
ദില്ലി : ഭാര്യയെയും കുട്ടികളെയും കാണാൻ പോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ യുവതി 42 കാരനായ ലിവ്-ഇൻ പങ്കാളിയെ കുത്തിക്കൊന്നു. ഗുരുഗ്രാമിൽ 42 കാരനായ ഹരീഷ് ആണ് കൊല്ലപ്പെട്ടത്. ഡൽഹിയിലെ അശോക് വിഹാർ സ്വദേശിനിയായ യഷ്മീത് കൗർ എന്ന 27 കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.
വിവാഹിതനായ ഹരീഷും യഷ്മീതും ഒരു വർഷമായി ഒരുമിച്ചാണ് കഴിയുന്നത്. സ്വന്തം വീട്ടിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് ദിവസങ്ങളായി നിലനിന്നിരുന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച ഹരീഷ് വീട്ടിലെത്തി ഭാര്യയെും കുട്ടികളെയും കണ്ടിരുന്നു. ഇതിന്റെ പേരിൽ ലിവ് ഇൻ പാർട്ട്നറുമായി തർക്കമുണ്ടായി.
ശനിയാഴ്ച ഇരുവരും തമ്മിലുള്ള വഴക്ക് മൂർച്ഛിച്ചപ്പോൾ കൗർ ഹരീഷിനെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ഉടൻ തന്നെ ഗുരുഗ്രാമിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ഹരീഷ് പിന്നീട് മരിച്ചു.
ഇതിനിടെയിലാണ് പൊലീസിനെ കുഴപ്പിച്ച് ഹരീഷിന്റെ മരുമകൻ ഭരത് രംഗത്തെത്തിയത്. സംഭവങ്ങൾക്ക് മണിക്കൂറുകൾക്ക് മുൻപ് ഹരീഷ് ഫരീദാബാദിലെ ജോലി സ്ഥലത്ത് നിന്ന് വീട്ടിലെത്തുകയും, എന്റെ കൈവശമുണ്ടായിരുന്ന 7 ലക്ഷം രൂപ വാങ്ങി വിജയ് എന്നയാളോടൊപ്പം കാറിൽ പോകുകയും ചെയ്തതായാണ് പൊലീസിന് നൽകിയ മൊഴി.
അന്ന് രാത്രി 10 മണിയോടെ ഫോണിൽ വിളിച്ച് ഒരു ഭക്ഷണം ഓർഡർ ചെയ്യണമെന്നും ആവശ്യപ്പെട്ടു. പിറ്റേദിവസം രാവിലെ 7 മണിയോടെ യഷ്മീത് കൗർ ഭരതിനെ വിളിച്ച് ഹരീഷ് മരിച്ചെന്നും നെഞ്ചിൽ കുത്തേറ്റതിന്റെ പാടുണ്ടെന്നും അറിയിക്കുകയായിരുന്നുവെന്നാണ് ഭരതിന്റെ മൊഴി.
പ്രതിയായ കൗറിനെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച കത്തിയും കണ്ടെടുത്തു. വിജയിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിന് തലേദിവസം ഹരീഷ് എന്തിനാണ് 7 ലക്ഷം രൂപ കൊണ്ടുപോയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.