
ദില്ലി: ആഗോള ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ അതിവേഗം മാറുന്നതിനിടെ, ഇന്ത്യയും ജപ്പാനും തമ്മിലുള്ള നയതന്ത്ര-സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കാൻ നിർണായക നീക്കം. ഊർജ്ജ സുരക്ഷ, സെമികണ്ടക്ടർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ തന്ത്രപ്രധാന മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലിള്ള സംയുക്ത സഹകരണ കരാറുകളും ഒപ്പുവെക്കും. ഇതിനായി ജാപ്പനീസ് പ്രധാനമന്ത്രി സനയ് തക്കയിച്ചി ഇന്ന് വൈകിട്ട് ദില്ലിയിലെത്തും. നാളെ രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. സുസുക്കി മോട്ടോഴ്‌സ് ചെയർമാൻ തോഷിഹിരോ സുസുക്കി ഉൾപ്പെടെയുള്ള ജപ്പാനിലെ പ്രമുഖ വ്യവസായ പ്രമുഖരും ജാപ്പനീസ് പ്രധാനമന്ത്രിക്കൊപ്പമുള്ള ഉന്നതതല സംഘത്തിലുണ്ട്.
ഊർജ്ജ സുരക്ഷ, സെമികണ്ടക്ടർ നിർമ്മാണം, എ.ഐ സാങ്കേതികവിദ്യ എന്നീ മേഖലകളിൽ വൻകിട സംയുക്ത സംരംഭങ്ങൾ ആരംഭിക്കുന്നതിനെക്കുറിച്ച് ഇരു നേതാക്കളും ചർച്ച നടത്തും. ഇൻഡോ-പസഫിക് സഖ്യം ചൈനയുടെ കടന്നുകയറ്റങ്ങൾ പ്രതിരോധിക്കാൻ ഇരുരാജ്യങ്ങളുടെയും സംയുക്ത നീക്കങ്ങൾ കൂടുതൽ ശക്തമാക്കും.അമേരിക്കൻ സഹകരണം എങ്ങനെയെന്നത് കണക്കിലെടുക്കാതെ ഇൻഡോ പസഫിക് മേഖലയിൽ ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുമായി ചേർന്നുള്ള സഖ്യം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് ഇന്ത്യയുടെ തീരുമാനം. ഇതിന്റെ തുടർച്ചയായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഓസ്‌ട്രേലിയ സന്ദർശിക്കുന്നുണ്ട്.വ്യാപാര-പ്രതിരോധ മേഖലകളിൽ ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധത്തിൽ ഒരു പുതിയ അധ്യായത്തിന് കൂടിയാകും നാളത്തെ ഉഭയകക്ഷി ചർച്ചകൾ സാക്ഷ്യം വഹിക്കുക.