ബിറ്റ്‌കോയിൻ തട്ടിപ്പ്: കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ച് സുപ്രീംകോടതി

Published : Jul 17, 2026, 05:27 PM IST
bitcoin scam

Synopsis

ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചു. വിദഗ്ധർ അടങ്ങുന്ന പ്രത്യേക അന്വേഷണ സമിതിയെ നിയോഗിക്കണമെന്ന 'ബിറ്റ്‌കോയിൻ ഇൻവെസ്റ്റേഴ്സ് പ്രൊട്ടക്ഷൻ സൊസൈറ്റി' നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.

ദില്ലി:  ഗെയിൻബിറ്റ്‌കോയിൻ തട്ടിപ്പ് കേസിൽ നിർണായക ഇടപെടലുമായി സുപ്രീംകോടതി. ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചു. വിദഗ്ധർ അടങ്ങുന്ന പ്രത്യേക അന്വേഷണ സമിതിയെ നിയോഗിക്കണമെന്ന 'ബിറ്റ്‌കോയിൻ ഇൻവെസ്റ്റേഴ്സ് പ്രൊട്ടക്ഷൻ സൊസൈറ്റി' നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. 

2015-18 കാലയളവിൽ നടന്ന ഗെയിൻബിറ്റ്‌കോയിൻ തട്ടിപ്പിലൂടെ ഏകദേശം 1.25 ലക്ഷം കോടി രൂപയുടെ വൻ സാമ്പത്തിക ക്രമക്കേടാണ് നടന്നെന്നാണ് കേസ്. അമിത് ഭരദ്വാജ്, അജയ് ഭരദ്വാജ്, വിവേക് ഭരദ്വാജ്, സിംപി ഭരദ്വാജ്, മഹേന്ദർ ഭരദ്വാജ് എന്നിവരായിരുന്നു തട്ടിപ്പിന്റെ പ്രധാനസൂത്രധാരന്മാർ. നിക്ഷേപകർ നൽകിയ പരാതിയിൽ സിബിഐയും ഇഡിയും കേസ് എടുത്തിരുന്നു.

സംഭവം നടന്ന് 8 വർഷത്തിലേറെ കഴിഞ്ഞിട്ടും, അന്വേഷണ ഏജൻസികളുടെ പരമാവധി ശ്രമങ്ങൾ ഉണ്ടായിട്ടും ഏതാനും നൂറു കോടി രൂപയുടെ ആസ്തികൾ മാത്രമാണ് ഇതുവരെ കണ്ടുകെട്ടാൻ കഴിഞ്ഞത്. ആകെ നടന്ന തട്ടിപ്പിന്റെ ഒരു ശതമാനത്തിലും താഴെ മാത്രമാണിതെന്നാണ് നിക്ഷേപകർ പറയുന്നത്. പ്രതികൾ നിലവിൽ ഒളിവിലാണെന്നും വിവിധ വിദേശ എക്സ്ചേഞ്ചുകളിലെ കണ്ടെത്താനാകാത്ത വാലറ്റുകളിലേക്ക് ബിറ്റ്‌കോയിനുകൾ നിരന്തരം മാറ്റിക്കൊണ്ടിരിക്കുകയാണെന്നുമാണ് ഏജൻസികളുടെ റിപ്പോർട്ട്.

തട്ടിപ്പിന്റെ വ്യാപ്തിയും ഇതിൻ്റെ സാങ്കേതികരീതിയും കണക്കിലെടുത്ത് വിരമിച്ച ജഡ്ജീമാർ, അന്വേഷണ ഏജൻസി പ്രതിനിധികൾ, മന്ത്രാലയ പ്രതിനിധികൾ, സാങ്കേതിക വിദഗ്ധർ എന്നിവരടങ്ങുന്ന ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാണ് ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നത്. ഈ ആവശ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി കേന്ദ്രത്തിന്റെ നിലപാട് തേടിയത്. ഡിജിറ്റൽ അന്വേഷണം വിപുലീകരിക്കുക, അന്താരാഷ്ട്ര സഹകരണം ഉറപ്പാക്കുക, ആസ്തികൾ വീണ്ടെടുക്കുക, ഇരകൾക്ക് നഷ്ടപരിഹാരം നൽകുക, ഭാവിയിലേക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറിക്കുക എന്നതടക്കമാണ് ഹർജിക്കാരുടെ ആവശ്യം. ബിറ്റ്‌കോയിൻ ഇൻവെസ്റ്റേഴ്സ് പ്രൊട്ടക്ഷൻ സൊസൈറ്റിക്കായി അഭിഭാഷകരായ കൃഷ്ണമോഹൻ മേനോൻ, ജീവ്‌ലിൻ ജിജി, പ്രേരണ ജെയിൻ കല എന്നിവരാണ് കോടതിയിൽ ഹാജരായത്.

PREV
Read more Articles on
click me!

Recommended Stories

കിഴക്കൻ അതിർത്തിയിൽ കരുത്തുകൂട്ടാൻ ഇന്ത്യൻ സൈന്യം, സുരക്ഷാ ക്രമീകരണങ്ങൾ നേരിട്ട് വിലയിരുത്തി കരസേനാ മേധാവി
ക്ഷേത്രത്തിലെ കാണിക്കപ്പണം മോഷ്ടിക്കാൻ ശ്രമം; സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചതോടെ വിശദീകരണവുമായി ജില്ലാ ഭരണകൂടം