
ശ്രീനഗര്‍: പഹൽഗാമിലെ ഹോട്ടൽ മുറിയിൽ വെച്ച് 70കാരിയായ വിനോദ സഞ്ചാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി ജമ്മു കശ്മീരിലെ അനന്ത്നാഗിലെ കോടതി. സമൂഹത്തിലെ ധാര്‍മിക ബോധത്തിലുണ്ടായ അപചയവും രോഗം ബാധിച്ച മാനസിക നിലയുടെയും പ്രതിഫലനമാണ് ഇത്തരം സംഭവങ്ങളെന്ന് രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് കോടതി ജാമ്യം നിഷേധിച്ചത്.
കേസിൽ പ്രതിയായ പഹൽഗാമിലെ ഗണേഷ്ബാല്‍ സ്വദേശിയായ സുബൈര്‍ അഹമ്മദിന്‍റെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. സമൂഹത്തിന്‍റെ ധാര്‍മികത സംരക്ഷിക്കാതെ പകൃതി ഭംഗികൊണ്ട് മാത്രം കശ്മീരിന് നിലനിൽക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
കഴിഞ്ഞ ഏപ്രിൽ 11നാണ് ജമ്മു കശ്മീരിലെ പഹൽഗാമിലെ ഹോട്ടലിൽ മഹാരാഷ്ട്രയിൽ നിന്നുള്ള 70കാരി ബലാത്സംഗത്തിനിരയായത്. 70കാരി താമസിക്കുന്ന ഹോട്ടൽ മുറിയിലെത്തി പുതുപ്പുകൊണ്ട് വായ മൂടിയശേഷമായിരുന്നു ക്രൂര ബലാത്സംഗം. അതിക്രമത്തിൽ 70കാരിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വളരെ ഞെട്ടിപ്പിക്കുന്ന സംഭവമാണിതെന്നും 70കാരിയോട് വളരെ ക്രൂരമായാമ് പെരുമാറിയതെന്നും വെറും ക്രിമിനൽ കുറ്റകൃത്യം മാത്രമല്ലെന്നും ധാര്‍മികതയുടെ തകര്‍ച്ചയാണെന്നും കോടതി നിരീക്ഷിച്ചു.
കശ്മീര്‍ കാണാനെത്തിയ പ്രായമായ സ്ത്രീയാണ് ഇരയായത്. സന്യാസിമാരുടെയും വിശുദ്ധരുടെയും നാട് കാണാനെത്തിയ മുതിര്‍ന്ന പൗരയോടാണ് ഞെട്ടിപ്പിക്കുന്ന ക്രൂരത കാണിച്ചത്. വാര്‍ധക്യകാലം ചിലവഴിക്കാനെത്തിയ അവര്‍ ഇനി കശ്മീര്‍ തെരഞ്ഞെടുത്തിൽ പശ്ചാത്തപിക്കും. സന്തോഷിക്കാനെത്തിയ അവര്‍ പഹൽഗാമിൽ നിന്നും ഈ പേടിപ്പെടുത്തുന്ന ഓര്‍മകളാണ് തിരിച്ചുകൊണ്ടുപോയത്. അന്വേഷണത്തിൽ പ്രതിക്കെതിരായ തെളിവുകളടക്കം പരിഗണിച്ചാണ് കോടതി ജാമ്യം തള്ളിയത്. കുറ്റകൃത്യത്തിന്‍റെ ആഴം പരിശോധിച്ചാണ് ജാമ്യം നൽകണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതെന്നും കോടതി വ്യക്തമാക്കി.
പരാതിക്കാരിയുടെ മൊഴി, സാക്ഷി മൊഴികള്‍, മെഡിക്കൽ റിപ്പോര്‍ട്ട്, ഫോറന്‍സിക് റിപ്പോര്‍ട്ട് തുടങ്ങിയവയെല്ലാം പ്രതിക്കെതിരാണെന്നും അന്വേഷണത്തിന്‍റെ ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. പ്രകൃതി ഭംഗികൊണ്ട് മാത്രമല്ലെന്നും ധാര്‍മിക സാംസ്കാരിക മൂല്യങ്ങളുടെ ശക്തികൊണ്ട് കൂടിയാണ് കശ്മീരിനെ ഭൂമിയിലെ സ്വര്‍ഗം ആക്കുന്നതെന്നും ഇത്തരം സംഭവങ്ങള്‍ അതില്ലാതാക്കുകയാണെന്നും അനന്ത് നാഗ് പ്രിന്‍സിപ്പൽ സെഷൻസ് ജഡ്ജ് താഹിര്‍ ഖുര്‍ഷിദ് നിരീക്ഷിച്ചു.