22 കുരുന്നുകളുടെ ജീവനെടുത്ത വിഷമരുന്ന് ഡോക്ടർ വെറുതേ കുറിച്ചതല്ല, കൈനീട്ടി വാങ്ങിയത് ഓരോ ബോട്ടിലിനും 10% കമ്മീഷൻ; മധ്യപ്രദേശ് പൊലീസിന്‍റെ കണ്ടെത്തൽ

Published : Oct 15, 2025, 08:26 PM IST
Killer Cough Syrup

Synopsis

കാഞ്ചീപുരത്തെ ശ്രേഷൻ ഫാർമയാണ് ഡോക്ടർക്ക് കമ്മീഷൻ നൽകിയത്. ഒരു ബോട്ടിലിന് 2.54 രൂപ വീതമാണ് ഡോക്ടർക്ക് കമ്മീഷൻ നൽകിയിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി. 24.54 രൂപക്കാണ് വിപണിയിൽ ഈ മരുന്ന് ലഭ്യമാക്കിയിരുന്നത്

ഭോപ്പാൽ: മധ്യപ്രദേശിൽ 22 കുരുന്നുകളുടെ ജീവൻ നഷ്ടപ്പെടുത്തിയ വിഷ മരുന്ന് ദുരന്തത്തിൽ ഡോക്ടർക്കെതിരെ പൊലീസിന്‍റെ നിർണായക കണ്ടെത്തൽ. കോൾഡ്രിഫ് കഫ്സിറപ്പ് കുട്ടികൾക്ക് നൽകാൻ നിർദേശിച്ച ഡോക്ടർ പത്ത് ശതമാനം കമ്മീഷൻ കൈപ്പറ്റിയെന്നാണ് മധ്യപ്രദേശ് പൊലീസ് കണ്ടെത്തിയത്. സെഷൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പൊലീസ് വ്യക്തമാക്കിയത്. പ്രവീൺ സോണിയെന്ന ഡോക്ടറാണ് കമ്മീഷൻ കൈപ്പറ്റി കോൾഡ്രിഫ് കഫ്സിറപ്പ് കുട്ടികൾക്ക് കുറിച്ചത്. ഇയാൾ ഓരോ ബോട്ടിലിനും പത്ത് ശതമാനം വീതം കമ്മീഷൻ കൈപ്പറ്റിയെന്ന നിർണായക കണ്ടെത്തലാണ് പോലീസ് കോടതിയെ അറിയിച്ചത്. കോൾഡ്രിഫ് കഫ്സിറപ്പ് നിർമ്മിച്ച കാഞ്ചീപുരത്തെ ശ്രേഷൻ ഫാർമയാണ് ഡോക്ടർക്ക് കമ്മീഷൻ നൽകിയത്. ഒരു ബോട്ടിലിന് 2.54 രൂപ വീതമാണ് ഡോക്ടർക്ക് കമ്മീഷൻ നൽകിയിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി. 24.54 രൂപക്കാണ് വിപണിയിൽ ഈ മരുന്ന് ലഭ്യമാക്കിയിരുന്നത്.

പൊലീസിന്‍റെ നിർണായക കണ്ടെത്തലുകൾ

ദുരന്ത കാരണമായ കോൾഡ്രിഫ് കഫ്സിറപ്പിന്റെ എസ് ആർ പതിമൂന്ന് ബാച്ച് ചിന്ത്വാരയിൽ വിതരണം ചെയ്ത മെഡിക്കൽ ഷോപ്പും, മരുന്ന് മൊത്തത്തിൽ ശേഖരിച്ച് സൂക്ഷിച്ചതും ഡോക്ടർ പ്രവീൺ സോണിയുടെ ബന്ധുവാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിഷമരുന്ന് ദുരന്തത്തിൽ അറസ്റ്റിലായ ഡോക്ടറുടെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് പൊലീസ് കോടതിയിൽ ഹാജരാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വിവരിച്ചിട്ടുള്ളത്. നാല് വയസിൽ താഴെയുള്ള കുട്ടികൾക്ക് ഇത്തരം മരുന്നുകളൊന്നും നൽകരുതെന്ന സർക്കാറിന്റെ കർശന നിർദേശം നിലനിൽക്കേ മരുന്ന് കുറിച്ച് നൽകിയത് ​ഗുരുതര കുറ്റമാണെന്നും പൊലീസ് കോടതിയിൽ ചൂണ്ടിക്കാട്ടി. ഡോക്ടറുടെ അറസ്റ്റിനെതിരെ ആരോ​ഗ്യപ്രവർത്തകരുടെ വിവിധ സംഘടനകൾ പ്രതിഷേധം ശക്തമാക്കുമ്പോഴാണ് നിർണായക വിവരങ്ങൾ പൊലീസ് പുറത്തുവിടുന്നത്.

3 കഫ്സിറപ്പുകളിൽ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

അതിനിടെ ഇന്ത്യയിൽ മൂന്ന് കഫ്സിറപ്പുകളിൽ വിഷാംശം കണ്ടെത്തിയെന്ന് വ്യക്തമാക്കിക്കൊണ്ട് ലോകാരോ​ഗ്യ സംഘടന മാർ​ഗനിർദേശം പുറത്തിറക്കി. ശ്രേഷൻ ഫാർമ നിർമ്മിച്ച കോൾഡ്രിഫ് കൂടാതെ, ​ഗുജറാത്തിൽ റെഡ്നെസ് ഫാർമസ്യൂട്ടിക്കൽസ് നിർമ്മിച്ച റെസ്പിഫ്രെഷ്, ഷേപ് ഫാർമ നിർമ്മിച്ച റീലൈഫ് എന്നീ മരുന്നുകളിലാണ് ഡൈത്തിലീൻ ​ഗ്ലൈക്കോൾ കണ്ടെത്തിയത്. മരുന്ന് രാജ്യത്തുനിന്നും കയറ്റുമതി ചെയ്തിട്ടില്ലെന്ന് ഇന്ത്യ ലോകാരോ​ഗ്യ സംഘടനയെ അറിയിച്ചിരുന്നു. എന്നാലും അനധികൃത മാർ​ഗങ്ങളിലൂടെ പുറത്തെത്താനുള്ള സാഹചര്യം അടക്കം പരി​ഗണിച്ചാണ് ലോകാരോ​ഗ്യ സംഘടന മാർ​ഗനിർദേശം പുറത്തിറക്കിയത്. കഴിച്ചാൽ ജീവന് പോലും ഭീഷണിയാകുന്ന ഈ മരുന്നുകൾ എവിടെയെങ്കിലും കണ്ടെത്തിയാൽ ഉടൻ വിവരമറിയിക്കാനും, കർശന ജാ​ഗ്രത പുലർത്താനും മുന്നറിയിപ്പിലുണ്ട്.

PREV
Read more Articles on
click me!

Recommended Stories

പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണു; മലയാളി സൈനികന് വീരമൃത്യു, ഭൗതിക ശരീരം മലപ്പുറത്തെ വീട്ടിൽ എത്തിച്ചു
15കാരന്റെ മരണം, ഹെഡ്മാസ്റ്ററെയും 3 അധ്യാപകരെയും സസ്പെൻഡ് ചെയ്തു, ആത്മഹത്യാക്കുറിപ്പിൽ പേര് വന്നതോടെ വൻ പ്രതിഷേധം