
അഹമ്മദാബാദ്: അഹമ്മദാബാദിൽ തകർന്നുവീണ ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിന്റെ കോക്ക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍ കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍. വിമാനാപകടത്തെ സംബന്ധിക്കുന്ന നിര്‍ണായക വിവരങ്ങള്‍ ലഭിക്കാന്‍ കോക്ക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍ സഹായിക്കും എന്നാണ് കരുതുന്നതെന്ന് അപകടത്തെ കുറിച്ച് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് സേഫ്റ്റി ബോര്‍ഡ് പറയുന്നതനുസരിച്ച് ഒരപകടം നടക്കുന്നതിന് മുമ്പുള്ള പൈലറ്റിന്‍റെ സംഭാഷണവും അലാറങ്ങളും മറ്റ് പശ്ചാത്തല ശബ്ദങ്ങളും ഉള്‍പ്പെടെ കോക്ക്പിറ്റില്‍ നിന്നുള്ള നിര്‍ണായക ഓഡിയോകള്‍ കോക്ക്പിറ്റ് വോയിസ് റെക്കോര്‍ഡറില്‍ റക്കോര്‍ഡ് ചെയ്യപ്പെടും. സാങ്കേതിക ഫ്ലൈറ്റ് പരാമീറ്ററുകൾ രേഖപ്പെടുത്തുന്ന ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ (എഫ്‌ഡിആർ) നേരത്തെ കണ്ടെടുത്തിരുന്നു.
എയർക്രാഫ്റ്റ് ആക്‌സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനം അമേരിക്കൻ നിർമ്മിതമായതിനാൽ അന്താരാഷ്ട്ര പ്രോട്ടോക്കോളുകൾക്ക് കീഴിൽ എൻടിഎസ്‌ബി സമാന്തര അന്വേഷണവും നടത്തുന്നുണ്ട്. ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറും കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറും കണ്ടെത്തി സുരക്ഷിതമാക്കിയിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചത്.
വിമാനാപകടം നടന്നാൽ കേൾക്കുന്ന വാക്കുകളിൽ പ്രധാനമായ ഒന്നാണ് ബ്ലാക്ക് ബോക്സ്. എങ്ങനെ ദുരന്തമുണ്ടായി എന്ന് കണ്ടെത്താൻ പ്രധാനമായി ആശ്രയിക്കുന്ന ഉപകരണമാണ് ബ്ലാക്ക് ബോക്സ്. ബ്ലാക്ക് ബോക്സാണ് പേരെങ്കിലും ഓറഞ്ച് നിറത്തിലാണ് ബ്ലാക്ക് ബോക്സ്. ഏത് ശക്തമായ ആഘാതമേറ്റാലും വിവരങ്ങൾ നഷ്ടപ്പെടാതിരിക്കാൻ കരുത്തുറ്റ ടൈറ്റാനിയം/ ഉരുക്ക് ഉപയോഗിച്ചാണ് നിർമാണം. ഇതിനുള്ളിലായിരിക്കും റെക്കോർഡിങ് ഉപകരണങ്ങൾ സൂക്ഷിക്കുക.
