45 പൈസ മുടക്കിയാൽ 10 ലക്ഷം! ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഇനി ഇക്കാര്യം മറക്കരുത്
ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ സംഭവിക്കുന്ന ഒരു ചെറിയ പിഴവ് പോലും വലിയ നഷ്ടമുണ്ടാക്കാം. വെറും 45 പൈസയുടെ ട്രാവൽ ഇൻഷുറൻസ് എടുത്തത് കൊണ്ട് മൊറേന സ്വദേശി രവി കുമാർ ശർമ്മയുടെ കുടുംബത്തിന് 10 ലക്ഷം രൂപയാണ് നിയമപരമായി ലഭിച്ചത്.

വെറും 35-45 പൈസ പ്രീമിയം നൽകി നിങ്ങൾക്കും കുടുംബത്തിനും സാമ്പത്തിക സുരക്ഷ ഉറപ്പാക്കാം. യാത്രയ്ക്കിടെ മരണം സംഭവിച്ചാൽ നോമിനിക്ക് 10 ലക്ഷം രൂപ വരെ ഇൻഷുറൻസ് തുക ലഭിക്കും. അപകടം മൂലം സ്ഥിരമായ പൂർണ്ണ അംഗവൈകല്യം സംഭവിച്ചാലും 10 ലക്ഷം രൂപ വരെ കിട്ടും. സ്ഥിരമായ ഭാഗിക അംഗവൈകല്യത്തിന് 7.5 ലക്ഷം രൂപ വരെയും ആശുപത്രി ചികിത്സയ്ക്കായി 2 ലക്ഷം രൂപ വരെയും ക്ലെയിം ചെയ്യാം.
ഐആര്‍സിടിസിയുടെ ഔദ്യോഗിക വെബ്സൈറ്റിലോ മൊബൈൽ ആപ്പിലോ ലോഗിൻ ചെയ്യുക. ട്രെയിനും യാത്രാ തീയതിയും നൽകുക. യാത്രക്കാരുടെ വിവരങ്ങൾ നൽകിയ ശേഷം പേയ്‌മെൻ്റ് പേജിൽ 'Travel Insurance' ഓപ്ഷന് നേരെയുള്ള YES അല്ലെങ്കിൽ ടിക്ക് (✔) മാർക്ക് തിരഞ്ഞെടുക്കുക. ഇതോടെ 35-45 പൈസ ഈടാക്കും. തുടർന്ന് നോമിനിയുടെ പേര്, വയസ്സ്, ബന്ധം എന്നിവ പൂരിപ്പിച്ച് പേയ്‌മെൻ്റ് പൂർത്തിയാക്കുക. ടിക്കറ്റ് കൺഫേം ആകുന്നതോടെ ഇൻഷുറൻസ് പോളിസി വിവരങ്ങൾ എസ് എം എസ് ആയും ഇ-മെയിലായും ലഭിക്കും.
അപകടമുണ്ടായാൽ ക്ലെയിം ചെയ്യുന്നതിനായി ടിക്കറ്റ് ഐആര്‍സിടിസി വഴി ഓൺലൈനായി ബുക്ക് ചെയ്തതായിരിക്കണം. ഇൻഷുറൻസ് ഓപ്ഷൻ തിരഞ്ഞെടുത്തിരിക്കണം. അപകടം നടന്നാലുടൻ ഇൻഷുറൻസ് കമ്പനിയെ അറിയിക്കുക. മെഡിക്കൽ റിപ്പോർട്ട്, ആശുപത്രി ബില്ലുകൾ, ഡിസ്ചാർജ് സ്ലിപ്പ് തുടങ്ങിയ രേഖകൾ തയ്യാറാക്കി വെക്കുക. മരണപ്പെട്ടാൽ ആ വ്യക്തിയുടെ ഡെത്ത് സർട്ടിഫിക്കറ്റ്, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, ജിആര്‍പി-റെയിൽവേ പൊലീസ് റിപ്പോർട്ട് എന്നിവ സമർപ്പിക്കണം. കമ്പനിയുടെ ക്ലെയിം ഫോം പൂരിപ്പിച്ച് നൽകിയാൽ, പരിശോധനകൾക്ക് ശേഷം ഇൻഷുറൻസ് കമ്പനി അംഗീകൃത തുക നോമിനിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കും.
ഐആര്‍സിടിസി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഈ ഇൻഷുറൻസ് എടുക്കണോ വേണ്ടയോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം. ഇതിൻ്റെ പ്രീമിയം വെറും 35-45 പൈസ മാത്രമാണ്. അതിനാൽ, ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ എപ്പോഴും ട്രാവൽ ഇൻഷുറൻസ് ഓപ്ഷൻ തിരഞ്ഞെടുക്കാൻ ശ്രമിക്കുക. കാരണം, ഒരു അപകടമുണ്ടായാൽ ഈ 45 പൈസയുടെ ഇൻഷുറൻസ് ലക്ഷങ്ങളുടെ സുരക്ഷാ കവചമായി മാറും. കുടുംബത്തിൻ്റെ സുരക്ഷയ്ക്കായി ഇൻഷുറൻസ് എടുക്കാൻ മറക്കരുത്.

