
രാജ്യത്തിന്‍റെ പലഭാഗങ്ങളിലും കൊവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഡ്യൂട്ടി കഴിഞ്ഞ് തിരികെയെത്തുമ്പോള്‍ ആദരം നല്‍കുന്നുണ്ടെങ്കിലും ഭിന്നമായ അനുഭവങ്ങളുണ്ടെന്നതിന്‍റെ തെളിവുമായി ഡോക്ടര്‍. ദില്ലിയിലെ മദന്‍ മോഹന്‍ മാളവ്യ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറായ ഡോ മണിശങ്കര്‍ മാധവ് ആണ് നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ലോഡ്ജിലേക്ക് താമസം മാറേണ്ടി വന്നിരിക്കുന്നത്.
കൊവിഡ് 19 പരക്കാന്‍ ഡോക്ടറുടെ സാന്നിധ്യം കാരണമാകുമെന്ന അയല്‍ക്കാരുടേയും നാട്ടുകാരുടേയും നിരന്തര പരാതിയെ തുടര്‍ന്നാണ് ദ്വാരകയിലെ സ്വന്തം വീട് വിട്ട് ലജ്പപത് നഗറിലെ വാടക മുറിയില്‍ ഡോ മണിശങ്കര്‍ മാധവിന് അഭയം തേടേണ്ടി വന്നത്. ഒറ്റപ്പെടല്‍ സാരമായി ബാധിക്കാതിരിക്കാനായി വളര്‍ത്തുനായ ലൂസിയോടൊപ്പമാണ് ഈ ഡോക്ടര്‍ വാടക മുറിയില്‍ കഴിയുന്നത്.
വീട്ടില്‍ ചെന്ന സമയത്ത് അയല്‍ക്കാരില്‍ നിന്നുമുണ്ടായ അനുഭവം മാനസിക സമ്മര്‍ദ്ദം കൂട്ടിയെന്ന് ഡോക്ടര്‍ മാധവ് പറയുന്നു. എല്ലാവരും ഒഴിവാക്കാന്‍ തുടങ്ങി. ആദ്യം പതുക്കെയും പിന്നെ കേള്‍ക്കെയും താനൊരു രോഗവാഹകനാണെന്ന് പറയാന്‍ തുടങ്ങി. വേദനയും നാണക്കേടും അസഹ്യമായതോടെയാണ് വാടക മുറിയിലേക്ക് മാറിയതെന്ന് ഡോക്ടര്‍ മാധവ് പറയുന്നു. ഹൌസിംങ് കോപ്ലക്സിലേക്ക് കയറുന്നത് പോലും ചിലര്‍ തടഞ്ഞുവെന്ന് ഡോക്ടര്‍ വിശദമാക്കിയതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് ഹൌസിംങ് കോപ്ലക്സ് അധികൃതരുടെ നിലപാട്.
ചിത്രത്തിന് കടപ്പാട് ഇന്ത്യ ടുഡേ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam