ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്ക്കരണം: 'വോട്ടര്‍മാര്‍ പൂരിപ്പിക്കേണ്ട ഫോം ഉദ്യോഗസ്ഥര്‍ പൂരിപ്പിച്ച് വ്യാജ ഒപ്പിടുന്നു', വന്‍ അട്ടിമറിയെന്ന് രാഹുല്‍ ഗാന്ധി

Published : Jul 17, 2025, 12:48 PM ISTUpdated : Jul 17, 2025, 12:55 PM IST
Rahul Gandhi

Synopsis

ബിഹാറിലെ വോട്ടർ പട്ടിക പരിഷ്ക്കരണത്തിൽ വൻ അട്ടിമറിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഉദ്യോഗസ്ഥർ വ്യാജ ഒപ്പിട്ട് ഫോമുകൾ പൂരിപ്പിക്കുന്ന വാർത്താ ദൃശ്യങ്ങൾ അദ്ദേഹം പങ്കുവച്ചു. 

പറ്റ്ന : ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്ക്കരണത്തില്‍ വന്‍ അട്ടിമറിയെന്ന് രാഹുല്‍ ഗാന്ധി. വോട്ടര്‍മാര്‍ പൂരിപ്പിക്കേണ്ട ഫോം ഉദ്യോഗസ്ഥര്‍ പൂരിപ്പിച്ച് വ്യാജ ഒപ്പിടുന്ന വാര്‍ത്താ ദൃശ്യങ്ങള്‍ പങ്കുവെച്ചാണ് രാഹുല്‍ ഗാന്ധിയുടെ ആക്ഷേപം. വോട്ടര്‍ പട്ടിക പരിഷ്ക്കരണത്തില്‍ 35.7 ലക്ഷം പേരുടെ വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

തട്ടിപ്പ് കൈയോടെ പിടികൂടി. വോട്ടര്‍ പട്ടിക പരിഷ്ക്കരണത്തിന്‍റെ മറവില്‍ വോട്ട് മോഷണം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് തട്ടിപ്പ് ബ്രാഞ്ചായി മാറിയോ. സമൂഹമാധ്യമമായ എക്സില്‍ രാഹുല്‍ ഗാന്ധി രൂക്ഷ വിമര്‍ശനമുയര്‍ത്തി. ഒരു വാര്‍ത്ത ദൃശ്യവും രാഹുല്‍ പങ്ക് വച്ചിട്ടുണ്ട്. ബിഹാറിലെ മാധ്യമ പ്രവര്‍ത്തകന്‍ അജിത് അന്‍ജും പകര്‍ത്തിയ ദൃശ്യങ്ങളിലൂടെയാണ് താന്‍ മുന്‍പ് ഉന്നയിച്ച പരാതികളെ രാഹുല്‍ സാധൂകരിക്കുന്നത്. പാറ്റനയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയുള്ള ഒരു ബ്ലോക്ക് ഓഫീസില്‍ നടക്കുന്ന നിയമ വിരുദ്ധ പ്രവര്‍ത്തനമെന്ന പേരിലാണ് അജിത് അന്‍ജും തന്‍റെ യുട്യൂബ് ചാനലിലൂടെ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. വോട്ടര്‍മാര്‍ പൂരിപ്പിക്കേണ്ട ഫോം ഉദ്യോഗസ്ഥര്‍ പൂരിപ്പിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.

ശേഷം അവര്‍ തന്നെ വോട്ട‍മാരുടെ ഒപ്പിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ സൈറ്റില്‍ അപ് ലോഡ് ചെയ്യുന്നു. അജിത് അന്‍ജുമിന്‍റെ ഫോണ്‍ തട്ടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഈ മാധ്യമ പ്രവര്‍ത്തകനെതിരെയും കേസ് വന്നേക്കാമെന്ന് രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. രേഖകള്‍ വ്യാജമായി തയ്യാറാക്കിയാണ് കമ്മീഷന്‍ വോട്ടര്‍ പട്ടിക പരിഷ്ക്കരിക്കുന്നതെന്ന ആരോപണം പ്രതിപക്ഷം ശക്തമാക്കിയിരിക്കേയാണ് ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.

ബിഹാറിലെ 7.89 കോടിയോളം വരുന്ന വോട്ടര്‍മാരില്‍ 88 ശതമാനം പേരും ഫോമുകള്‍ പൂരിപ്പിച്ച് സമര്‍പ്പിച്ച് കഴി‍ഞ്ഞെന്നാണ് കമ്മീഷന്‍ വ്യക്തമാക്കിയത്. 4.5 ശതമാനം പേര്‍ അതായത് 35 ലക്ഷത്തോളം പേരുടെ വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ലെന്ന് കമ്മീഷന്‍ പറയുന്നു. അവരില്‍ 12 ലക്ഷത്തോളം പേര്‍ മരിച്ചെന്നും, 17 ലക്ഷം പേര്‍ താമസം മാറി പോയെന്നും, ബാക്കിയുളളവര്‍ ഒന്നിലധികം സ്ഥലങ്ങളിലെ വോട്ടര്‍ പട്ടികയില്‍ പെട്ടിട്ടുണ്ടെന്നും കമ്മീഷന്‍ അറിയിച്ചു. 25ന് വോട്ടര്‍ പട്ടിക പരിഷ്ക്കരണ നടപടികള്‍ പൂര്‍ത്തിയാകാനിരിക്കെ അട്ടിമറി ആരോപിക്കപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ വിവാദം കൂടുതല്‍ കടുക്കുകയാണ്.

PREV
Read more Articles on
click me!

Recommended Stories

പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണു; മലയാളി സൈനികന് വീരമൃത്യു, ഭൗതിക ശരീരം മലപ്പുറത്തെ വീട്ടിൽ എത്തിച്ചു
15കാരന്റെ മരണം, ഹെഡ്മാസ്റ്ററെയും 3 അധ്യാപകരെയും സസ്പെൻഡ് ചെയ്തു, ആത്മഹത്യാക്കുറിപ്പിൽ പേര് വന്നതോടെ വൻ പ്രതിഷേധം