്കറ്റ് കളിക്കുന്ന യെദ്യൂരപ്പയുടെ ചിത്രം ബിജെപി മീഡിയ സെല്‍ പുറത്തുവിട്ടത്. 

ബിജെപി എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്ന യെലഹങ്കയിലെ റിസോര്‍ട്ടില്‍ നിന്നുള്ള ചിത്രമാണ് പുറത്തുവിട്ടത്. എംഎല്‍എമാരായ രേണുകാചാര്യ, എസ് ആര്‍ വിശ്വനാഥ് എന്നിവര്‍ക്കൊപ്പമാണ് യെദ്യൂരപ്പ ക്രിക്കറ്റ് കളിക്കുന്നത്. അദ്ദേഹം ബാറ്റ് ചെയ്യുന്നതാണ് ചിത്രത്തിലുള്ളത്. 

തങ്ങളുടെ രാജി അംഗീകരിക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് 14 വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി അല്‍പസമയത്തിനകം വിധി പറയും. ഹര്‍ജിയില്‍ കോടതി ഇന്നലെ വിശദമായി വാദം കേട്ടിരുന്നു. നാളെയാണ് കര്‍ണാടകത്തില്‍ വിശ്വാസവോട്ടെടുപ്പ്. 

click me!