
ചെന്നൈ: വിജയ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന ടിവികെയുടെ പ്രഖ്യാപനത്തോടെ 2026ൽ തമിഴ്നാട്ടിൽ ചതുഷ്കോണ പോരാട്ടത്തിന് സാധ്യതയേറി. വിജയ് മുഖ്യ എതിരാളിയായി കാണുന്ന ഡിഎംകെയ്ക്കാണ് ടിവികെയുടെ പ്രഖ്യാപനത്തിൽ കൂടുതൽ സന്തോഷം എന്നതാണ് യാഥാർത്ഥ്യം. തമിഴ്നാട്ടിൽ നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനിൽക്കെയാണ് പോരാട്ടച്ചിത്രം തെളിഞ്ഞുവരികയാണ്.
2021ൽ 13 പാർട്ടികൾ അടങ്ങിയ വലിയ മുന്നണിയുടെ തലപ്പത്തായിരുന്നു ഡിഎംകെ. എന്നാൽ, മുന്നണിയിൽ മത്സരിക്കാൻ ആറു പാര്‍ട്ടികള്‍ക്ക് മാത്രമാണ് സീറ്റ് കിട്ടിയത്. 234 അംഗ നിയമസഭയിൽ 133 സീറ്റുമായി ഡിഎംകെ തനിച്ച് കേവല ഭൂരിപക്ഷവും നേടി. സിപിഎം അടക്കം പല പാർട്ടികളും കൂടുതൽ സീറ്റ് ചോദിക്കുന്നുണ്ടെങ്കിലും ഡിഎംകെ സഖ്യത്തിൽ കാര്യമായ വിള്ളൽ പ്രതീക്ഷിക്കേണ്ട. എഐഎഡിഎംകെയും ബിജെപിയും അടങ്ങുന്ന എൻഡിഎയാണ് പ്രധാന
പ്രതിപക്ഷം. വിജയകാന്തിന്‍റെ ഡിഎംഡികെയും ജികെ വാസന്‍റെ തമിഴ് മാനിലയും കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്നിട്ടുണ്ട്. ടിടിവി ദിനകരനെയും ഒപിഎസ്സിനെയും എൻഡിഎയിൽ എത്തിക്കാൻ ശ്രമം ഊർജ്ജിതമാണ്. വണ്ണിയാർ സമുദായ പാർട്ടിയായ പിഎംകെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയിൽ ആയിരുന്നെങ്കിലും ഇപ്പോൾ അച്ഛൻ രാമദാസും മകൻ അൻപുമണിയും തമ്മിൽ പരസ്യപ്പോരിലാണ്.
വിജയ് നയിക്കുന്ന ടിവികെ മൂന്നാം മുന്നണിക്കുള്ള ശ്രമത്തിലാണ്. എന്നാൽ, നിലവിൽ നാലാൾ അറിയുന്ന പാർട്ടിയൊന്നും ടിവിക്കെക്ക് ഒപ്പമില്ല. എങ്കിലും വിജയ്ക്ക് 10 ശതമാനത്തിലധികം വോട്ട് പിടിക്കാൻ കഴിയുമെന്നാണ് മിക്ക പ്രവചനങ്ങളും.
സീമാൻ നയിക്കുന്ന തീവ്ര തമിഴ് പാർട്ടിയായ നാം തമിഴർ കക്ഷി കഴിഞ്ഞ ലോക്സഭ തെരഞഞെടുപ്പിൽ എട്ടു ശതമാനത്തിലധികം വോട്ട് നേടിയിരുന്നു.സീമാനെ ബിജെപി പാളയത്തിലെത്തിക്കാൻ പിൻവാതിൽ ചർച്ചകൾ ഉണ്ടെങ്കിലും എല്ലാ സീറ്റിലും തനിച്ച് മത്സരിക്കുമെന്നാണ് സീമാൻ ആവർത്തിക്കുന്നത്.
സീമാൻ നിലപാട് മാറ്റിയില്ലെങ്കിൽ തമിഴ്നാട്ടിൽ അടുത്ത വർഷം ചതുഷ്കോണ പോരാട്ടം സംഭവിക്കും. 2016ൽ ജയലളിത മുഖ്യമന്ത്രിയായിരിക്കെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുമായാണ് പലരും 2026നെ ഇപ്പോൾ തന്നെ താരതമ്യം ചെയ്യുന്നത്. അന്നും ചതുഷ്കോണ പോരാട്ടമുണ്ടായി. ഭരണവിരുദ്ധ വോട്ടുകൾ ചിതറിപ്പോയപ്പോൾ ജയലളിത അധികാരം നിലനിർത്തി. 2026ൽ സ്റ്റാലിനും ആ ഭാഗ്യം ലഭിക്കുമോയെന്നറിയാൻ കാത്തിരിക്കാം.