ഉയർന്ന താപനില, വെള്ളത്തിൽ മുങ്ങൽ, ആഘാതം എന്നിവയെ അതിജീവിക്കാൻ കഴിയുന്നതായിരിക്കും നിർമാണ രീതി. പ്രധാനമായി രണ്ട് ഘടകങ്ങളാണ് ബ്ലാക് ബോക്സിൽ ഉണ്ടാകുക. റെക്കോഡിങ് സംവിധാനമായ ഫ്ലൈറ്റ് ഡേറ്റ റെക്കോഡറും (എഫ്.ഡി.ആർ) കോക്പിറ്റ് വോയ്സ് റെക്കോഡറും (സി.വി.ആർ) ആണ് പ്രധാന ഭാഗങ്ങൾ. എഫ്.ഡി.ആറിൽ, വിമാനത്തിന്റെ വേഗത, ഉയരം, എൻജിന്റെ അവസ്ഥ, റഡാർ വിവരങ്ങൾ, കൺട്രോൾ സിസ്റ്റങ്ങളുടെ പ്രവർത്തനം തുടങ്ങിയ സാങ്കേതിക വിവരങ്ങൾ രേഖപ്പെടുത്തും. പൈലറ്റുമാർ തമ്മിലുള്ള സംഭാഷണങ്ങൾ, എഞ്ചിൻ ശബ്ദങ്ങൾ തുടങ്ങിയ കോക്ക്പിറ്റിലെ റേഡിയോ ട്രാൻസ്മിഷനുകളും മറ്റ് ശബ്ദങ്ങളും സിവിആർ രേഖപ്പെടുത്തും. കൂടാതെ, ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറിൽ ഉയരം, കാറ്റിന്റെ വേഗത, ഫ്ലൈറ്റ് ഹെഡിംഗ്, ലംബ ത്വരണം, പിച്ച്, റോൾ, ഓട്ടോപൈലറ്റ് സ്റ്റാറ്റസ് തുടങ്ങിയ 80-ലധികം വ്യത്യസ്ത തരം വിവരങ്ങളും രേഖപ്പെടുത്തുന്നു. 25 മണിക്കൂറിലേറെയുള്ള വിവരങ്ങൾ റെക്കോർഡ് ചെയ്യും.
ബ്ലാക്ക് ബോക്സുകളിൽ നിന്ന് വീണ്ടെടുക്കുന്ന ഡാറ്റ വിശകലനം ചെയ്യാൻ സാധാരണയായി 10-15 ദിവസമെടുക്കും. അപകടമുണ്ടായാൽ ആഘാതം കുറവാകുന്ന പിൻഭാഗത്തായിരിക്കും ബ്ലാക്ക് ബോക്സുകൾ സജ്ജീകരിച്ചിരിക്കുക. വെള്ളത്തിനടിയിലാകുമ്പോൾ കണ്ടെത്താനായി 30 ദിവസത്തേക്ക് അൾട്രാസൗണ്ട് സിഗ്നലുകൾ അയയ്ക്കുന്ന ബീക്കൺ സജ്ജീകരിച്ചിരിക്കും. എന്നാൽ, മലേഷ്യൻ എയർലൈൻസ് MH370 വിമാനം അപ്രത്യക്ഷമായ സന്ദർഭങ്ങളിൽ ബീക്കണിൽ നിന്ന് വിവരം കണ്ടെത്തിയിട്ടില്ല. ബ്ലാക്ക് ബോക്സ് ഡേറ്റ വിശകലനം ചെയ്താൽ അപകടകാരണം പിടികിട്ടും. മനുഷ്യപിഴവ്, സാങ്കേതിക തകരാർ, കാലാവസ്ഥ തുടങ്ങി ഏത് കാരണവും ഡേറ്റ വിശകലനത്തിലൂടെ കണ്ടെത്താനാകും.
1950 കളുടെ തുടക്കത്തിലാണ് ബ്ലാക്ക് ബോക്സ് ഉത്ഭവിച്ചത്. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO) റിപ്പോർട്ട് അനുസരിച്ച്, ലോകത്തിലെ ആദ്യത്തെ വാണിജ്യ ജെറ്റ് വിമാനമായ ഡി ഹാവിലാൻഡ് കോമറ്റ് നേരിട്ട ആകാശമധ്യേയുള്ള അപകടങ്ങൾ വിശകലനം ചെയ്യുന്നതിനായി 1953 ൽ ഓസ്ട്രേലിയൻ ജെറ്റ് ഇന്ധന വിദഗ്ദ്ധനായ ഡോ. ഡേവിഡ് റൊണാൾഡ് ഡി മെയ് വാറനെ പ്രത്യേക സംഘത്തിന്റെ തലവനായി നിയമിച്ചു. തുടരെത്തുടരെ വിമാന അപകടം നടക്കുന്ന സമയമായിരുന്നു അത്. 1953ൽ കൊൽക്കത്തയിൽ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട വിമാനം തകർന്ന് വീണ് 41 പേർ മരിച്ചു. ഇത്തരം സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഡോ. ഡേവിഡ് റൊണാൾഡ് ഡി മെയ് വാറനെ നിയമിച്ചത്.
ഒരു വ്യാപാരമേളയിലാണ് ലോകത്തിലെ ആദ്യത്തെ മിനിയേച്ചർ റെക്കോർഡർ വാറന്റെ ശ്രദ്ധയിൽപ്പെട്ടത്. വിമാനത്തിൽ ഇവ ഉപയോഗിക്കുകയും ദുരന്തമുണ്ടായാൽ ഇവ കണ്ടെടുത്ത് പ്രവർത്തിപ്പിക്കുകയും ചെയ്താൽ അപകടകാരണം മനസ്സിലാക്കാമെന്ന ആശയം ഉരുത്തിരിഞ്ഞു. തുടക്കത്തിൽ വാറന്റെ ആശയത്തിന് എതിർപ്പ് നേരിടേണ്ടി വന്നു. റെക്കോർഡറുകൾ ഉപയോഗിച്ച് ക്രൂവിനെ ചാരപ്പണി ചെയ്യുമെന്നായിരുന്നു പൈലറ്റുമാരുൾപ്പെടെയുള്ളവരുടെ ആശങ്ക. എന്നിരുന്നാലും, 1956 ആയപ്പോഴേക്കും, വാറൻ എആർഎൽ ഫ്ലൈറ്റ് മെമ്മറി യൂണിറ്റ് എന്ന പേരിൽ ഒരു പ്രോട്ടോടൈപ്പ് സൃഷ്ടിച്ചു. ഇത് നാല് മണിക്കൂർ വരെ വോയ്‌സ്, ഫ്ലൈറ്റ്-ഇൻസ്ട്രുമെന്റ് ഡാറ്റ റെക്കോർഡ് ചെയ്യാൻ സഹായിച്ചു.
1963-ൽ, രണ്ട് മാരകമായ വ്യോമയാന ദുരന്തങ്ങൾക്ക് ശേഷം, ഫ്ലൈറ്റ് റെക്കോർഡറുകൾ നിർബന്ധമാക്കി. ഓസ്‌ട്രേലിയയായിരുന്നു ആദ്യമായി നടപ്പാക്കിയത്. ബ്ലാക്ക് ബോക്‌സിന്റെ ആദ്യകാലത്ത് വിവരങ്ങൾ ഒരു ലോഹ സ്ട്രിപ്പിലായിരുന്നു രേഖപ്പെടുത്തിയിരുന്നത്. പിന്നീട് അത് മാഗ്നറ്റിക് ഡ്രൈവുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്‌തു. ഇപ്പോൾ സോളിഡ്-സ്റ്റേറ്റ് മെമ്മറി ചിപ്പുകൾ ഉപയോഗിക്കുന്നു.
വാറണിന് മുമ്പുതന്നെ, 1930കളിൽ ഫ്രഞ്ച് എഞ്ചിനീയർ ഫ്രാങ്കോയിസ് ഹുസ്സെനോട്ട് ഡാറ്റ റെക്കോർഡർ നിർമിക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു. ഫോട്ടോഗ്രാഫിക് ഫിലിമിലേക്ക് ഏകദേശം 10 പാരാമീറ്ററുകൾ ഒപ്റ്റിക്കലായി പ്രൊജക്റ്റ് ചെയ്യുന്ന സെൻസറുകൾ അദ്ദേഹം സജ്ജീകരിച്ചിരുന്നു.
പ്രകാശം അകത്തേക്ക് കടക്കുന്നത് തടയുന്നതിനായി നിർമ്മിച്ച ഒരു പെട്ടിയിലായിരുന്നു ഫിലിം പ്രവർത്തിച്ചിരുന്നത്. അതിനാലാണ് "ബ്ലാക്ക് ബോക്സ്"എന്ന പേര് ലഭിച്ചത്. റെക്കോർഡറിന്റെ പുറം പെട്ടി ഓറഞ്ച് നിറമായിരുന്നിട്ടും ബ്ലാക്ക് ബോക്സ് എന്ന പേര് നിലനിന്നു. എളുപ്പത്തിൽ തിരിച്ചറിയാനാണ് ബ്ലാക്ക് ബോക്സിന്റെ പുറം ഭാഗത്തിന് ഓറഞ്ച് നിറം നൽകിയിരിക്കുന്നത്.