
ആഗ്ര: പ്രധാനമന്ത്രി നരേന്ദ്ര മേദിയെയും ബിജെപി അധ്യക്ഷൻ അമിത് ഷായെയും പ്രശംസിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒറ്റദിവസം കൊണ്ട് ആർട്ടിക്കിൾ 370 റദ്ദാക്കിയ 'മഹാപുരുഷന്മാ'രാണ് ഇരുവരുമെന്ന് യോഗി പറഞ്ഞു. മോദിയുടെയും അമിത് ഷായുടെയും മുമ്പിൽ രാജ്യം വണങ്ങണമെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.
ആഗ്രയിൽ നടന്ന അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ (എബിവിപി) ദേശീയ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമക്ഷേത്രം പണിയുന്നതിനെച്ചൊല്ലി അയോധ്യയിലുണ്ടായ 500 വര്‍ഷം പഴക്കമുള്ള തര്‍ക്കം 45 മിനിറ്റ് കൊണ്ട് സുപ്രീംകോടതി പരിഹരിച്ചു. ഇതാണ് ഇന്ത്യയില്‍ മാത്രം സാധ്യമാകുന്ന നീതിന്യായ വ്യവസ്ഥയുടെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു.
'ദേശീയതയുടെ പന്തം വഹിച്ചുകൊണ്ട് എബിവിപി മുന്നോട്ട് പോവുകയാണ്, അതിന്റെ പുരോഗതിയിൽ നിർണായകരായവരെ തിരിച്ചറിഞ്ഞ് നേതാക്കളായി മുന്നോട്ട് കൊണ്ടുവരണം. ഇങ്ങനെ ചെയ്യുമ്പോൾ മാത്രമേ ഇന്ത്യ അതിന്റെ പൂർണ പ്രതാപത്തിലെത്തുകയുള്ളൂ. എബിവിപി ലോകത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി സംഘടന മാത്രമല്ല, ഈ ഓർഗനൈസേഷനുമായി ബന്ധപ്പെട്ടുള്ള വിദ്യാർത്ഥികൾ രാഷ്ട്രം കെട്ടിപ്പടുത്തു'- യോഗി ആദിത്യനാഥ് പറഞ്ഞു.
തന്റെ സർക്കാരിന്റെ നേട്ടങ്ങളെ പറ്റിയും അദ്ദേഹം വിവരിച്ചു. 2017 ൽ അധികാരമേറ്റതിനുശേഷം ഇതുവരെ സംസ്ഥാനത്തെ 92,000 സ്കൂളുകളുടെ അവസ്ഥ മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് യോഗി പറഞ്ഞു. രാജ്യത്തെ ദുർബലപ്പെടുത്താൻ മതം ദുരുപയോഗം ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾ അറിയണം, ഇന്ത്യ വളരെ ശക്തമായ ഒരു രാജ്യമാണെന്നും അത് മതത്തിന്റെയും ജാതിയുടെയും അതിരുകൾക്കപ്പുറമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam