
അഹമ്മദാബാദ്: ഗുജറാത്തിലെ അമ്പാജി ക്ഷേത്രത്തിൽ കാണിക്കപ്പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടെ ലക്ഷക്കണക്കിന് രൂപ മോഷ്ടിക്കാൻ ശ്രമം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ചർച്ചയായതോടെ വിശദീകരണവുമായി ബനസ്കന്ത ജില്ലാ ഭരണകൂടം രംഗത്തെത്തി. ഏകദേശം രണ്ടു മാസം മുമ്പ് നടന്ന ഈ സംഭവത്തിൽ ഇതിനോടകം തന്നെ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ മിഹിർ പ്രവീൺകുമാർ പട്ടേൽ വ്യക്തമാക്കി.
കാണിക്കയായി ലഭിച്ച പണം ജീവനക്കാർ ചേർന്ന് എണ്ണുന്നതിനിടയിലാണ് 1,04,000 രൂപയോളം മോഷ്ടിക്കാൻ ശ്രമം നടന്നത്. നോട്ട് കെട്ടുകൾ കാലിനടിയിൽ ഒളിപ്പിച്ച ജീവനക്കാരൻ, പിന്നീട് ശുചിമുറിയിലേക്ക് പോകാനായി എഴുന്നേറ്റപ്പോൾ പണം താഴെ വീഴുകയായിരുന്നു. ഇത് മറ്റൊരു ജീവനക്കാരന്റെ ശ്രദ്ധയിൽ പെടുകയും തുടർന്ന് ക്ഷേത്രം ട്രസ്റ്റിന് പരാതി നൽകുകയുമായിരുന്നു. ട്രസ്റ്റിന്റെ പരാതിയിൽ ഉടനടി കേസെടുത്ത പോലീസ് അന്വേഷണം നടത്തി മൂന്ന് കരാർ ജീവനക്കാരെ അറസ്റ്റ് ചെയ്തു. ഇവരെ ജോലിയിൽ നിന്നും ഉടനടി പിരിച്ചുവിട്ടിരുന്നതായും നിലവിൽ കേസ് നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.