
ലക്‌നൗ: ഹാഥ്രസില്‍ കൂട്ടബലാത്സംഗം നേരിട്ട് 20 കാരി കൊല്ലപ്പെട്ട സംഭവത്തില്‍ വിമര്‍ശനം നേരിടുന്ന യുപി സര്‍ക്കാരിന്റെ പ്രതിഛായ തിരിച്ചുപിടിക്കാന്‍ മുഖ്യമന്ത്രി ആദിത്യനാഥിന്റെ പുതിയ നീക്കം. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളോട് ഒട്ടും ക്ഷമിക്കില്ലെന്നാണ് ആദിത്യനാഥ് അവകാശപ്പെടുന്നത്. ''സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന കുറ്റകൃത്യങ്ങളോട് ക്ഷമിക്കില്ലെന്നതാണ് യുപി സര്‍ക്കാരിന്റെ നയം. സര്‍ക്കാര്‍ തുടര്‍ച്ചയായി നടപടിയെടുക്കുന്നതിനാല്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുളള കുറ്റകൃത്യങ്ങളില്‍ കുറവുവന്നിട്ടുണ്ട്.'' - മുഖ്യമന്ത്രി പറഞ്ഞു.
നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ മുമ്പിലാണ് ഉത്തര്‍പ്രദേശ്. സ്ത്രീകള്‍ ആക്രമിക്കപ്പെട്ട 59853 കേസുകളാണ് 2019 ല്‍ ഉത്തര്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്തത്. 2018 ല്‍ ഇത് 59445 ആയിരുന്നു. ഒക്ടോബര്‍ 17 ന് ആരംഭിക്കുന്ന നവരാത്രി ആഘോഷങ്ങളില്‍ സ്ത്രീകള്‍ സുരക്ഷിതരായിരിക്കാന്‍ പ്രത്യേക ക്യാംപയിന്‍ ആരംഭിക്കാന്‍ ബുധനാഴ്ച മുഖ്യമന്ത്രി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഹാഥ്രസ് സംഭവത്തില്‍ പൊലീസ് നടപടികളെ വിമര്‍ശിച്ച് രാജ്യവ്യാപക പ്രതിഷേധമാണ് പ്രതിപക്ഷപാര്‍ട്ടികള്‍ സംഘടിപ്പിച്ചത്. പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് പുലര്‍ച്ചെ 2 മണിക്ക് സംസ്‌കരിച്ചത് സംശയങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മാത്രമല്ല, മാധ്യമങ്ങളെയും കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളെയും പെണ്‍കുട്ടിയുടെ കുടുംബത്തെ കാണുന്നതില്‍ നിന്ന് വിലക്കിയതടക്കം വലിയ പ്രതിഷേധത്തിനാണ് ഇടയാകകിയത്. ബിജെപിയില്‍ നിന്നുതന്നെ യോഗി സര്‍ക്കാരിന് വിമര്‍ശനം നേരിടേണ്ടി വന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam