സനാതന ധർമ്മമാണ് ഇന്ത്യയുടെ ദേശീയ മതമെന്ന് യോ​ഗി ആദിത്യനാഥ്; വിമർശിച്ച് കോൺ​ഗ്രസ്

By Web TeamFirst Published Jan 28, 2023, 5:43 PM IST
Highlights

"സനാതന ധർമ്മം ഇന്ത്യയുടെ 'രാഷ്ട്രീയ ധർമ്മം' ആണ്. നമ്മൾ സ്വാർത്ഥത ഉപേക്ഷിച്ച് ഉയർച്ചയിലേക്ക് വളരുമ്പോൾ 'രാഷ്ട്രീയ ധർമ്മ'വുമായി ബന്ധത്തിലാവുന്നു. ദേശീയ മതവുമായി  യോജിക്കുന്നതോടെ നമ്മുടെ രാജ്യം സുരക്ഷിതമാണ്" യോ​ഗി ആദിത്യനാഥ് പറഞ്ഞു. 

ഭിന്‍മാല്‍: സനാതന ധർമ്മമാണ് ഇന്ത്യയുടെ ദേശീയ മതമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുമ്പ് എപ്പോഴെങ്കിലും ആരാധനാലയങ്ങൾ നശിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അയോധ്യയിലെ രാമക്ഷേത്ര  മാതൃകയിൽ അവ പുനഃസ്ഥാപിക്കാൻ പ്രചാരണം നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

"സനാതന ധർമ്മം ഇന്ത്യയുടെ 'രാഷ്ട്രീയ ധർമ്മം' ആണ്. നമ്മൾ സ്വാർത്ഥത ഉപേക്ഷിച്ച് ഉയർച്ചയിലേക്ക് വളരുമ്പോൾ 'രാഷ്ട്രീയ ധർമ്മ'വുമായി ബന്ധത്തിലാവുന്നു. ദേശീയ മതവുമായി  യോജിക്കുന്നതോടെ നമ്മുടെ രാജ്യം സുരക്ഷിതമാണ്" യോ​ഗി ആദിത്യനാഥ് പറഞ്ഞു. രാജസ്ഥാനിലെ ഭിൻമാലിൽ  നീലകണ്ഠ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രപരിസരത്ത് യോ​ഗി ആദിത്യനാഥും കേന്ദ്ര ജലവൈദ്യുതി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും ചേർന്ന് രുദ്രാക്ഷം നട്ടു.  'ഏതെങ്കിലും കാലത്ത് നമ്മുടെ ആരാധനാലയങ്ങൾ നശിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമഫലമായി 500 വർഷങ്ങൾക്ക് ശേഷം ശ്രീരാമക്ഷേത്രം പണിയുന്ന അയോധ്യയുടെ മാതൃകയിൽ അവ പുനഃസ്ഥാപിക്കുന്നതിനുള്ള പ്രചാരണം ആരംഭിക്കണം. ദേശീയ വികാരത്തെ പ്രതിനിധീകരിച്ച് ശ്രീരാമന്റെ ഈ മഹത്തായ ദേശീയ ക്ഷേത്രത്തിന്റെ നിർമ്മാണത്തിൽ നിങ്ങളെല്ലാവരും പങ്കാളികളായിട്ടുണ്ട്, അദ്ദേഹം കൂട്ടിച്ചേർത്തു. 

രാജ്യത്തെ മുഴുവൻ ജനങ്ങളോടും അവരുടെ പൈതൃകത്തെ ബഹുമാനിക്കുമെന്നും അത് സംരക്ഷിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിജ്ഞയെടുത്തു. 1400 വർഷങ്ങൾക്ക് ശേഷം ഭിൻമാലിൽ നീലകണ്ഠന്റെ ക്ഷേത്രം പുനരുദ്ധരിച്ചത് പൈതൃകത്തോടുള്ള ബഹുമാനത്തിന്റെയും സംരക്ഷണത്തിന്റെയും ഉദാഹരണമാണെന്നും യോ​ഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു. ബിജെപി നേതാവിന്റെ പരാമർശത്തിനെതിരെ പിന്നാലെ കോൺഗ്രസ്  തിരിച്ചടിച്ചു. "സനാതന ധർമ്മം ഇന്ത്യയുടെ ദേശീയ മതമാണെന്ന് മുഖ്യമന്ത്രി യോഗി പറഞ്ഞു. സിഖ്, ജൈനമതം, ബുദ്ധമതം, ക്രിസ്തുമതം, ഇസ്ലാം തുടങ്ങിയ മതങ്ങൾ അവസാനിച്ചുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്" കോൺ​ഗ്രസ് നേതാവ് ഉദിത് രാജ് ട്വീറ്റ് ചെയ്തു.

2019 നവംബറിലാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച്, 2.77 ഏക്കർ തർക്കഭൂമി ക്ഷേത്രത്തിനായി വിട്ടുകൊടുത്ത് അയോധ്യ കേസിൽ വിധി പുറപ്പെടുവിച്ചത്. മസ്ജിദിന് അഞ്ച് ഏക്കർ നൽകണമെന്നും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി 2020 ഓഗസ്റ്റ് 5 ന് രാമക്ഷേത്രത്തിന് തറക്കല്ലിട്ടു. 2024 ജനുവരി 1 ന് രാമക്ഷേത്രം ഉദ്ഘാടനത്തിന് തയ്യാറാകുമെന്ന് അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. 

Read Also: ഭാരത് ജോഡോ യാത്ര: സമാപന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച് കൂടുതൽ പാർട്ടികൾ

click me!