
വിശാഖപട്ടണം: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ മുന്നോട്ട് വെച്ച ദ്രൗപതി മുർമുവിന് പിന്തുണ വ്യക്തമാക്കി ആന്ധ്ര പ്രദേശിലെ ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ്. ദ്രൗപതി മുർമുവിന്റെ സ്ഥാനാർത്ഥിത്വത്തെ പുകഴ്ത്തി ആന്ധ്ര മുഖ്യമന്ത്രി ജഗ്ഗൻ മോഹൻ റെഡ്ഡി വാർത്താകുറിപ്പ് പുറത്തിറക്കി. സാമൂഹിക സമത്വവും നീതിയും ഉയർത്തിപിടിക്കുന്ന സ്ഥാനാർത്ഥിത്വമാണ് ദ്രൗപദിയുടേതെന്ന് അദ്ദേഹം പ്രശംസിച്ചു. പിന്തുണ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ വിജയ് സായ് റെഡ്ഡിയും മിഥുൻ റെഡ്ഡിയും പാർട്ടിയെ പ്രതിനിധീകരിച്ച് നാമനിർദ്ദേശ പ്രക്രിയയിൽ പങ്കെടുക്കുമെന്നും വാർത്താക്കുറിപ്പിൽ ജഗൻ മോഹൻ വ്യക്തമാക്കുന്നു.
എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിക്ക് ഇതോടെ ജയം ഉറപ്പായി. എല്ലാ അംഗങ്ങളും ദ്രൗപതി മുർമുവിന് വോട്ട് ചെയ്യണമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് നേരത്തെ പറഞ്ഞിരുന്നു. ജെഡിയുവും ദ്രൗപതി മുർമുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിപക്ഷ സ്ഥാനാർത്ഥിയെ പിന്താങ്ങിയ ജാർഖണ്ഡ് മുക്തി മോർച്ചയും മുർമുവിന് അനുകൂലമായി നിലപാട് മാറ്റിയേക്കും. അതേസമയം സ്ഥാനാർത്ഥിത്വത്തിൽ നിന്ന് തോറ്റാലും പിന്മാറില്ലെന്ന് വ്യക്തമാക്കിയ പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹ ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണിതെന്ന് പറഞ്ഞു.
നിതീഷ് കുമാറിന്‍റെ ജെഡിയുവും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികും പിന്തുണ അറിയിച്ചതോടെ അനായാസ വിജയം ദ്രൗപദി മുർമു നേരത്തെ തന്നെ ഉറപ്പാക്കിയിരുന്നു. എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായ ദ്രൗപദി മുർമുവിനെ അഭിനന്ദിച്ചു കൊണ്ട് ട്വീറ്റ് ചെയ്ത നവീൻ പട്നായിക്, ഇക്കാര്യം തന്നോട് ചര്‍ച്ച ചെയ്തതില്‍ സന്തോഷമുണ്ടെന്നും അറിയിച്ചു. ഉന്നത പദവിയിലേക്ക് പട്ടിക വർഗ്ഗത്തിൽ നിന്നൊരു വനിതയെ സ്ഥാനാർത്ഥിയാക്കിയതിൽ സന്തോഷമുണ്ടെന്ന് നിതീഷ് കുമാർ വ്യക്തമാക്കി. അഗ്നിപഥിനെതിരായ പ്രതിഷേധങ്ങളെ ചൊല്ലി ഇടഞ്ഞ് നില്‍ക്കുന്നതിനാൽ ജെഡിയു പിന്തുണ ബിജെപിക്ക് കിട്ടുമോ എന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍, ജെഡിയുവിന്‍റെ പിന്തുണ ഉറപ്പായതോടെ അനായാസ വിജയം ഉറപ്പാക്കിയിരിക്കുകയാണ് എൻഡിഎ. പാർട്ടി ദേശീയ അധ്യക്ഷൻ ലാലൻ സിംഗും മുർമുവിന്‍റെ സ്ഥാനാർത്ഥിത്വത്തെ പുകഴ്ത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam