പിൻഗാമിയെ നിശ്ചയിക്കാൻ ദലൈലാമയെ അനുവദിക്കില്ലെന്ന് ചൈന, ഇന്ത്യ ദലൈലാമയുടെ തീരുമാനത്തിന് ഒപ്പമെന്ന് കേന്ദ്രമന്ത്രി

Published : Jul 06, 2025, 04:22 PM IST
Union Ministers Kiren Rijiju and Dalai Lama at the  birthday celebration (Photo/ANI)

Synopsis

പിൻഗാമിയെ നിശ്ചയിക്കാൻ ദലൈലാമക്ക് അധികാരമില്ല. 700 വർഷത്തെ പാരമ്പര്യത്തെ വ്യക്തിപരമാക്കാനാവില്ല. 

ദില്ലി : ടിബറ്റന്‍ ബുദ്ധമതത്തിന്റെ പാരമ്പര്യത്തിന് തുടര്‍ച്ചയുണ്ടാകില്ലെന്ന അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടാണ് പിൻഗാമിയുണ്ടാകുമെന്ന് ദലൈലാമ പ്രഖ്യാപിച്ചത്. എന്നാൽ പിൻഗാമിയെ നിശ്ചയിക്കാൻ ദലൈലാമയെ അനുവദിക്കില്ലെന്ന് ആവർത്തിക്കുകയാണ് ചൈന. പിൻഗാമിയെ നിശ്ചയിക്കാൻ ദലൈലാമക്ക് അധികാരമില്ലെന്നും 700 വർഷത്തെ പാരമ്പര്യത്തെ വ്യക്തിപരമാക്കാനാവില്ലെന്നും ഇന്ത്യയിലെ ചൈനീസ് അംബാസിഡർ സു ഫെയ് ഹോങ് വ്യക്തമാക്കി.

തനിക്ക് പിന്‍ഗാമിയുണ്ടാകുമെന്ന് പ്രഖ്യാപിച്ചതിന് ഒപ്പം ഇനിയും ഏറെ നാള്‍ ജിവിക്കാന്‍ താല്‍പര്യമുണ്ടെന്നും ദലൈലാമ വ്യക്തമാക്കിയയോടെ പിൻഗാമിയുടെ കാര്യത്തിൽ ഉടന്‍ തീരുമാനം വരാന്‍ സാധ്യതയില്ലെന്നാണ് സൂചന. ടിബറ്റിന് പുറത്ത് നിന്നുള്ള ആളാകാനുള്ള സാധ്യതയിലേക്കും ലാമ വിരല്‍ ചൂണ്ടിയിരുന്നു. മറ്റാര്‍ക്കും ഇക്കാര്യത്തില്‍ ഇടപെടാന്‍ അധികാരമില്ലെന്ന് ദലൈലാമ വ്യക്തമാക്കിയതോടെ അവകാശവാദവുമായെത്തിയ ചൈനയെ പടിക്ക് പുറത്ത് നിര്‍ത്തിക്കഴിഞ്ഞു. എന്നാൽ ഇന്ത്യ ദലൈലാമക്ക് ഒപ്പമാണ്. ലൈലാമയെടുക്കുന്ന ഏത് തീരുമാനത്തിനൊപ്പവും രാജ്യം നില്‍ക്കുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി.

ധരംശാലയില്‍ ദലൈലാമയുടെ തൊണ്ണൂറാം ജന്മദിന പരിപാടികള്‍ പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി,യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റുബിയോ തുടങ്ങിയവര്‍ ദലൈലാമക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു.

ഇന്ത്യയുടെയും ടിബറ്റിന്‍റെയും ദേശീയ ഗാനങ്ങള്‍ മുഴങ്ങിയ അന്തരീക്ഷത്തിൽ ടിബറ്റന്‍ പതാക ഉയര്‍ത്തിയതോടെയാണ് ദലൈലാമയുടെ ജന്മദിനാഘോഷത്തിന് തുടക്കമായത്. കനത്ത മഴയും മൂടല്‍ മഞ്ഞും അവഗണിച്ചാണ് ഹിമാചല്‍ മലനിരയായ ധരംശാലയിലേക്ക് ആളുകള്‍ എത്തിയത്. ഹോളിവുഡ് നടന്‍ റിച്ചാര്‍ഡ് ഗെരേയുള്‍പ്പെടയുള്ളവര്‍ ആശംസകള്‍ നേര്‍ന്ന് ലാമയുടെ അനുഗ്രഹം തേടി. സമാധാനത്തിന് വേണ്ടി ദലൈലാമ നടത്തിയ ശ്രമങ്ങളെ പരിപാടിയില്‍ സംസാരിച്ച എല്ലാവരും അഭിനന്ദിച്ചു. ദലൈലാമയുടെ സന്ദേശം മതങ്ങള്‍ക്കതീതമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസിച്ചു. ടിബറ്റന്‍ ജനതയുടെ മനുഷ്യാവകാശ പോരാട്ടങ്ങള്‍ക്കൊപ്പം അമേരിക്കയുണ്ടാകുമെന്ന് ലാമക്കയച്ച ആശംസ സന്ദേശത്തില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റുബിയോ ഉറപ്പ് നല്‍കി. 

 

 

PREV
Read more Articles on
click me!

Recommended Stories

പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണു; മലയാളി സൈനികന് വീരമൃത്യു, ഭൗതിക ശരീരം മലപ്പുറത്തെ വീട്ടിൽ എത്തിച്ചു
15കാരന്റെ മരണം, ഹെഡ്മാസ്റ്ററെയും 3 അധ്യാപകരെയും സസ്പെൻഡ് ചെയ്തു, ആത്മഹത്യാക്കുറിപ്പിൽ പേര് വന്നതോടെ വൻ പ്രതിഷേധം