
ബെംഗളുരു: കര്‍ണാടകയില്‍ വിശ്വാസവോട്ട് വൈകിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് നിയമസഭയുടെ നടുത്തളത്തില്‍ കിടന്നുറങ്ങി ബിജെപി എംഎല്‍എമാര്‍. ബിജെപി നേതാവ് ബിഎസ് യെദിയൂരപ്പ ഉൾപ്പെടെയുളള ബിജെപി അംഗങ്ങളാണ് ഇന്നലെ 'വിധാൻ സൗധ'യില്‍ കിടന്നുറങ്ങിയത്. പരാജയം ഉറപ്പുള്ളതിനാലാണ് കോണ്‍ഗ്രസ്- ജനതാദള്‍ സഖ്യ സര്‍ക്കാര്‍ വിശ്വാസവോട്ട് വൈകിപ്പിക്കുന്നത് എന്നാണ് ബിജെപിയുടെ ആരോപണം.
രാത്രി വൈകിയും പ്രതിഷേധിച്ചതിന് ശേഷമാണ് ബിജെപി നേതാവ് ബിഎസ് യെദിയൂരപ്പയും മറ്റ് എംഎല്‍എമാരും നിയമസഭ മന്ദിരത്തില്‍ തന്നെ കിടന്നുറങ്ങിയത്. അസംബ്ലിയുടെ നടുത്തളത്തില്‍ നിലത്ത് ഷീറ്റ് വിരിച്ചാണ് മുന്‍ മുഖ്യമന്ത്രി ഉറങ്ങിയത്. സോഫയിലും നിലത്തുമായി കിടന്നുറങ്ങി മറ്റ് എംഎല്‍എമാരും പ്രതിഷേധം അറിയിച്ചു. ബിജെപി എംഎൽഎമാരെ കാണാൻ ഉപമുഖ്യമന്ത്രി ജി പരമേശ്വര പുലർച്ചെ തന്നെ സഭയിലെത്തി. എംഎൽഎമാർക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച ശേഷമാണ് ഉപമുഖ്യമന്ത്രി മടങ്ങിയത്. കുമാരസ്വാമിക്ക് ഇന്ന് വിടവാങ്ങൽ പ്രസംഗം നടത്താനുളള ദിനമാണെന്ന് ബിഎസ് യെദിയൂരപ്പ പറഞ്ഞു.
അതേസമയം, കർണാടകയിൽ കുമാരസ്വാമി സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ നൽകിയ സമയ പരിധി ഇന്ന് ഉച്ചക്ക് ഒന്നരക്ക് അവസാനിക്കും. ഇന്ന് 'വിശ്വാസം' തെളിയിക്കണമെന്ന ഗവര്‍ണറുടെ കത്തിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ഗവര്‍ണറുടെ നീക്കം അധികാര ദുര്‍വിനിയോഗമെന്ന് ചൂണ്ടികാട്ടി കോണ്‍ഗ്രസ് ഇന്ന് കോടതിയെ സമീപിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam