
ദില്ലി: കിഴക്കൻ കമാൻഡിന്റെ പ്രവർത്തനസജ്ജതയും അതിർത്തിയിലെ സുരക്ഷാ സാഹചര്യങ്ങളും നേരിട്ടെത്തി വിലയിരുത്തി ഇന്ത്യൻ കരസേനാ മേധാവി ജനറൽ ധീരജ് സേത്ത്. കിഴക്കൻ കമാൻഡ് മേഖലയിലെ തന്ത്രപ്രധാനമായ സൈനിക വിന്യാസങ്ങൾ, അത്യാധുനിക നിരീക്ഷണ സംവിധാനങ്ങൾ എന്നിവ വിലയിരുത്തിയ അദ്ദേഹം സേനയുടെ ആധുനികവത്കരണം, പുതിയ സാങ്കേതികവിദ്യകളുടെ വിനിയോഗം, ശേഷി വർധന പദ്ധതികൾ എന്നിവയുടെ പുരോഗതിയും പരിശോധിച്ചു. സന്ദർശനത്തിന്റെ ഭാഗമായി ബെംഗ്ഡുബി മിലിട്ടറി സ്റ്റേഷനിലെത്തിയ അദ്ദേഹം, അവിടുത്തെ പ്രാദേശിക സുരക്ഷാ ക്രമീകരണങ്ങളും പ്രവർത്തന ലോജിസ്റ്റിക്സും അവലോകനം ചെയ്തു.
ശത്രുക്കളുടെ ഏത് വെല്ലുവിളികളെയും നേരിടാൻ സൈന്യത്തെ പ്രാപ്തമാക്കുന്നതിനായി വിഭാവനം ചെയ്ത വിജയ് കർമ്മപദ്ധതിയുടെ ഭാഗമായുള്ള നടപടികൾക്ക് മുൻഗണന നൽകാൻ ജനറൽ ധീരജ് സേത്ത് കമാൻഡർമാർക്കും സൈനികർക്കും കർശന നിർദ്ദേശം നൽകി. ഇന്ത്യൻ സൈന്യത്തെ പുതിയ സാങ്കേതികവിദ്യകളാൽ കൂടുതൽ കരുത്തുറ്റതാക്കി മാറ്റുകയും, ഭാവിയിൽ യുദ്ധമുഖങ്ങളിലെ വെല്ലുവിളികൾ നേരിടാൻ പൂർണ്ണ സജ്ജമാക്കുകയുമാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ദുഷ്കരമായ ഭൂപ്രകൃതിയിലും കഠിനമായ കാലാവസ്ഥാ സാഹചര്യങ്ങളിലും രാജ്യത്തിന്റെ സുരക്ഷയ്ക്കായി അതിർത്തി കാക്കുന്ന സൈനികരുടെ പ്രൊഫഷണലിസത്തെയും മനോവീര്യത്തെയും കരസേനാ മേധാവി പ്രശംസിക്കുകയും ചെയ്തു.