ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് സക്കീര്‍ മൂസയെന്ന് സുരക്ഷാസേന

By Web TeamFirst Published May 24, 2019, 10:16 AM IST
Highlights

സക്കീര്‍ മൂസയുടെ വധത്തില്‍ പ്രതിഷേധിച്ച് നിരവധി പേര്‍ ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്തേക്ക് മാര്‍ച്ച് നടത്തി. 

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഭീകരവാദികളില്‍ പ്രധാനിയും ബുര്‍ഹാന്‍ വാനിയുടെ അനുയായിയുമായിരുന്ന സക്കീര്‍ മൂസ(25) അടക്കം അഞ്ച് പേരെ  ഏറ്റുമുട്ടലില്‍ വധിച്ചെന്ന് പൊലീസ് അറിയിച്ചു. സൈന്യവും സിആര്‍പിഎഫും പൊലീസും ചേര്‍ന്ന് പുല്‍വാമയില്‍ നടത്തിയ സംയുക്ത ഓപറേഷനിലൂടെയാണ് സക്കീര്‍ മൂസയെയും കൂട്ടാളികളെയും വധിച്ചത്. 

പുല്‍വാമ ജില്ലയിലെ ദാദ്സര്‍ ഗ്രാമത്തില്‍ സക്കീര്‍ മൂസ എത്തിയെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചയായിരുന്നു സൈനിക നീക്കം. ഇവര്‍ ഒളിച്ചിരുന്ന വീടിനുള്ളിലേക്ക് സൈന്യം വെടിവെക്കുകയായിരുന്നു. സക്കീര്‍ മൂസയുടെ വധത്തില്‍ പ്രതിഷേധിച്ച് നിരവധി പേര്‍ ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്തേക്ക് മാര്‍ച്ച് നടത്തി. കണ്ണീര്‍ വാതകവും ഷെല്ലുമുപയോഗിച്ച് പൊലീസ് സമരക്കാരെ നേരിട്ടു. 

ആക്രമണ സാധ്യത മുന്നില്‍ക്കണ്ട് വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കശ്മീര്‍ ഡിവിഷനില്‍ അവധി പ്രഖ്യാപിച്ചു. സൗത്ത് കശ്മീരിലെ ഇൻറര്‍നെറ്റ് ബന്ധവും വിച്ഛേദിച്ചു. സക്കീര്‍ റാഷിദ് ഭട്ട്, സക്കീര്‍ മൂസ എന്നിവര്‍ 19ാം വയസ്സിലാണ് ഹിസ്ബുല്‍ മുജാഹിദ്ദീനില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നത്. നേരത്തെ കൊല്ലപ്പെട്ട ബുര്‍ഹാന്‍ വാനിയുടെ നേതൃത്വത്തിലായിരുന്നു ഇവരുടെ പ്രവര്‍ത്തനം. 2016ലാണ് ബുര്‍ഹാന്‍ വാനിയെ ഏറ്റുമുട്ടലില്‍ വധിക്കുന്നത്. 

click me!