
മുംബൈ: ബീഫ് കടത്തിയെന്നാരോപിച്ച് മഹാരാഷ്ട്രയിൽ യുവാവിനെ തല്ലിക്കൊന്നു. ശനിയാഴ്ച രാത്രി നാസിക് ജില്ലയിലാണ് സംഭവം. പശുസംരക്ഷകരാണ് യുവാക്കളുടെ വാഹനം തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിച്ചത്. മുംബൈയിലെ കുർള സ്വദേശിയായ 32 കാരനായ അഫാൻ അൻസാരി, നസീർ ഷെയ്ഖ് എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവർ കാറിൽ കന്നുകാലി മാംസം കടത്തുകയാണെന്നാരോപിച്ച് പശു സംരക്ഷകർ തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ അഫാൻ അൻസാരി മരിച്ചതായി പൊലീസ് പറഞ്ഞു.
പരിക്കേറ്റവരെ പൊലീസാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സക്കിടെ ഒരാൾ മരിച്ചെന്ന് സബ് ഇൻസ്പെക്ടർ സുനിൽ ഭാമ്രെ പറഞ്ഞു. കേസിൽ ഇതുവരെ പത്തുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരിക്കേറ്റയാളുടെ പരാതിയിൽ കൊലപാതകത്തിനും കലാപത്തിനും കേസെടുത്ത് അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.
ബീഫ് കടത്തുകയായിരുന്നോ എന്ന് ലാബ് റിപ്പോർട്ട് വന്നതിന് ശേഷമേ വ്യക്തമാകൂവെന്നും പൊലീസ് കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയിൽ ഗോവധ നിരോധന നിയമം നടപ്പിലാക്കുന്നതിനായി കമ്മീഷൻ രൂപീകരിക്കാനുള്ള നിർദ്ദേശത്തിന് മാർച്ചിൽ മഹാരാഷ്ട്ര സർക്കാർ അംഗീകാരം നൽകിയിരുന്നു.
Read More.... യുവാവിനെ തട്ടിക്കൊണ്ടുപോയി: ക്വട്ടേഷന്‍ സംഘത്തെ പിന്തുടര്‍ന്ന് പിടികൂടി പൊലീസ്
ജനുവരിയിൽ കർണാടകയിൽ ചിക്കമഗളുരുവിൽ പശുവിറച്ചിയുടെ പേരിൽ അതിക്രമമുണ്ടായിരുന്നു. ബീഫ് കൈവശം വച്ചെന്നാരോപിച്ച് അസമീസ് യുവാവിനെ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചു. ബജ്‍രംഗദൾ പ്രവർത്തകരാണ് അതിക്രമം നടത്തിയത്. സംഭവത്തെ തുടർന്ന് മൂന്ന് ബജ്‍രംഗദൾ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. മുദിഗരെക്ക് സമീപത്തെ മുദ്രെമാനെയിലാണ് സംഭവം. ഗജിവുർ റഹ്മാൻ എന്ന യുവാവിനാണ് ക്രൂര മർദ്ദനമേറ്റത്. മുദ്രെമാനെ സ്വദേശികളായ നിതിൻ, അജിത്, മധു എന്നിവാണ് പ്രതികൾ. ഗജിവുർ റഹ്മാന്റ ഭാര്യ അലിസയുടെ പരാതിയിലാണ് കേസ്. അതേസമയം, ഗജിവുർ റഹ്മാനെതിരെയും പൊലീസ് ബീഫ് വിൽപനക്ക് കേസെടുത്തു. ഇയാളിൽ നിന്ന് 1400 രൂപ വിലവരുന്ന മാംസം പിടികൂടിയിരുന്നു.